ചെറിയതോതിലും ഗാര്‍ഹാകാവശ്യത്തിനു വേണ്ടിയുള്ളതുമായ കൃഷിക്കാണ് ഈ രീതി പൊതുവേ ഉപയോഗിക്കപ്പെടുന്നത്. മഴവെളളം ഉള്ളിലേക്ക് കടക്കാത്ത രീതിയില്‍ പോളിത്തീന്‍ ഷീറ്റുകൊണ്ടു മേഞ്ഞ മേല്‍ക്കൂരയ്ക്കു താഴെ നടത്തുന്ന കൃഷിയാണ് മഴമറക്കൃഷി എന്നതു കൊണ്ടുദ്ദേശിക്കുന്നത്.
മഴമൂലമുള്ള പ്രതികൂല കാലാവസ്ഥയില്‍ നിന്നും പച്ചക്കറികളെ രക്ഷിക്കാന്‍ ഇതുവഴി സാധിക്കുന്നു. ഒരു ചട്ടക്കൂട് അഥവാ സ്ട്രക്ചറും അതിനു മേല്‍ മേഞ്ഞിരിക്കുന്ന രീതിയിലുള്ള മേല്‍ക്കൂടുമാണ് മഴമറയുടെ പ്രധാന ഭാഗങ്ങള്‍. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കേളപ്പജി കോളജ് ഓഫ് അഗ്രിക്കള്‍ച്ചര്‍ എന്‍ജിനിയറിങ്ങിലെ ഗവേഷകരാണ് മഴമറക്കൃഷി കേരളത്തിനു യോജിച്ച രീതിയില്‍ വികസിപ്പിച്ചത്. ഗ്രീന്‍ഹൗസുകളുമായി ഇവയ്ക്ക് നിര്‍മാണത്തില്‍ കുറേ സാമ്യങ്ങളുണ്ട്. അടിസ്ഥാനപരമായി രണ്ടിനും ചട്ടക്കൂട് അഥവാ സ്ട്രക്ചറിന്‍റെ ആവശ്യമുണ്ട്. മേല്‍ക്കൂരയ്ക്കായി യുവി സ്റ്റെബിലൈസ്ഡ് പോളിത്തീന്‍ ഷീറ്റും ആവശ്യമാണ്. സാമ്യം ഇത്രയും കാര്യത്തില്‍ മാത്രമാണുള്ളത്.
ചട്ടക്കൂട് അഥവാ സ്ട്രക്ചറിനായി മുള, കമുക്, കാറ്റാടി തുടങ്ങി പ്രാദേശികമായി ലഭ്യമായതും ചെലവു കുറഞ്ഞതുമായ ഏതെങ്കിലും വസ്തു ഉപയോഗിക്കാം. ചട്ടക്കൂട് ബലവത്തായിരിക്കണമെന്നതു മാത്രമാണ് ഇക്കാര്യത്തില്‍ പ്രത്യേകമായി മനസ്സില്‍ സൂക്ഷിക്കേണ്ടത്. ജിഐ അല്ലെങ്കില്‍ എംഎസ് ഇരുമ്പു പൈപ്പ് ഉപയോഗിച്ച് ചട്ടക്കൂട് നിര്‍മിച്ചാല്‍ കൂടുതല്‍ കാലം കേടുകൂടാതെയിരിക്കുകയും അതുവഴി ദീര്‍ഘനാള്‍ ഉപയോഗിക്കുന്നതിനു സാധിക്കുകയും ചെയ്യും. മേല്‍ക്കൂരയ്ക്കായി പരമാവധി സൂര്യപ്രകാശം കടത്തിവിടുന്ന രീതിയില്‍ സുതാര്യവും 200 മൈക്രോണ്‍ കനവുമുളള യുവി സ്റ്റെബിലൈസ്ഡ് പോളിത്തീന്‍ഷീറ്റുകളാണ് ഉപയോഗിക്കേണ്ടത്. ഏഴു മീറ്റര്‍, ഒമ്പതു മീറ്റര്‍ വീതിയില്‍ ഇവ വിപണിയില്‍ കിട്ടാനുണ്ട്.
സാധാരണ പന്തലിന്‍റെ രീതിയില്‍ പരന്നതായോ അര്‍ധവൃത്താകൃതിയിലോ മേല്‍ക്കൂര നിര്‍മിക്കാം. മേല്‍ക്കൂര അര്‍ഥവൃത്താകൃതയിലാണ് പണിയുന്നതെങ്കില്‍ ഇതിനായി ഇരുമ്പു പൈപ്പിന്‍റെ ചട്ടക്കൂട് തന്നെ വേണ്ടിവരും. അതുപയോഗിച്ചു മാത്രമാണല്ലോ ആവശ്യമായ രീതിയില്‍ അര്‍ധവൃത്താകൃതിയില്‍ വളച്ച് ചട്ടക്കൂട് നിര്‍മിക്കാന്‍ സാധിക്കുന്നത്. പന്തലിന്‍റെ ആകൃതിയിലാണ് നിര്‍മിക്കുന്നതെങ്കില്‍ അതിന് ഒരു വശത്തേക്ക് നേരിയ തോതില്‍ ചെരവു കൊടുക്കണം. മഴപെയ്യുന്ന വെള്ളം സൗകര്യപ്രദമായ രീതിയില്‍ ഒഴുകിപ്പോകുന്നതിനാണിത്. ഇത്തരത്തിലുള്ള നിര്‍മാണത്തിന് മുള, കമുകിന്‍തടി, കാറ്റാടിക്കഴ തുടങ്ങി പ്രാദേശികമായി കിട്ടാനുള്ള ഏതു വസ്തുവും ഉപയോഗിക്കാം. കനത്ത മഴയുള്ള പ്രദേശങ്ങളില്‍ പന്തലിന്‍റെ ആകൃതിയുള്ള മഴമറയാണ് കൂടുതല്‍ നല്ലതെന്ന് കണ്ടിട്ടുണ്ട്. പ്രിസിഷന്‍ കൃഷിയുമായി ബന്ധപ്പെട്ട സാങ്കേതിക സ്വഭാവമുള്ള കാര്യങ്ങളായ തുള്ളിനന, ഫെര്‍ട്ടിഗേഷന്‍ (ജലസേചനത്തോടൊപ്പമുള്ള വളപ്രയോഗം) തുടങ്ങിയവ മഴമറക്കൃഷിയിലും ഉപയോഗിക്കേണ്ടതാണ്. ഫെര്‍ട്ടിഗേഷനായി വെള്ളത്തില്‍ ലയിക്കുന്ന ഏതൊരു വളവും ഉപയോഗിക്കാവുന്നതാണ്.
മഴമറയുമായി ബന്ധപ്പെട്ട് ഓര്‍മയില്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍ നിരവധിയാണ്.
- ഇതിനായി തിരഞ്ഞെടുക്കുന്ന സ്ഥലം തുറസ്സായതായിരിക്കണം. സൂര്യപ്രകാശം ലഭിക്കുന്നതാണെന്നുറപ്പു വരുത്തണം.
- സൂര്യന്‍റെ ഉദയത്തിനും അസ്തമയത്തിനും വിപരീതമായ തെക്കുവടക്കു ദിശയാണ് നിര്‍മാണത്തിനു കൂടുതല്‍ നല്ലത്.
- നനയ്ക്കുന്നതിനു വെള്ളമെത്തിക്കുന്നതിനും അധികമുള്ള വെള്ളം ഒഴുകിപ്പോകുന്നതിനുമുള്ള ജലസേചന - ജലനിര്‍ഗമന മാര്‍ഗങ്ങള്‍ വേണ്ടരീതിയില്‍ ക്രമീകരിക്കണം.
- മഴയുടെ തോത് കൂടുതലാണെങ്കില്‍ പന്തലാകൃതി കൂടുതല്‍ ഫലം ചെയ്യും. കാരണം വെള്ളം ഒരു വശത്തു നിന്നു മാത്രം ഒഴുക്കിവിട്ടാല്‍ മതിയല്ലോ.
- ചട്ടക്കൂടിനു കൂര്‍ത്ത ഭാഗങ്ങളുണ്ടായിരിക്കരുത്. ഇവ കൊണ്ടാല്‍ ഷീറ്റ് കീറിപ്പോകാനിടയുണ്ട്.
- നാടന്‍ തടികളാണ്നിര്‍മാണത്തിനുപയോഗിക്കുന്നതെങ്കില്‍ താങ്ങുകാലുകള്‍ ദീര്‍ഘകാലം നിലനില്‍ക്കാന്‍ അവയുടെ മണ്ണിനടിയിലേക്ക് പോകുന്ന ഭാഗത്ത് കരി ഓയില്‍ പുരട്ടുകയോ അല്ലെങ്കില്‍ ഇതിനായി കുത്തിയ കുഴില്‍ കല്ലുപ്പിടുകയോ ചെയ്യണം.
- കന്നുകാലികളുടെയും മറ്റും ശല്യം ഉണ്ടാകാതെ ശ്രദ്ധിക്കണം. ഇതിനായി വശങ്ങളില്‍ വേലികെട്ടുകയോ തറനിരപ്പില്‍ നിന്നു മൂന്നടി ഉയരത്തില്‍ മറയ്ക്കുകയോ ചെയ്യാം.
- മഴമറയ്ക്കുള്ളില്‍ പൂര്‍ണ തോതിലുള്ള വായുസഞ്ചാരം ഉറപ്പുവരുത്തേണ്ടതുണ്ട്.
- ജലസേചനത്തിനും ജലനിര്‍ഗമനത്തിനുമുള്ള സംവിധാനങ്ങള്‍ ഇവ നിര്‍മിക്കുന്നതിനൊപ്പം തന്നെ നിര്‍മിക്കണം.
മഴമറ നിര്‍മാണം
അതിശക്തമായ മഴയും കൂടിയ ആര്‍ദ്രതയും വര്‍ഷകാലത്ത് പച്ചക്കറി കൃഷി ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമുണ്ടാകുന്നു. കേരളത്തില്‍ മഴക്കാലം കഴിഞ്ഞു വരുന്ന ഓണക്കാലത്ത് പച്ചക്കറികള്‍ക്കുള്ള വമ്പിച്ച ആവശ്യകത നാം ഓര്‍ക്കേണ്ടതാണ്. ഇവിടെയാണ് സംരക്ഷിത കൃഷിയുടെ പ്രസക്തി.
പ്രതികൂല കാലാവസ്ഥയില്‍നിന്നും വിളകളെ സംരക്ഷിച്ചുകൊണ്ടുള്ള ഒരു കൃഷി രീതിയാണ് മഴമറ കൃഷി. സംരക്ഷിത കൃഷിയ്ക്ക് അത്യാവശ്യം വേണ്ട ഘടകങ്ങളാണ് ഗ്രീന്‍ഹൗസ് അഥവാ ഹരിതഗൃഹം.
ഓരോ വീട്ടിലും അവരുടെ ദൈനംദിനാവശ്യങ്ങള്‍ക്കുള്ള പച്ചക്കറികള്‍ വളര്‍ത്താവുന്ന ഒരു തോട്ടം മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നു. എന്നാല്‍ വികസന പാതയില്‍ തുടരുന്ന കേരളത്തിലെ വീട്ടമ്മയ്ക്കു ഗൃഹഭരണവും മറ്റു തൊഴില്‍ മേഖലയും ഒന്നിച്ചുകൈകാര്യം ചെയ്യേണ്ടിവന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ വളരെ കുറഞ്ഞ സമയം മാത്രമേ കൃഷിപ്പണിയില്‍ മുഴുകാനാവുന്നുള്ളൂ. അതിനാല്‍ തന്നെ അടുക്കളത്തോട്ടം ഇന്ന് ഇല്ലാതായിരിക്കുന്നു.
