വീട്ടിലെ പച്ചക്കറിത്തോട്ടത്തിൽ നിന്നും മികച്ച വിളവ് ലഭിക്കണമെങ്കിൽ, നല്ല വിത്തിനങ്ങളും തെരഞ്ഞെടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഗാർഹിക കൃഷിയ്ക്ക് അനുയോജ്യമായ വിത്തിനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
1. പയര്‍
ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന പച്ചക്കറിയാണ് പയർ. എന്നാൽ, ഈ വിളയ്ക്ക് ഏറ്റവും അനുയോജ്യം ഓഗസ്റ്റ്- സെപ്തംബർ മാസമാണെന്ന് പറയാം. മഴക്കാലത്ത് പൊതുവെ ഇവ തഴച്ചു വളരുന്നതായി കാണാമെങ്കിലും, വിളവ് താരതമ്യേന കുറവായിരിക്കും. മികച്ച വിളവെടുപ്പിനായി കൃഷി ചെയ്യാവുന്ന വള്ളിപ്പയര്‍ വിത്തിനങ്ങളാണ് ലോല, വൈജയന്തി, ശാരിക, മല്ലിക എന്നിവ.
കുറ്റിപ്പയറിൽ കനകമണി, ഭാഗ്യലക്ഷി എന്നിവയും കുഴിപ്പയര്‍ അല്ലെങ്കിൽ തടപ്പയറിൽ അനശ്വര എന്ന ഇനങ്ങളും മികച്ച വിത്തുകളാണ്.
2. അമരപ്പയര്‍
കേരളീയരുടെ ഭക്ഷണവിഭവങ്ങളിൽ അമരയ്ക്കക്ക് വലിയ സ്ഥാനമുണ്ട്. അവിയൽ, സാമ്പാർ, ഉപ്പേരി, മെഴുക്കുപുരട്ടി പോലുള്ള മിക്ക വിഭവങ്ങളിലും അമരപ്പയർ ഉപയോഗിക്കാറുണ്ട്. ജൂലൈ- ഓഗസ്റ്റ് മാസങ്ങളാണ് അമരപ്പയ നടുന്നതിന് ഏറ്റവും മികച്ച സമയം. ഇളം പച്ച നിറത്തിലുള്ള ഹിമ, ചുവപ്പ് നിറത്തിലുള്ള ഗ്രേസ് എന്നിവയാണ്
3. ചീര
അതിശക്തമായ മഴക്കാലം ഒഴികെ, മറ്റ് ഏത് കാലാവസ്ഥയിലും കൃഷി ചെയ്യാവുന്ന വിളയാണ് ചീര. ജനുവരിയാണ് ചീര കൃഷിയ്ക്ക് അനുയോജ്യമായ സമയം. കേരളത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും കൃഷി ചെയ്യുന്നതും ചുമന്ന ചീരയാണ്. അരുണ്‍, കണ്ണാറ ലോക്കല്‍ എന്നിവയാണ് ചുവപ്പ് ചീരയിലെ മികച്ച ഇനങ്ങൾ. പച്ച ചീരയിൽ മോഹിനി, ഇഛ1, ഇഛ2, ഇഛ3 എന്നിവയും നല്ലതാണ്.
4. മുളക്
കാന്താരി, പച്ചമുളക്, ഉണ്ട മുളക് തുടങ്ങി വിവിധ തരത്തിലുള്ള മുളക് വ്യാപകമായി കണ്ടുവരുന്നു. വേനൽക്കാലമാണ് മുളകിന് അനുയോജ്യം. പച്ചനിറത്തിൽ എരിവ് കുറവുള്ള മുളകുകളിൽ അനുഗ്രഹ മികച്ച ഇനമാണ്. ചുവപ്പ് നിറത്തിലുള്ള എരിവു കൂടുതലുള്ള മുളകിനം ഉജ്ജ്വലയും വീട്ടിലെ കൃഷിയ്ക്ക് മികച്ചതാണ്.
5. വെണ്ട
പച്ചക്കറിത്തോട്ടത്തിൽ സുലഭമായി കാണുന്ന വിളയാണ് വെണ്ട. മഴക്കാലത്താണ് വെണ്ടയിൽ നിന്ന് മികച്ച വിളവ് ലഭിക്കുന്നത്. വിത്തിട്ട് 45-ാംദിവസം ആദ്യ വിളവെടുപ്പ് നടത്താം. വേനൽക്കാലത്ത് കൂടുതലും വെണ്ടയിൽ മഞ്ഞളിപ്പ് കാണാറുണ്ട്. അതുപോലെ തന്നെ നവംബര്‍ -ഏപ്രില്‍ മാസങ്ങളിൽ വിളവ് കുറവായിരിക്കും.
അര്‍ക്ക, അനാമിക, സല്‍കീര്‍ത്തി എന്നിവ വീട്ടുവളപ്പിലെ കൃഷിയ്ക്ക് തെരഞ്ഞെടുക്കാം. ചുവപ്പ് കലർന്ന നിറത്തിലുള്ള വെണ്ടകളിൽ അരുണയും മികച്ച വിളവ് തരുന്നു.
6. വഴുതന
വഴുതനങ്ങ എന്നും കത്തിരിയെന്നും അറിയപ്പെടുന്ന വിളയാണിത്. മെയ്, ജൂണ്‍ മാസങ്ങളാണ് അനുയോജ്യമായ സമയം. ഏകദേശം രണ്ട് വർഷം വരെ വഴുതനങ്ങയിൽ നിന്നും വിളവെടുക്കാവുന്നതാണ്.
