Health & Herbs

ആരോഗ്യപരിപാലനം മുതൽ ഗൃഹശുചീകരണം വരെ ഒറ്റക്ക് ചെയ്യും ഈ ഇത്തിരിക്കുഞ്ഞൻ...

പ്രിയങ്ക മേനോൻ

പ്രിയങ്ക മേനോൻ

മഷിത്തണ്ട്

മഷിത്തണ്ട്

ഗൃഹാതുരത്വം ഉണർത്തുന്ന ഓർമകളിലേക്ക് ഒരു മടക്കമാണ് മഷി തണ്ട്. നമ്മുടെ ബാല്യകാല സ്മരണകളെ  ഇത്രേമേൽ തഴുകി ഉണർത്തുന്ന മറ്റൊരു സസ്യം ഇല്ലെന്നു തന്നെ പറയാം. സ്ലേറ്റും പെൻസിലും മഷിത്തണ്ടും  ആയി ഇടവഴികളിലൂടെ വിദ്യാലയങ്ങളിലേക്ക് ഉള്ള  ഒരു ഓട്ടവും, അതിന്റെ വണ്ണമുള്ള തണ്ട് എടുത്തു കയ്യിലിട്ട് തിരുമ്മി ഊതി വീർപ്പിച്ചു നെറ്റിയിലും താടിയിലും തട്ടി ശബ്‌ദം ഉണ്ടാക്കുന്ന കുട്ടികൗതുകവുമെല്ലാം മുതിർന്നവരുടെ മനം നിറക്കുന്ന ഓർമ്മകളാണ്. മുതിർന്നവർ പറയുന്നതുകേൾക്കാം അവർ കച്ചവടത്തിന്റെ അല്ലെങ്കിൽ കൈമാറ്റ വ്യവസ്ഥയുടെ ആദ്യഅദ്ധ്യായങ്ങൾ  പഠിച്ചത്  മഷിത്തണ്ടിൽ നിന്നാണെന്ന്. എന്തെന്നാൽ ഇത് കൊടുത്തു പകരം  മിട്ടായിയും, പെൻസിലുമൊക്കെ വാങ്ങിയ ഒരു കാലം അവർക്ക് ഉണ്ടായിരുന്നു.  മഷിത്തണ്ടിന് ആ പ്രതാപകാലം നഷ്ട്ടപ്പെട്ടുവെന്ന് മാത്രമല്ല കാലം അതിനെ മനുഷ്യമനസ്സിൽ നിന്ന് തന്നെ മായ്ച്ചുകളഞ്ഞിരിക്കുന്നു. നഗരമെന്നോ നാട്ടിന്പുറമെന്നോ വ്യത്യസമില്ലാതെ ഏതു ഈര്പ്പമുള്ള മണ്ണിലും ഇതിനെ കാണാം. കൂട്ടമായി വളരുന്ന ഈ സസ്യം നയനമനോഹരമാണ്. ഈ ഇത്തിരി കുഞ്ഞൻ പലതിലും കേമൻ തന്നെ. അഴുക്ക് പുരണ്ട സ്ലേറ്റ് വൃത്തിയാക്കുമെന്ന് മാത്രമല്ല ആഹാരപദാർത്ഥമായും,വേദന സംഹാരിയായും, അലങ്കാരസസ്യമായും ഈ സസ്യത്തെ ഉപയോഗപ്പെടുത്താം. ഇതൊരു ഔഷധസസ്യമാണെന്ന് നമ്മുടെ നാട്ടിൽ പലർക്കും അറിയില്ല.

മഷിത്തണ്ട്

മഷിത്തണ്ട്

വെള്ളത്തണ്ട്, വെറ്റില പച്ച, കണ്ണാടി പച്ച, മഷിപ്പച്ച, മക പച്ച, കോലുമഷി, വെള്ളംകുടിയൻ അങ്ങനെ പലവിധ നാമങ്ങളിലാണ് ഈ സസ്യം കേരളത്തിൽ അങ്ങോളമിങ്ങോളം അറിയപ്പെടുന്നത്. "പേപ്പറൊമിയ പെലുസിഡ" എന്നാണ് ശാസ്ത്രീയ നാമം. സിൽവർ ബുഷ്,  പെപ്പർ എൽഡർ പ്ലാന്റ്, ഷൈനിങ് ബുഷ് പ്ലാന്റ് എന്നിങ്ങനെ വിദേശരാജ്യങ്ങളിലും അറിയപ്പെടുന്നത് ഈ സസ്യം തന്നെ. ഏഷ്യാ ഭൂഖണ്ഡത്തിൽ മാത്രമല്ല വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലും ഈ സസ്യം ധാരാളമായി കണ്ടുവരുന്നു. ഇന്ത്യയിൽ പ്രത്യേകിച്  കേരളത്തിലെ കാലാവസ്ഥ ഇതിന്റെ വളർച്ചക്ക് ഏറെ ഗുണപ്രദമാണ്. പരന്ന വേരുകളും ഹൃദയാകൃതിയിലുള്ള ഇലകളും ആണ് ചെടിയുടെ സവിശേഷത. ഉഷ്ണ, ഉപേഷേണ മേഖലകളിൽ ഇവ ധാരാളമായി കണ്ടുവരുന്നു. 15 cm മുതൽ 45 cm വരെ ഉയരം ഈ ചെടി കൈവരിക്കും.ഒരു വർഷം മാത്രമാണ് ജീവിതചക്രം. ജലാംശം ധാരാളമുള്ളതിനാൽ തണ്ടുകൾ വളരെ നേർത്തതാണ്. അതുകൊണ്ട് തന്നെ പെട്ടെന്ന് പൊട്ടിപ്പോവുകയും ചെയ്യുന്നു. മഷിത്തണ്ടിന്റെ വിത്തുകൾ പൊട്ടു പോലെ ഉയർന്നു നിൽക്കുന്ന തണ്ടിൽ നിറഞ്ഞു നില്കുന്നത് കാണാം. ഈ വിത്തുകൾക്ക് പച്ച കടുക് ഞെരിക്കുമ്പോൾ ഉണ്ടാവുന്ന പോലെയുള്ള ഗന്ധമാണ്.

മഷിത്തണ്ട്

മഷിത്തണ്ട്

സസ്യങ്ങൾ ജലം ആഗിരണം ചെയ്യുമെന്ന തത്വം നാം ആദ്യം തിരിച്ചറിയുന്നത് മഷിത്തണ്ടിൽ നിന്നാണ്. മഷിയിൽ ഇതിന്റെ തണ്ട് മുക്കിവെച്ചാൽ അത് ആ നിറത്തെ വലിച്ചു എടുക്കുന്നത് കാണാം. പല വീടുകളിലും ഇന്ന് ഇതിന്റെ സ്ഥാനം അലങ്കാര സസ്യത്തിന്റെ കൂട്ടത്തിലാണ്. വായുവിനെ ശുദ്ധീകരിക്കാൻ കഴിവുള്ളതിനാൽ വീടിന്റെ അകത്തളകളിൽ ഇത് വെച്ച്പിടിപ്പിക്കുന്നത് ഏറെ നല്ലതാണ്.അകത്തളങ്ങൾക്ക് മനോഹാരിത ചാർത്താമെന്ന് മാത്രമല്ല നമ്മുടെ വീടിനുള്ളിൽ ശുദ്ധവായു സഞ്ചാരം സാധ്യമാക്കുകയും ചെയ്യും. ഇതിന്റെ ഇലയും തണ്ടും ചേരുന്ന തോരൻ അതിസ്വാദിഷ്ടവും  ആരോഗ്യഗുണങ്ങളാൽസമ്പന്നവുമാണ്. ഇത് ഒരു ഉത്തമ വേദന സംഹാരികൂടിയാണ്. മഷിത്തണ്ടിന്റെ ഇലയും തണ്ടും പിഴിഞ്ഞ് കുഴമ്പുരൂപത്തിലാക്കി നെറ്റിത്തടത്തിൽ വെച്ചാൽ തലവേദന പമ്പകടത്താം. വൃക്കരോഗങ്ങൾ മാറ്റാൻ ഇത് പ്രയോജനപ്പെടുത്തുന്നവരും ഉണ്ട്. ഇതിൽ പ്രകൃതിയാൽ അടങ്ങിയിരിക്കുന്ന 'ഫൈറ്റോൾ' ഘടകംവീടിനുള്ളിലെ ഏതൊരു അഴുക്കും മാറ്റാൻ ഉപയോഗപ്രദമാണ്. ചെടിയുടെ വേര് കളഞ്ഞു കുഴുമ്പുരൂപത്തിലാക്കി ഉപയോഗിക്കുന്നത് ഏറെ പ്രയോഗ്യകരമായ രീതിയാണ്. വേനൽകാലകളിൽ ഇതിന്റെ ഇലയും തണ്ടും ജ്യൂസ് ആക്കി ഉപയോഗിക്കുന്നത് ശരീരത്തിലെ ചൂട് കുറക്കുകയും, നമുക്ക് ഉന്മേഷം പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഇതിന് സൗന്ദര്യസംരക്ഷണ രംഗത്തും പ്രാധാന്യം ഏറെയാണ്. ഇത് ഫെയ്സ്  പാക്ക് ആയി ഉപയോഗിക്കാം. മുഖക്കുരു പോലുള്ള ചർമ വൈകല്യങ്ങളെ തടയാനുള്ള കഴിവുണ്ട് ഇവയ്ക്ക്. ആമസോൺ മേഖലയിലും, ഗയാനയിലും ചുമ മാറാനുള്ള ഔഷധമായി ഇത് ഉപയോഗിച്ചുവരുന്നു. യൂറിക് ആസിഡിന്റെ അളവ് കുറക്കുവാൻ ഫിലിപ്പീൻസിൽ ഇതിന്റെ ഉപയോഗം കൂടുതലാണ്. വടക്ക് കിഴക്ക് ബ്രസീലിൽ കൊളസ്ട്രോൾ കുറക്കുവാനും ഇത് ഉപയോഗിക്കുന്നു. ഇതിൽ നിന്നെല്ലാം ഇതിന്റെ പ്രാധാന്യം നമുക്ക് മനസിലാക്കാം അല്ലോ. ആഗോള വിപണിയിലെ ഇതിന്റെ വില കേട്ടാൽ മലയാളികൾക്ക് അതൊരു ഞെട്ടൽ ആയിരിക്കും. മഷി തണ്ടിന്റെ പ്രാധാന്യം മനസിലാക്കി തിരിച്ചു പിടിക്കാം ആ പ്രതാപകാലത്തെ....

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വീട്ടുമുറ്റത്തെ പല്ലുവേദനച്ചെടി


English Summary: Peperomia pellucida

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine