ശരീരത്തിന് അനിവാര്യമായ നിരവധി പോഷകങ്ങളുടെ കലവറയാണ് ഇലക്കറികള്‍. കണ്ണിന്റെ ആരോഗ്യത്തിന് അങ്ങേയറ്റം പ്രാധാന്യമർഹിക്കുന്നുണ്ട് ഇവ. കൂടാതെ, രക്തം, ദഹന വ്യവസ്ഥ എന്നിവക്കും ഇലക്കറികള്‍ കഴിക്കുന്നത് വളരെ ഗുണം ചെയ്യും.
വിറ്റാമിന്‍ എ, സി തുടങ്ങിയ നിരവധി ധാതുക്കളും ഇലക്കറികളിൽ അടങ്ങിയിട്ടുണ്ട്. കുട്ടികളുടെ ബുദ്ധിവികാസത്തിനും രോഗപ്രതിരോധ ശേഷി വർധിക്കുന്നതിനും ഇത് സഹായിക്കും. യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവരും അമേരിക്കക്കാരുമെല്ലാം സാലഡുകളിലൂടെയും ബർഗറുകളിലൂടെയും ഇലക്കറികള്‍ ധാരാളമായി കഴിക്കുന്നവരാണ്. നാട്ടിൻപുറത്ത് ഭക്ഷണ പദാർഥങ്ങളിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന ഇലക്കറികളാണ് ചീര, മുരിങ്ങ, അഗസ്തി എന്നിവ.
നാപ കാബേജ്
ഇലവർഗത്തിൽപെട്ട കാബേജുകളും ഇത്തരത്തിൽ ശരീരത്തിനും ആരോഗ്യത്തിനും മികച്ച ഗുണങ്ങൾ നൽകുന്നു. കേരളത്തിന്റെ സ്വതസിദ്ധമായ വിളകൾ അല്ലെങ്കിലും വിദേശികളായ കാബേജുകൾ നമ്മുടെ നാട്ടിലും നന്നായി വളരും.
നാപ കാബേജിന്റെ രുചി പച്ച കാബേജിനേക്കാളും ചുവപ്പ് കാബേജിനേക്കാളും അല്പം മധുരമുള്ളതാണ്. എന്നാൽ, ഇലകൾ താരതമ്യേനെ വളരെ മൃദുവാണ്.
സാധാരണ നമ്മൾ ഉപയോഗിക്കുന്ന കാബേജുകളിൽ നിന്നും വ്യത്യസ്തമാണ് നാപ കാബേജ്. ചൈനീസ് കാബേജ് എന്നാണ് ഇതിന്റെ മറ്റൊരു പേര്. ബ്രസിക്ക പെക്കിൻസിസ് എന്നാണ് ശാസ്ത്രീയ നാമം.
നാപ കാബേജിൽ കലോറി ധാരാളമുണ്ട്. ആന്റി ഓക്സിഡന്റ് സസ്യ സംഖ്യകളും ഇതിൽ അടങ്ങിയിട്ടുണ്ട്.
കാൻസറിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാനും എൽഡിഎൽ അളവ് കുറയ്ക്കാനും നാപ കാബേജ് ഗുണപ്രദം. ഫോപാൽ ആസിഡും വിറ്റാമിൻ ബി, വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവയും ചൈനീസ് കാബേജിൽ നിറയെ അടങ്ങിയിരിക്കുന്നു.
കാബേജിനെ പോലെയാണെങ്കിലും ആകൃതിയിൽ നിസ്സാരമായ വ്യത്യാസങ്ങളുണ്ട്. സലാഡ് ഉണ്ടാക്കാൻ നാപ കാബേജിന്റെ ഇലകൾ ഉപയോഗിക്കുന്നു. കറിവേപ്പില പോലെ ഫ്രൈ ഐറ്റംസിന് മുകളില്‍ വിതറാനും നാപ കാബേജ് പ്രയോജനപ്പെടുത്താം.
ശീതകാല പച്ചക്കറിയിൽ ഉൾപ്പെടുന്ന ഈ വിള മികച്ച വിളവ് നല്‍കുന്നത് തണുത്ത കാലാവസ്ഥയിലാണ്. നട്ട് രണ്ടു മാസത്തിനുള്ളില്‍ വിളവെടുക്കാം. ഇല നുള്ളിയെടുത്താണ് വിളവ് എടുക്കുന്നത്.
ഇതിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും ഇത് സഹായിക്കും. നാപാ കാബേജ് പച്ചക്കും കഴിക്കാവുന്നതാണ്. കൂടാതെ സാലഡുകളിലും സൂപ്പുകളിലുമായി വേവിച്ചും അല്ലാതെയും മധുരമുള്ള ഈ കാബേജ് ഉൾപ്പെടുത്താറുണ്ട്.
ലീഫ് കാബേജ്
കാബേജിനും നാപ കാബേജിനും പുറമെ അടുത്തിടെ കേരളത്തിലെ ഭക്ഷണരീതിയിൽ നന്നായി ഉൾപ്പെടുത്തിവരുന്ന ഇലക്കറിയാണ് ലീഫ് കാബേജ്. കെയ്ല്‍ എന്നും ഈ വിള അറിയപ്പെടുന്നു. കാബേജിന്റെ ഇലകള്‍ക്ക് സമാനമാണ് ലീഫ് കാബേജ്. വിറ്റാമിന്‍ എ, സി തുടങ്ങി പോഷക സമ്പുഷ്ടമാണിത്.
ബുദ്ധിവികാസത്തിനും രോഗപ്രതിരോധ ശേഷി വർധിക്കാനും ഉത്തമ ഉപായം. അമേരിക്കയിലും യൂറോപ്യന്‍ നാടുകളിലും സമൃദ്ധമായി കൃഷി ചെയ്യുന്ന ലീഫ് കാബേജ് ഒരു ശീതകാല വിളയാണ്. എന്നാൽ നമ്മുടെ നാട്ടിലും ഇത് നല്ല പോലെ വളരുന്നു.