വയലറ്റ് നിറത്തിലുള്ള ഉരുണ്ട വഴുതന- നീലിമ, സൂര്യ
വെളുത്ത ഇടത്തരം നീളമുള്ള വഴുതന- ശ്വേത
പച്ച നിറത്തിലെ നീളമുള്ള വഴുതന- ഹരിത എന്നിവയാണ് ഗുണമേന്മയേറിയ ഇനങ്ങൾ.
7. തക്കാളി
സെപ്തംബർ- ഒക്ടോബര്‍ മാസങ്ങളാണ് തക്കാളിയുടെ തൈകൾ നടുന്നതിന് ഉചിതസമയം. വിത്തിട്ട് 20- 30 ദിവസം കഴിഞ്ഞ തൈകൾ മാറ്റി നടാം. പച്ച നിറത്തിലുള്ള തക്കാളിയിലെ മികച്ച ഇനമാണ് മുക്തി.
ഇടത്തരം വലിപ്പമുള്ള ചുമന്ന തക്കാളിയിൽ അനഘയും, പരന്നുരുണ്ട് ഇടത്തരം വലിപ്പമുള്ളവയിൽ ശക്തിയും അടുക്കളത്തോട്ടത്തിന് നല്ലതാണ്.
8. പാവല്‍
ജനുവരി, സെപ്തംബര്‍, ഡിസംബര്‍ മാസങ്ങളിൽ കൃഷി ചെയ്യാവുന്ന വിളയാണ് പാവൽ. പന്തലാക്കി വളർത്തിയാൽ മികച്ച വിളവ് ലഭിക്കും. എന്നാൽ, വേനല്‍ക്കാല കൃഷി പാവലിന് അത്ര അനുയോജ്യമല്ല.
വെളുത്തതോ ഇളംപച്ച നിറത്തിലോ ഉള്ള പാവലിലെ മികച്ച ഇനമാണ് പ്രീതി. മുള്ളുള്ള, പച്ച നിറത്തിലുള്ള പ്രിയ, വെളുത്ത സാമാന്യം വലിപ്പമുള്ള പ്രിയങ്ക എന്നിവയും മികച്ച പാവൽ ഇനങ്ങളാണ്.
9. കോവല്‍
കോവൽ പച്ചക്കറിത്തോട്ടത്തിലെ പ്രധാന വിളയാണ്. മെയ് പകുതിയാകുമ്പോൾ കൃഷി ചെയ്താൽ കോവലിൽ നിന്ന് കൂടുതൽ വിളവ് ലഭിക്കും. എങ്കിലും വര്‍ഷം മുഴുവന്‍ കൃഷിയ്ക്ക് അനുയോജ്യം. വെളുത്ത വരകളോട് കൂടിയ ഇളം പച്ച നിറത്തിലുള്ള സുലഭ എന്ന ഇനം കോവൽ വീട്ടിലെ കൃഷിയ്ക്ക് നല്ലതാണ്.
10. പടവലം
സെപ്തംബര്‍- ഡിസംബര്‍ മാസങ്ങളിൽ നടാവുന്ന വിളയാണിത്. കൗമുദി, ബേബി എന്നീ വിളകൾ കോവലിലെ മികച്ച ഇനങ്ങളാണ്.
11. കുമ്പളം
ജൂണ്‍, ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളാണ് കുമ്പളത്തിന് അനുയോജ്യമായ സമയം.
വിളവെടുക്കാറാകുമ്പോൾ ചാരനിറത്തിലാകുന്ന നീണ്ടുരുണ്ട കെ.എ.യു ലോക്കല്‍ കുമ്പളവും ഇടത്തരം വലിപ്പമുള്ള ഉരുണ്ട ഇന്ദു എന്ന ഇനവും ഗാർഹിക കൃഷിയ്ക്ക് മികച്ചവയാണ്.
12. മത്തന്‍
ഏപ്രില്‍, ജൂണ്‍, ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങള്‍ കൃഷിക്കനുയോജ്യമാണ് മത്തൻ. താരതമ്യേന നല്ല വലിപ്പത്തിലുള്ള പരന്നതും ഉരുണ്ടതുമായ അമ്പിളി, പരന്ന് അകത്ത് ഓറഞ്ച് നിറത്തിലുള്ള സുവര്‍ണയുമാണ് ഇവയിലെ മികച്ച ഇനങ്ങൾ.
13. വെള്ളരി
ജൂണ്‍, ഓഗസ്റ്റ്, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിൽ കൃഷിയ്ക്ക് അനുയോജ്യമായതാണ് വെള്ളരി. ഇളം പ്രായത്തില്‍ പച്ചനിറവും മൂക്കുമ്പോൾ മഞ്ഞ നിറത്തിലുമാകുന്ന മുടിക്കോട് ലോക്കല്‍, കടും പച്ച നിറത്തില്‍ ഇളം പച്ച വരകളുള്ള താരതമ്യേന വലിപ്പം കുറഞ്ഞ സൗഭാഗ്യയും വെള്ളരിയിലെ മികച്ച വിത്തിനങ്ങളാണ്.
14. ചുരക്ക
സെപ്തംബര്‍, ഒക്ടോബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളാണ് അനുയോജ്യമായ നടീൽ സമയം. ഇടത്തരം നീളമുള്ള വളവില്ലാത്ത ഇളംപച്ച നിറത്തിലുള്ള അര്‍ക്ക ബഹാര്‍ ചുരയ്ക്ക വീട്ടിലെ കൃഷിയ്ക്കായി തെരഞ്ഞെടുക്കാവുന്നതാണ്.