Features

തീറ്റപ്പുല്‍ വിപ്ലവവുമായി ക്ഷീരവകുപ്പ്

theettapul

ക്ഷീരോല്‍പാദനത്തിന്റെ അനുബന്ധ തൊഴിലെന്നതിനപ്പുറം പശുവില്ലാത്തവര്‍ക്കും വരുമാനമേകുന്ന വിളയായി തീറ്റപ്പുല്ല് കൃഷിമാറുകയാണ്. വേനല്‍ കനക്കുന്നതോടെ ക്ഷീര കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയായ തീറ്റപ്പുല്‍ ക്ഷാമത്തെ മറികടക്കാന്‍ ക്ഷീരവകുപ്പ് തരിശ് നില തീറ്റപ്പുല്‍ കൃഷിയിലേക്കിറങ്ങിയിരിക്കുകയാണ്. തരിശ് നില തീറ്റപ്പുല്‍ കൃഷി നടത്തുന്ന കര്‍ഷകര്‍ക്ക് ഒരു ഹെക്ടര്‍ സ്ഥലത്ത് കൃഷി നടത്താന്‍ ബ്ലോക്ക് തലത്തില്‍ ക്ഷീര വകുപ്പ് നല്‍കുന്നത് 93000 രൂപയാണ്. പച്ചപ്പുല്‍ ഉത്പാദനത്തിലൂടെ ക്ഷീര കര്‍ഷകരുടെ ചെലവ് ഗണ്യമായി കുറക്കുക, യന്ത്രവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കി വാണിജ്യാടിസ്ഥാനത്തില്‍ തീറ്റപ്പുല്‍ കൃഷി വ്യാപിപ്പിക്കുക, ഉത്പാദന ക്ഷമതയും പോഷക ഗുണവുമുള്ള നൂതന തീറ്റപ്പുല്‍ ഇനങ്ങള്‍ കര്‍ഷകരിലേക്ക് എത്തിക്കുക, സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകര്യ വ്യക്തികള്‍ എന്നിവരുടെ കൈവശമുള്ള തരിശ്ശ് നിലങ്ങളില്‍ തീറ്റപ്പുല്‍ കൃഷി നടത്തുക, തീറ്റപ്പുല്‍ കൃഷിയുടെ പ്രാധാന്യവും പ്രസക്തിയും പൊതുജനങ്ങളെ അറിയിക്കുക, തീറ്റപ്പുല്‍ വിപണി സൃഷ്ടിച്ച് കൃഷിചെയ്യാന്‍ സ്ഥലമില്ലാത്ത കര്‍ഷകര്‍ക്കും സഹായം ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.കാസർകോട് ജില്ലയില്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 10 ഹെക്ടര്‍ സ്ഥലത്തും 2018-19 സാമ്പത്തിക വര്‍ഷത്തില്‍ അഞ്ച് ഹെക്ടര്‍ സ്ഥലത്തും തീറ്റപ്പുല്‍ കൃഷി വിജയകരമായി നടപ്പാക്കി കഴിഞ്ഞു.

കാറഡുക്കയിലെ തീറ്റപ്പുല്‍ സംരംഭകനായി ജോസഫ് അഗസ്റ്റിന്‍
കാറഡുക്ക ബ്ലോക്കിനു കീഴില്‍ കരിവേടകത്തെ ആലുങ്കല്‍ ജോസഫ് അഗസ്റ്റിനെയാണ് 2019-20 വര്‍ഷത്തെ തീറ്റപ്പുല്‍ സംരംഭകനായി തിരഞ്ഞെടുത്തത്. കരിവേടകം ആനക്കല്ലിനടുത്ത് ഒരു ഹെക്ടര്‍ സ്ഥലത്ത് തീറ്റപ്പുല്‍ കൃഷി നടത്തുന്ന ജോസഫ് അഗസ്റ്റിന്‍ ആറ് വര്‍ഷമായി ക്ഷീര കര്‍ഷക മേഖലയില്‍ സജീവമാണ്. അഞ്ച് പശുക്കളുമായി തുടങ്ങിയ ജോസഫ് ബ്ലോക്കില്‍ നിന്ന് അഞ്ച് പശുക്കളെ കൂടി ലഭിച്ചതോടെ പത്ത് പശുക്കളുള്ള മുഴുവന്‍ സമയ ക്ഷീര കര്‍ഷകനായി മാറി. ഇന്ന് പശുക്കളും കന്നുകുട്ടികളുമടക്കം 35 പശുക്കളുടെ ഉടമയായി ബ്ലോക്കില്‍ ഏറ്റവും അധികം പാല്‍ അളക്കുന്ന കര്‍ഷകനാണ് ജോസഫ്. തന്റെ ഫാമിലുള്ള പശുക്കള്‍ക്ക് വേണ്ടിയാണ് ജോസഫ് തീറ്റപ്പുല്‍ കൃഷിയിലേക്ക് തിരിഞ്ഞത്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്നും തീറ്റപ്പുല്‍ കൃഷിക്ക് 93000 രൂപ സബ്സിഡി ലഭിച്ചത് തനിക്ക് വലിയ ആശ്വാസമായെന്നും ജോസഫ് അഗസ്റ്റിന്‍ പറയുന്നു.

തീറ്റപ്പുല്‍ സംരംഭകനാകാം

സ്വന്തമായ ആവശ്യത്തിന് ഉപയോഗിച്ച ശേഷം മിച്ചം വരുന്ന പച്ചപ്പുല്ല് മറ്റ് ക്ഷീരകര്‍ഷകര്‍ക്ക് കിലോ അടിസ്ഥാനത്തില്‍ വിറ്റ് ആദായം നേടാം. കീടങ്ങളുടെ നിയന്ത്രണം ആവശ്യമില്ലാത്ത തീറ്റപ്പുല്‍ കൃഷിക്ക് അടിവളവും മേല്‍വളവും വെള്ളവുമാണ് പ്രധാനമായി വേണ്ടത്. പുല്‍കൃഷിക്ക് ആനുകൂല്യം ലഭിക്കുന്ന ഗുണഭോക്താവിന്റെ കൃഷിയിടത്തില്‍ ഓരോഘട്ടത്തിലും ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് സ്ഥിതി ഗതികള്‍ വിലയിരുത്തും. തീറ്റപ്പുല്‍കൃഷിക്ക് ക്ഷീര വകുപ്പ് നല്‍കുന്ന ആനുകൂല്യത്തിനായി അപേക്ഷകര്‍ കൃഷി സ്ഥലത്തിന്റെ കരം അടച്ച റസീത്, ആധാര്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പികള്‍, 180 രൂപ രജിസ്ട്രേഷന്‍ ഫീസ് എന്നിവയോടൊപ്പം 200 രൂപയുടെ മുദ്ര പത്രത്തില്‍ മൂന്ന് വര്‍ഷത്തെ പരിപാലനം ഉറപ്പ് നല്‍കണമെന്നും കൃഷി ചെയ്ത ഭൂമിയില്‍ പദ്ധതിയുടെ പേര്, വര്‍ഷം, ഗുണഭോക്താവിന്റെ പേര്, യൂണിറ്റ് പേര് വിസ്തൃതി എന്നിവ എഴുതിയ ബോര്‍ഡിനൊപ്പം ഗുണഭോക്താവും നില്‍ക്കുന്ന ഫോട്ടോയും ബ്ലോക്കില്‍ സമര്‍പ്പിക്കണം.


English Summary: Diary Department's grass revolution

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine