ആയുര്‍വ്വേദത്തിലും പ്രകൃതിചികിത്സയിലുമെല്ലാം ഏറെ ഔഷധമൂല്യമുളളതായി കണക്കാക്കുന്ന സസ്യമാണ് മണിത്തക്കാളി. ഒരു കാലത്ത് നമ്മുടെ നാട്ടില്‍ സുലഭമായിരുന്ന ഇത് പല പേരുകളിലും അറിയപ്പെടുന്നുണ്ട്.
കേരളത്തില്‍ മുളകുതക്കാളി, കരിന്തക്കാളി എന്നിങ്ങനെയും തമിഴ്‌നാട്ടില്‍ മണത്തക്കാളിയെന്നും പറയാറുണ്ട്. നിരവധി രോഗങ്ങള്‍ക്കുളള പ്രതിവിധിയായാണ് മണിത്തക്കാളിയെ കണക്കാക്കുന്നത്.
ഒറ്റ നോട്ടത്തില്‍ തക്കാളിയോട് സാമ്യമുണ്ടെങ്കിലും ഈ ചെടി വഴുതന വിഭാഗത്തില്‍ ഉള്‍പ്പെട്ടതാണ്. പൂക്കള്‍ ചെറുതും വെളുത്തതുമാണ്. കായ വളരെ ചെറുതായിരിക്കും. പഴുത്താല്‍ കറുപ്പ്, ചുവപ്പ് നിറങ്ങളില്‍ ഇത് കാണാറുണ്ട്. മണിത്തക്കാളിയുടെ വിത്തില്‍ നിന്നാണ് തൈയുണ്ടാക്കുക. മുപ്പത് ദിവസങ്ങള്‍ക്കുളളില്‍ വിത്തുകള്‍ തൈകളാക്കി വികസിപ്പിച്ചെടുക്കാവുന്നതാണ്. വലിയ പരിചരണമൊന്നും നല്‍കിയില്ലെങ്കിലും നന്നായി വളര്‍ത്തിയെടുക്കാനാകും. വിത്തുകള്‍ നഴ്‌സറികളിലും മറ്റും ലഭിക്കും. തമിഴ്‌നാട്ടിലും മറ്റും വ്യാവസായികാടിസ്ഥാനത്തില്‍ത്തന്നെ മണിത്തക്കാളി കൃഷി ചെയ്തുവരുന്നുണ്ട്.
കയ്പു കലര്‍ന്ന മധുരമാണ് ഇതിന്റെ പ്രത്യേകത. ഇതിന്റെ ഇലയും പോഷകസമ്പന്നമാണ്. ജലാംശം ധാരാളമുളള മണിത്തക്കാളിയില്‍ പ്രോട്ടീന്‍, കൊഴുപ്പ്, കാത്സ്യം, ഇരുമ്പ് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗം, മഞ്ഞപ്പിത്തം, കരള്‍രോഗം, വാതരോഗങ്ങള്‍, അള്‍സര്‍, ചര്‍മ്മരോഗങ്ങള് എന്നിവയ്‌ക്കെല്ലാം ഔഷധമായി മണിത്തക്കാളി ഉപയോഗിക്കാറുണ്ട്. ഇതിന്റെ ഇലയിട്ട് വെളളം തിളപ്പിച്ച് കുട്ടികള്‍ക്ക് നല്‍കിയാല്‍ പനി മാറിക്കിട്ടും.
അതുപോലെ ബാക്ടീരിയയ്ക്ക് കാരണമാകുന്ന പല രോഗങ്ങളെയും പ്രതിരോധിക്കും. തൊണ്ടവേദന, വായ്പ്പുണ്ണ്, കുടല്‍പ്പുണ്ണ് പോലുളള പ്രശ്‌നങ്ങള്‍ക്കും പ്രതിവിധിയാണിത്. മണിത്തക്കാളിയുടെ ഇലകളും കായകളും മെഴുക്കുപുരട്ടി, തോരന്‍, കറികള്‍ എന്നിവയുണ്ടാക്കാന്‍ മികച്ചതാണ്. കായ ഉപയോഗിച്ച് അച്ചാര്‍, കൊണ്ടാട്ടം എന്നിവയും ഉണ്ടാക്കാം. ചീരത്തോരന്‍ ഉണ്ടാക്കുന്ന രീതിയില്‍ ഇതിന്റെ ഇലകളും തണ്ടുമുപയോഗിച്ച് തോരന്‍ തയ്യാറാക്കാവുന്നതാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
നിത്യവും വിളവെടുക്കാം ഈ ഇത്തിരിക്കുഞ്ഞന്‍ വീട്ടിലുണ്ടെങ്കില്‍
ഉരുളക്കിഴങ്ങിനൊരു അപരനുണ്ട്, നിങ്ങള്‍ക്കറിയാമോ ?