Updated on: 27 October, 2022 5:38 PM IST
Farming tips: വീട്ടുമുറ്റത്ത് അനായാസം വിളയിക്കാം, കാബേജും കോളിഫ്ലവറും

ശൈത്യകാലവിളകൾ വീട്ടുമുറ്റത്തും സുലഭമായി വിളയിക്കാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് നമ്മൾ മലയാളികൾ. കാബേജ് (Cabbage), കോളിഫ്ലവർ (Cauliflower) എന്നീ ശൈത്യകാലവിളകൾ ഇടുക്കി ജില്ലയിലൊഴികെ എല്ലായിടങ്ങളിലും ഒറ്റ സീസണിലാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഭൂരിഭാഗം പേരും ഗ്രോബാഗുകളിലോ പൂച്ചട്ടികളിലോ ആണ് ഇവ കൃഷി ചെയ്യുന്നത്. ചുരുക്കം ചിലർ ചാലുകൾ കോരിയും കൃഷി ചെയ്യാറുണ്ട്. 

കൂടുതൽ വാർത്തകൾ: പോഷകസമൃദ്ധമായ ബീറ്റ്‌റൂട്ടിന്റെ ഇലകള്‍ വിളവെടുക്കേണ്ട വിധം

കാബേജിന്റെ ഗുണങ്ങൾ

ധാരാളം പോഷക ഘടകങ്ങൾ അടങ്ങിയിട്ടുള്ള പച്ചക്കറികളിൽ ഒന്നാണ് കാബേജ്. പച്ചകലർന്ന വെള്ള നിറത്തിലും, വയലറ്റ് കലർന്ന പർപ്പിൾ നിറത്തിലും കാബേജ് വിളയാറുണ്ട്. വിറ്റാമിൻ എ, ബി2, സി എന്നിവ കൂടാതെ ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, കാൽസ്യം, സൾഫർ, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ കാബേജിൽ അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വർധിപ്പിക്കുന്നതോടൊപ്പം വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കാബേജ് ഡയറ്റിൽ ഉൾപ്പെടുത്താം. ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ കാബേജ് കഴിച്ചാൽ പെട്ടെന്ന് തന്നെ വിശപ്പ് തോന്നാൻ സാധ്യത കുറവാണ്. ദഹനത്തിനും ഹൃദയാരോഗ്യത്തിനും കാബേജ് ഉത്തമമാണ്. ഇതിലെ പൊട്ടാസ്യം ഉയർന്ന രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കും.

കാബേജിന് അനുയോജ്യം പശിമരാശി മണ്ണ്

ശൈത്യകാല പച്ചക്കറി ആണെങ്കിലും ഉഷ്ണമേഖലയ്ക്ക് അനുയോജ്യമായത് കൊണ്ടാണ് കാബേജ് ഇനങ്ങൾ കേരളത്തിൽ വിളയുന്നത്. അഗ്രമുകുളത്തിന് ചുറ്റും ഒന്നിനുമുകളിൽ ഒന്നായി ഇലകൾ അടുങ്ങി പൂവിന്റെ ആകൃതിയിലാണ് കാബേജ് കാണപ്പെടുന്നത്. പശിമരാശി മണ്ണാണ് കാബേജിന് ഏറ്റവും അനുയോജ്യം. മണ്ണിന്റെ PH 5.5നും 6.6നും ഇടയിൽ ആയിരിക്കണം. ശൈത്യകാലവിള ആയതിനാൽ 25 ഡിഗ്രി സെലിഷ്യസിന് മുകളിൽ താപനില വർധിച്ചാൽ കാബേജ് വാടിപ്പോകാൻ സാധ്യതയുണ്ട്. ഉഷ്ണമേഖലയ്ക്ക് അനുയോജ്യമായ ഇനങ്ങൾ ഈ കുറവ് പരിഹരിക്കുന്നു.