കൃഷിയില്‍ താല്‍പര്യം ഉള്ള വീട്ടമ്മമാര്‍ക്ക് ഈ അടുക്കളത്തോട്ടത്തെ മുന്‍ മുറ്റത്ത് ഒരു അത്യാകര്‍ഷകമായ ഗ്രീന്‍ഹൗസിലോ മഴമറയിലോ തുടരാവുന്നതാണ്. എന്നാല്‍ ഏറ്റവും ചെലവുകുറഞ്ഞതും കേരള സമൂഹത്തിനു താങ്ങാവുന്നതുമായ ഒരു സംരക്ഷിതകൃഷിയാണ് മഴമറയിലെ കൃഷി. ചെടികള്‍ വളരുന്ന പരിസ്ഥിതിയെ നിയന്ത്രിച്ചുകൊണ്ടുള്ള ഗ്രീന്‍ഹൗസുകള്‍ ചെലവുകൂടിയ വാണിജ്യസ്ഥാപനത്തില്‍ അനുവര്‍ത്തിക്കാവുന്നതുമാണ്.
നാഷണല്‍ കമ്മറ്റി ഓണ്‍ പ്ലാസ്റ്റികള്‍ച്ചര്‍ ആപ്ലിക്കേഷന്‍ ഇന്‍ ഹോര്‍ട്ടികള്‍ച്ചര്‍ (NCPAH) എന്ന കേന്ദ്ര ഗവണ്‍മെന്‍റ് ഏജന്‍സിയുടെ ധനസഹായത്തോടെ കാര്‍ഷിക സര്‍വ്വകലാശാലയുടെ തവനൂര്‍ കേളപ്പജി കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിങ് ആന്‍റ് ടെക്നോളജിയില്‍ പ്രവര്‍ത്തിക്കുന്ന പ്രിസിഷന്‍ ഫാമിങ് വികസന കേന്ദ്രം (PFDC) കേരള കര്‍ഷകര്‍ക്കായി രൂപകല്‍പ്പന ചെയ്തതാണ് ചെലവ് കുറഞ്ഞ ഈ ഹരിതഗൃഹം. പേര് സൂചിപ്പിക്കുന്നതുപോലെ, മഴയില്‍നിന്നും വിളകളെ സംരക്ഷിക്കുക എന്നതാണ് മഴമറയുടെ പ്രധാനലക്ഷ്യം. എന്നാല്‍ ഇതിലെ അത്ഭുതവിളവ് ഇതിനെ കാര്യക്ഷമമായ ഒരു ഹരിതഗൃഹമാക്കി.
ചട്ടക്കൂടിനായി മുള, കവുങ്ങ്, കാറ്റാടി, മറ്റു മരങ്ങള്‍, ഇരുമ്പ് പൈപ്പ് (GI അല്ലെങ്കില്‍ MS പൈപ്പ്) എന്നിവയില്‍ ഏതെങ്കിലും ഉപയോഗിക്കാവുന്നതാണ്. മേല്‍ക്കൂരയ്ക്കായി പരമാവധി സൂര്യപ്രകാശം കടത്തിവിടുന്ന സുതാര്യമായ 200 മൈക്രോണ്‍ കനമുള്ള യുവി സ്റ്റെബിലൈസ്ഡ് പോളിത്തീന്‍ ഷീറ്റുകളാണ് ഉപയോഗിക്കേണ്ടത്. 7 മീറ്റര്‍, 9 മീറ്റര്‍ എന്നീ വീതികളില്‍ ഇവ വിപണിയില്‍ ലഭ്യമാണ്.
മേല്‍ക്കൂര അര്‍ദ്ധവൃത്താകൃതിയിലോ ചെരിവുള്ള പന്തലാകൃതിയിലോ ആവാം. എന്നാല്‍ കനത്ത മഴയുള്ള കേരള സാഹചര്യങ്ങളില്‍ ചെരിവുള്ള പന്തലാകൃതിയിലാണ് കൂടുതല്‍ അനുയോജ്യം. പ്രിസിഷന്‍ കൃഷി അഥവാ സൂക്ഷ്മ കൃഷി തന്ത്രങ്ങളായ തുള്ളിനനയും, ജലസേചനത്തോടൊപ്പമുള്ള വളപ്രയോഗവും (ഫെര്‍ട്ടിഗേഷന്‍) ഇതില്‍ ഉള്‍പ്പെടുത്താവുന്നതാണ്. തന്മൂലം ഉയര്‍ന്ന ഉല്‍പ്പാദന വര്‍ധനവ് പ്രതീക്ഷിക്കാവുന്നതാണ്. മാത്രമല്ല തൊഴില്‍ ഭാരം കുറയ്ക്കുകയും ചെയ്യുന്നു. ഫെര്‍ട്ടിഗേഷനായി വെള്ളത്തില്‍ അലിയുന്ന ഏതു വളവും ഉപയോഗിക്കാവുന്നതാണ്.
നിര്‍മാണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- സൂര്യപ്രകാശം പരമാവധി ലഭിക്കുന്ന തുറസ്സായ സ്ഥലം വേണം തിരഞ്ഞെടുക്കുവാന്‍
- തെക്കു-വടക്കു ദിശയാണ് അഭികാമ്യം
- ജലസേചന-ജലനിര്‍ഗ്ഗമന സൗകര്യങ്ങള്‍ ഉറപ്പാക്കണം.
- മഴവെള്ളം എളുപ്പം ഒഴുകിപ്പോകാന്‍ ചെരിവുള്ള പന്തലാകൃതിയാണ് അനുയോജ്യം
- ചട്ടകൂടിലെ കൂര്‍ത്ത ഭാഗങ്ങള്‍ ഷീറ്റ് മുറിയാന്‍ ഇടയാകുമെന്നതിനാല്‍ അവ ഒഴിവാക്കേണ്ടതാണ്.
- മുളക്കാലുകള്‍ കേടുവരാതിരിക്കാന്‍ മണ്ണിനടിയില്‍ പോകുന്ന ഭാഗത്ത് കരിഓയില്‍ തേയ്ക്കുകയോ കുഴിയില്‍ ഉപ്പിടുകയോ ചെയ്യാവുന്നതാണ്.
- കന്നുകാലികളുടെയോ മറ്റു ജീവികളുടെയോ ശല്യം ഒഴിവാക്കുന്നതിനായി മഴമറയ്ക്കു ചുറ്റും ഭൂതലത്തില്‍നിന്നും 3 അടി ഉയരത്തില്‍ മറയ്ക്കാവുന്നതാണ്.
- എന്നാല്‍ മഴമറയ്ക്കുള്ളില്‍ പൂര്‍ണ വായുസഞ്ചാരം ഉറപ്പാക്കേണ്ടതാണ്.
- തുള്ളി നനയ്ക്കായും ജലസേചനത്തോടൊപ്പമുള്ള വളപ്രയോഗത്തിനായും സംവിധാനങ്ങള്‍ ആവശ്യമെങ്കില്‍ ഉറപ്പാക്കേണ്ടതാണ്.
- 20 മീറ്റര്‍ നീളവും 5 മീറ്റര്‍ വീതിയുമുള്ള റെയിന്‍ ഷെല്‍ട്ടറിന്‍റെ രൂപരേഖ.