നാട്ടിൽ നദീതീരത്തും തോട്ടുവരമ്പിലും ഇടതൂർന്നു വളർന്നിരുന്ന കൈതയെ ഓർമ്മയുണ്ടോ ?കേരളത്തിൻറെ ജൈവവൈവിധ്യപ്പെരുമയിലെ സജീവമായ ഒരേടാണ് കൈതയുടേത്.
തീരപ്രദേശങ്ങളിലാണ് ഇത് കൂട്ടമായി വളർന്നിരുന്നത് ;ഊന്നുവേരുകൾ മണ്ണിൽ ഉറപ്പിച്ചു നിർത്തുന്ന തടിയുടെ അഗ്രഭാഗത്തായി കൂട്ടംകൂടി ക്രമീകരിച്ചിരിക്കുന്ന ഇലകൾ നിറഞ്ഞ ഈ സവിശേഷ സസ്യം ആറ്റിറമ്പിലെ ഹരിതഭംഗി ആയിരുന്നു. "ആറ്റുകൈത" എന്നും "സ്ക്രൂ പൈൻ" (Screw Pine) എന്നും ഇതിനു പേരുണ്ട്.
രണ്ടു മീറ്റർ വരെ ഉയരത്തിൽ ഇത് വളരും.മുള്ളരികുകളോടെ ,വീതി കുറഞ്ഞു ഏതാണ്ട് അര മീറ്റർ നീളമുള്ള കൈതയിലകൾ നാരുസമൃദ്ധമാണ്.കൈതയോലയുടെ മുള്ളു കളഞ്ഞു ഉണക്കിയെടുക്കുന്നതാണ് "തഴ". കൈതയോല കൊണ്ട് നെയ്തെടുക്കുന്ന തഴപ്പായയ്ക്ക് എന്നും വിപണിയിൽ വൻ ഡിമാൻഡാണ്.പായ,കുട്ട ,വട്ടി ,തൊപ്പി ,കുട തുടങ്ങിയവ നിർമിക്കാനും പുര മേയാനും കൈതയോല നന്ന്.
കൈതയുടെ ആൺപൂക്കൾക്ക് സ്വർണമഞ്ഞ നിറവും നല്ല വാസനയുമാണ്.ചെറുതും വലുതുമായ കുലകളായി ഇലയിടുക്കുകളിലാണ് പൂക്കൾ തലനീട്ടുക.ആൺപൂങ്കുലകളെ പൊതിഞ്ഞിരിക്കുന്ന മഞ്ഞ നിറം കലർന്ന ഇലപോലുള്ള ഭാഗമാണ് സുപരിചിതയായ "താഴമ്പൂ"! ഇതിൽ നിന്ന് പരിമള തൈലം വേർതിരിച്ചെടുക്കാം.
തെക്കുകിഴക്കൻ ഏഷ്യയിലും ശ്രീലങ്കയിലും ഇന്നും ഇത് വാണിജ്യ വിളയാണ്.ഇവിടെ മാതൃസസ്യത്തിൽ നിന്ന് വേരോടെ വേർപെടുത്തിയെടുക്കുന്ന കന്നുകൾ മൂന്നു മുതൽ ആറു മീറ്റർ വരെ അകലത്തിൽ നട്ടുപിടിപ്പിക്കുന്നു.ചെടി പൂക്കാൻ നാലഞ്ചു വർഷം വേണം.40 -50 വർഷം വരെ പുഷ്പിക്കും.ഒരു വർഷം ഒരു ചെടിയിൽ നിന്ന് 50 പൂക്കൾ വരെ കിട്ടും .ഒരു ആൺപൂവ് വിളയാൻ 15 ദിവസം വേണം.അതിരാവിലെ ആണ് പൂക്കൾ ഇറുക്കേണ്ടത്.ശേഖരിക്കുന്ന പൂക്കൾ രാവിലെ വലിയ ചെമ്പുപാത്രത്തിലാക്കി സുഗന്ധതൈലം വേർതിരിക്കാൻ സ്വേദനം ചെയ്യുന്നു.60 ലിറ്റർ വെള്ളം നിറച്ച ചെമ്പുപാത്രത്തിൽ ഒരു സമയം ആയിരം പൂക്കൾ നാലഞ്ചു മണിക്കൂർ കൊണ്ട് സ്വേദനം നടത്തിയെടുക്കാൻ കഴിയും.
ഈ സുഗന്ധതൈലം അമൂല്യവും അത്തർ നിർമാണത്തിന് അവിഭാജ്യചേരുവയുമാണ്. കൈതയോലയയ്ക്കും താഴമ്പൂവിനും ഇതര ഉപയോഗങ്ങൾ ഏറെ.പാചകാവശ്യത്തിന് ,നമുക്ക് കറിവേപ്പിലയും വിദേശികൾക്ക് വാനിലയും പോലെയാണ് മലേഷ്യൻ പാചകത്തിൽ പാചകത്തിൽ കൈതയോല.ചോറ് ,കറി ,പുഡ്ഡിംഗ് ഇവയ്ക്കു സുഗന്ധം പകരാൻ ഇതുപയോഗിക്കുന്നു.വാഴയിലയിൽ പൊതിഞ്ഞു മീൻ പൊള്ളിക്കുന്നതു പോലെ കൈതയോലയിൽ പൊതിഞ്ഞു മലേഷ്യയിലും ഇന്തോനേഷ്യയിലും മീനും കോഴിയിറച്ചിയും ഒക്കെ പൊള്ളിച്ചും ഗ്രിൽ ചെയ്തും ഉപയോഗിക്കാറുണ്ട്.ഔഷധമേന്മയിലും ഒട്ടും പിന്നിലല്ല കൈതച്ചെടി.വിവിധ ജീവകങ്ങൾ ,ധാതുലവണങ്ങൾ ,നിരോക്സീകാരകങ്ങൾ തുടങ്ങിയവ കൈതയോലയിൽ സമൃദ്ധമായി അടങ്ങിയിരിക്കുന്നു.സന്ധിവാതം ,തലവേദന ,ചെവിവേദന ,എന്നിവയുടെ ചികിത്സയിലും ഹൃദ്രോഗ പ്രതിരോധത്തിലും ചർമാരോഗ്യം സംരക്ഷിക്കുന്നതിലും രക്തത്തിലെ പഞ്ചസാരയുടെ തോത് ക്രമീകരിക്കുന്നതിലും ഒക്കെ കൈത ഉപകാരിയാണ്.വിയറ്റ്നാമിൽ കാർ ഡ്രൈവർമാർ കാറിനുള്ളിൽ സുഗന്ധം കിട്ടാൻ വേണ്ടി എയർ ഫ്രഷ്നെർ ആയി കൈതയില ഉപയോഗിക്കുക പതിവാണ്.
കേരളത്തിൻറെ പരമ്പരാഗത കൈത്തൊഴിലുകളിൽ പ്രമുഖമായിരുന്നു തഴപ്പായ് നിർമാണം.മെത്തപ്പായ് എന്നും പേരുള്ള തഴപ്പായ് ഏറെ നാൾ ഈടു നിൽക്കുക മാത്രമല്ല കിടക്കുമ്പോൾ ശരീരസൗഖ്യം തരുകയും ചെയ്തിരുന്നു.
-സുരേഷ് മുതുകുളം ,പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ(റിട്ട:),ഫാം ഇൻഫർമേഷൻ ബ്യൂറോ,കൃഷി വകുപ്പ് ,തിരുവനന്തപുരം ;94463036909
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
വീട്ടുമുറ്റത്തെ പല്ലുവേദനച്ചെടി