നമ്മുടെ അടുക്കളത്തോട്ടത്തിൽ പടർന്നുവളരുന്ന പച്ചക്കറി ഇനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കുമ്പളം. കുമ്പളം കൃഷി ചെയ്യാൻ ഒരുങ്ങുമ്പോൾ തെരഞ്ഞെടുക്കേണ്ടത് ഏറ്റവും മികച്ച ഇനം കെഎയു ലോക്കൽ ആണ്. ഉൽപാദന മികവ് കൂടിയ ഇനമായ ഇത് ശരാശരി അഞ്ച് കിലോ തൂക്കം വരെ കൈവരിക്കുന്നു. ഒരേക്കറിൽ 400 മുതൽ 500 ഗ്രാം വരെ വിത്ത് പാകിയാൽ ശരാശരി 12 ടൺ വിളവെടുക്കാവുന്നതാണ്.
കൃഷി രീതികൾ
രണ്ടടി വലിപ്പവും രണ്ടടി ആഴവുമുള്ള കുഴികളെടുത്ത് കൃഷി ആരംഭിക്കാം. 50 കിലോ ചാണകം അല്ലെങ്കിൽ കമ്പോസ്റ്റ് മേൽമണ്ണുമായി ചേർത്ത് കുഴികളിൽ ഇടുക.
White gourd is one of the most important vegetable varieties growing in our kitchen garden. When preparing to cultivate squash, the best variety to choose is KAU local.
നാലു വിത്തുകൾ ഒരു കുഴിയിൽ പാകാവുന്നതാണ്. മുളച്ചു രണ്ടാഴ്ച കഴിയുമ്പോൾ ഒരു തടത്തിൽ രണ്ട് വിത്തുകൾ വീതം നിർത്തുക. മേൽവളമായി ചാണകം 30 കിലോ അല്ലെങ്കിൽ കമ്പോസ്റ്റ് 15 കിലോ രണ്ടുതവണയായി വള്ളി വീശുമ്പോഴും പൂവിടുമ്പോഴും കൊടുക്കുക. രണ്ടാഴ്ചയിലൊരിക്കൽ ഒരു കിലോ ചാണകം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി പൂവിടുമ്പോൾ കൊടുക്കുക. വള്ളി വീശുന്നതിനനുസരിച്ച് ഓലമടൽ ഉപയോഗപ്പെടുത്തി തറയിൽ അത് പടരുവാൻ സൗകര്യമൊരുക്കുക.
കീടരോഗ സാധ്യതകളും നിയന്ത്രണ വിധികളും
പ്രധാനമായും കുമ്പളം കൃഷിയിൽ കണ്ടുവരുന്നത് കായീച്ച ശല്യമാണ്. ഇത് പരിഹരിക്കുവാൻ നടുന്ന സമയത്തും ഒരു മാസത്തിനു ശേഷവും ഒരു കുഴിക്ക് 100 ഗ്രാം എന്ന തോതിൽ വേപ്പിൻപിണ്ണാക്ക് ഇട്ടു നൽകിയാൽ മതി. കായീച്ച ശല്യം കൂടാതെ മുഞ്ഞ ശല്യവും കുമ്പളം കൃഷിയിൽ വെല്ലുവിളി ഉയർത്തുന്നു. ഇത് പ്രതിരോധിക്കുവാൻ 2 ശതമാനം വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ചാൽ മതി. ഇതുകൂടാതെ മറ്റു നീരൂറ്റി കുടിക്കുന്ന പ്രാണികളെ അകറ്റുവാൻ ഗോമൂത്രം ഒരുലിറ്ററും കാന്താരി 10 ഗ്രാം അരച്ചതും ചേർത്ത് മിശ്രിതം തയ്യാറാക്കി 9 ലിറ്റർ വെള്ളം ചേർത്ത് തളിച്ചാൽ മതി. ഇതുകൂടാതെ പച്ചക്കറി തോട്ടത്തിൽ പഴക്കെണികളോ ഫിറമോൺ കെണികളോ വച്ചുപിടിപ്പിക്കാക്കുന്നതാണ്.