Ns183, NS43, ഗംഗ കാവേരി, പ്രൈഡ് ഓഫ് ഇന്ത്യ, പുസാ ഡ്രം ഹെഡ് മുതലായവയാണ് കാബേജിലെ പ്രധാന ഇനങ്ങൾ. കാബേജ് കൃഷി തുടങ്ങാൻ അനുയോജ്യമായ സമയം സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാണ്. സെപ്റ്റംബർ ആദ്യവാരം പാകുന്ന വിത്തുകൾ ഒക്ടോബറിൽ പിരിച്ചുനടാം. ഈ സമയം നടുന്ന കാബേജും കോളിഫ്ലവറും വിളവെടുക്കുമ്പോൾ വലിപ്പം അൽപം കുറവാണെങ്കിലും വില കൂടുതൽ ലഭിക്കും. ഒക്ടോബറിൽ വിത്ത് പാകിയാൽ പിരിച്ചുനടൽ നവംബറിൽ ആയിരിക്കും. ഇവ താരതമ്യേന വലിപ്പം കൂടുതലായിരിക്കും. എന്നാൽ എല്ലാ കർഷകരും വിപണിയിൽ ഇതേസമയം കാബേജും കോളിഫ്ലവറും എത്തിക്കുന്നതിനാൽ വില കുറവായിരിക്കും.

കാബേജ് - പോഷക ഗുണങ്ങളാൽ സമ്പന്നം

കാബേജ് പോലെ തന്നെ കേരളത്തിൽ കൃഷി ചെയ്യാൻ കഴിയുന്ന ശൈത്യകാല വിളയാണ് കോളിഫ്ലവർ. കോളിഫ്ലവറിന്റെ ഭക്ഷ്യയോഗ്യമായ ഭാഗത്തെ 'കേർഡ്' എന്നാണ് വിളിക്കുന്നത്. നല്ല നീർവാർച്ചയുള്ളതും മണൽ കലർന്ന വളക്കൂറുള്ള മണ്ണുമാണ് കോളിഫ്ലവർ കൃഷിക്ക് ഏറ്റവും അനുയോജ്യം. മണ്ണിന്റെ PH 5.5നും 6.6നും ഇടയിൽ ആയിരിക്കണം. NS60, ബസന്ത്, 74-6-C, പൂസാ മേഘ്ന, പൂസ ഏർലി സിന്തറ്റിക്, സ്വാതി, ഹിമാനി എന്നിവയാണ് പ്രധാന ഇനങ്ങൾ. ധാരാളം പോഷകങ്ങളുള്ള കോളിഫ്ലവർ ഹൃദയാരോഗ്യം സംരക്ഷിക്കുന്നു. കൂടാതെ ദഹനപ്രക്രിയയെ സുഗമമാക്കാൻ സഹായിക്കുന്നു. ചൈനീസ് വിഭവങ്ങൾ, സാലഡ് കറികൾ തുടങ്ങിയവയിൽ കോളിഫ്ലവർ ഒഴിച്ചുകൂടാൻ പറ്റാത്ത ഇനമാണ്. കോളിഫ്ലവറിന്റെ തണ്ടിനുപോലും പോഷക ഗുണമുണ്ട്. ഇത് ഓർമശക്തി കൂട്ടാൻ സഹായിക്കുന്നു.

കാബേജ് - കോളിഫ്ലവർ - കൃഷിരീതി

കാബേജിന്റെയും കോളിഫ്ലവറിന്റെയും കൃഷിരീതി ഏകദേശം ഒരുപോലെയാണ്. ഒരു സെന്റിൽ നടാൻ 100 തൈ ആവശ്യമാണ്. ചകിരിച്ചോറ് - 600 ഗ്രാം, മണ്ണിര കമ്പോസ്റ്റ് - 600 ഗ്രാം, വേപ്പിൻപിണ്ണാക്ക് - 50 ഗ്രാം, സ്യൂഡോമോണാസ് - 20 ഗ്രാം എന്ന അളവിലാണ് പോട്ടിംഗ് മിക്സർ തയ്യാറാക്കുന്നത്. പച്ച ചകിരിച്ചോറാണ് ഉപയോഗിക്കുന്നതെങ്കിൽ അഞ്ചു ദിവസം വെള്ളത്തിലിട്ട് കറ കളയണം. വിത്ത് എട്ട് മണിക്കൂർ സ്യൂഡോമോണാസിൽ ഇടണം. വിത്ത് എത്ര അളവിൽ ഉണ്ടോ അത്ര അളവിൽ സ്യൂഡോമോണോസ് ഇടണം. ഈ പ്രക്രിയയ്ക്ക് 'സീഡ് ട്രീറ്റ് മെന്റ്' എന്നാണ് പറയുന്നത്. വിത്ത് നട്ട് അഞ്ചാം ദിവസം മുള വരും. അഞ്ചാം ദിവസം 19: 19 :19 ഫെർട്ടിലൈസർ 1 ലിറ്റർ വെള്ളത്തിൽ രണ്ട് ഗ്രാം എന്ന അനുപാതത്തിൽ ഒഴിക്കണം. 7, 14, 21 ദിവസങ്ങളിൽ 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിക്കുക.

25 ദിവസം ആകുമ്പോൾ 5 ഗ്രാം വളം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിക്കുക. തൈ കൃത്യസമയത്ത് തന്നെ പറിച്ചു നടാൻ ഏറെ ശ്രദ്ധിക്കണം. ഒരു മാസത്തിന് മുകളിൽ തൈ ട്രേയിൽ വയ്ക്കരുത്. 25 ദിവസം ആകുമ്പോൾ തൈ പറിച്ചു നടന്നതാണ് ഏറ്റവും ഉചിതം. നല്ല വളർച്ചയിലെത്തിയ തൈ മണ്ണിലേയ്ക്ക് പറിച്ചു നടന്നതിനെ 'ട്രാൻസ് പ്ലാന്റിംഗ്' എന്ന് പറയുന്നു. തൈ പറിച്ചു നടുമ്പോൾ കുഞ്ഞില ഉൾപ്പെടെ ആറില ഉണ്ടാവണം. നട്ട് ഒരു മാസം കഴിയുമ്പോൾ ഒരു സെന്റിന് 650 ഗ്രാം - യൂറിയ, 400 ഗ്രാം -  പൊട്ടാസ്യം എന്നിവ മേൽവളമായി ഇടണം. നിശ്ചിത ഇടവേളകളിൽ മണ്ണ് ഇളക്കുന്നതും കളകൾ നീക്കം ചെയ്യുന്നതും മണ്ണിലെ വായു സഞ്ചാരം സുഗമമാക്കാൻ സഹായിക്കുന്നു. മഴയില്ലെങ്കിൽ നിർബന്ധമായും എല്ലാ ദിവസവും കുറഞ്ഞത് രണ്ടുനേരം വെള്ളം ഒഴിക്കണം. എന്നാൽ വെള്ളം കെട്ടി നിൽക്കാൻ പാടില്ല.

കീടങ്ങളെ ചെറുക്കാൻ

കാബേജ്, കോളിഫ്ലവർ എന്നിവയെ ബാധിക്കുന്ന പ്രധാന കീടങ്ങളാണ് ഇലചുരുട്ടി പുഴു, ഡയമണ്ട് ബ്ലാക്ക് ശലഭം, തണ്ടു തുരപ്പൻ പുഴു എന്നിവ. ഇവയെ തുരത്താൻ വേപ്പെണ്ണയും സോപ്പ് മിശ്രിതവും അഞ്ച് ഗ്രാം വീതം ഒരു ലിറ്റർ വെള്ളത്തിൽ എന്ന അനുപാതത്തിൽ തളിക്കണം. കൂടാതെ ഇലപ്പുള്ളി രോഗം, ഇലകരിച്ചിൽ എന്നിവയിൽ നിന്ന് രക്ഷനേടാൻ സ്യൂഡോമോണാസ് 20 ഗ്രാം, ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുന്നതും നല്ലതാണ്. KAU സമ്പൂർണ മൾട്ടി മിക്സർ 15, 30, 45 ദിവസങ്ങളിൽ 5 ഗ്രാം, ഒരു ലിറ്റർ വെള്ളത്തിൽ എന്ന അനുപാതത്തിൽ കലക്കി തളിക്കണം. പുഴുക്കളെ കണ്ടാൽ ഉടൻ നീക്കം ചെയ്ത് നശിപ്പിക്കണം. അതുപോലെ തന്നെ ഇലപ്പുള്ളി രോഗം വന്ന ഇലകൾ ചെടിയിൽ നിന്ന് നീക്കം ചെയ്ത ശേഷം ഉടൻതന്നെ നശിപ്പിച്ചു കളയണം. ഇത്തരം ഇലകൾ ചെടിയുടെ സമീപത്ത് ഒരു കാരണവശാലും ഇടാൻ പാടില്ല.

 

ആഷിക് ദത്ത് സി.എസ്
ഫാർമർ ദി ജേർണലിസ്റ്റ്
കൃഷി ജാഗരൺ

English Summary: Cabbage and cauliflower are easy to grow in the backyard kerala farming
Published on: 18 October 2022, 10:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now