Vegetables

കടല്‍ കടന്നെത്തിയ വിദേശപച്ചക്കറികള്‍

മനസ്സ് കീഴടക്കിയ ചില വിദേശപച്ചക്കറികള്‍

പുതിയ കാര്യങ്ങള്‍ അറിയാനും മനസ്സിലാക്കാനും വലിയ മടിയൊന്നും മലയാളികള്‍ക്കില്ല. ഭക്ഷണത്തിന്റെ കാര്യത്തിലും എന്നും പുതുരുചികള്‍ പരീക്ഷിക്കാനവര്‍ തയ്യാറാണ്. ഇഷ്ടപ്പെടുകയാണെങ്കില്‍ ഇരുകയ്യുംനീട്ടി സ്വീകരിക്കുകയും ചെയ്യും.

അടുത്തിടെ നമ്മുടെ തീന്‍മേശയിലേക്ക് വിരുന്നെത്തിയ പല വിഭവങ്ങളും അതിന്റെ തെളിവുകളാണ്. അത്തരത്തില്‍ മനസ്സ് കീഴടക്കിയ ചില പച്ചക്കറികള്‍ ഇന്ന് നമ്മുടെ സ്വന്തമായി മാറിക്കഴിഞ്ഞിട്ടുണ്ട്. പരദേശികളായ ഇവയില്‍ പലതും നമ്മുടെ നാട്ടിലും നല്ലതുപോലെ വളരും. അത്തരത്തില്‍ കടല്‍ കടന്നെത്തിയ ചില പച്ചക്കറികളിലേക്ക്...

ബ്രോക്കോളി

അമേരിക്കയും യൂറോപ്പും പിന്നിട്ടാണ് ബ്രോക്കോളി ഇവിടേക്കെത്തിയത്.
കാബേജിന്റെയും കോളിഫ്ളവറിന്റെയും ഗണത്തില്‍പ്പെട്ട സസ്യമാണിത്. ബ്രൊക്കോളിയുടെ ശരിയായ ഉപയോഗത്തെപ്പറ്റിയോ ഗുണങ്ങളെപ്പറ്റിയോ നമ്മളില്‍ പലര്‍ക്കും അറിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വിദേശരാജ്യങ്ങളില്‍ കൂടുതലായി കൃഷി ചെയ്യുന്ന ബ്രൊക്കോളി കേരളത്തിലെ ഹൈറേഞ്ച് പ്രദേശങ്ങളിലും ഇപ്പോള്‍ കൃഷി ചെയ്തുവരുന്നുണ്ട്. ബ്രൊക്കോളി കഴിക്കുന്നതിലൂടെ രകതസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനാകും. കാത്സ്യത്തിന്റെ അഭാവം പരിഹരിക്കാനും ബ്രൊക്കോളി ഉത്തമമാണ്.

ലെറ്റിയൂസ്

ബര്‍ഗറിലൂടെയാണ് നമ്മള്‍ ലെറ്റിയൂസിനെ പരിചയപ്പെടുന്നത്. കാബേജ് കുടുംബത്തില്‍പ്പെട്ട പച്ചക്കറി വിഭവം തന്നെയാണ് ലെറ്റിയൂസ്. ഒറ്റനോട്ടത്തില്‍ ഇതിന്റെ രൂപം ചേനപ്പൂവിനെ ഓര്‍മ്മിപ്പിക്കും. ഇലകള്‍ ഒട്ടിച്ചേര്‍ന്ന് മുകളിലേക്ക് വളര്‍ന്നു വരും. മണ്ണില്‍ നട്ടാലും നല്ല വിളവ് ലഭിക്കും. കീടങ്ങളോ രോഗങ്ങളോ ഒന്നും വലിയ രീതിയില്‍ ആക്രമിക്കുകയില്ല.


കെയ്ല്‍ അഥവാ ലീഫ് കാബേജ്

അമേരിക്കയിലും യൂറോപ്യന്‍ നാടുകളിലും സലാഡുകളിലും മറ്റു ഭക്ഷണ സാധനങ്ങളിലും കെയ്ല്‍ സ്ഥിര സാന്നിധ്യമാണ്. കേരളത്തില്‍ അടുത്തിടെയാണ് ഇതിന് പ്രചാരമേറിയത്. കാബേജിന്റെ ഇലകള്‍ പോലെ തന്നെയാണിതും. ഏറെ പോഷകസമ്പന്നമാണിത്. വിറ്റാമിന്‍ എ,സി എന്നിവ ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ശീതകാല വിളയാണെങ്കിലും നമ്മുടെ നാട്ടിലും കെയ്ല്‍ നല്ല പോലെ വളരും. ഗ്രോബാഗില്‍ കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യമാണ്.

ചൈനീസ് കാബേജ്

ചൈനക്കാരുടെ പ്രധാന ഭക്ഷണമാണിത്. സലാഡ് ഉണ്ടാക്കാനും നമ്മുടെ കറിവേപ്പില പോലെ ഫ്രൈ ഐറ്റംസിന് മുകളില്‍ വിതറാനും ഉപയോഗിക്കുന്നു. തണുത്ത കാലാവസ്ഥയില്‍ മികച്ച വിളവ് നല്‍കും. നട്ടാല്‍ രണ്ട് മാസത്തിനുളളില്‍ ഇല നുളളിത്തുടങ്ങാം. ഒറ്റ നോട്ടത്തില്‍ കാബേജ് പോലെ തോന്നിക്കും. നാപ കാബേജ് എന്നും ഇതറിയപ്പെടുന്നുണ്ട്.

സെലറി

ചൈനയാണ് സ്വദേശമെങ്കിലും നമ്മുടെ വീട്ടില്‍ വളര്‍ത്താവുന്നതും പോഷകസമൃദ്ധവുമായ ഇലവര്‍ഗത്തില്‍പ്പെട്ട പച്ചക്കറിയാണ് സെലറി. സാലഡില്‍ ഉള്‍പ്പെടുത്തിയും ജ്യൂസായും സൂപ്പായുമെല്ലാം പലരും സെലറി ഉപയോഗിക്കാറുണ്ട്. സെലറിയില്‍ വെളളത്തിന്റെ അംശം കൂടുതലുളളതിനാല്‍ എന്തുകൊണ്ടും ശാരീരികമായ ആരോഗ്യവും ഉണര്‍വ്വും നല്‍കും. നാരുകള്‍ ധാരാളമായുളളതിനാല്‍ രക്തസമ്മര്‍ദത്തെ നിയന്ത്രിക്കും. നമ്മുടെ പ്രിയവിഭവമായ ബിരിയാണിയുടെ മുകളിലൊക്കെ അലങ്കാരമായി സെലറിയെ ഇപ്പോള്‍ കാണാറുണ്ട്. വലിയ പരിചരണമൊന്നും നല്‍കാതെ ഇവ വളര്‍ത്തിയെടുക്കാം.

ലെമണ്‍ ഗ്രാസ്

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും മികച്ചതാണ് ലെമണ്‍ ഗ്രാസ്. ഇഞ്ചിപ്പുല്ല്എന്ന പേരിലാണ് നമ്മുടെ നാട്ടില്‍ അറിയപ്പെടുന്നത്. ലെമണ്‍ ഗ്രാസ് വിദേശ വിപണിയില്‍ വളരെ ഡിമാന്‍ഡ് ഉള്ള ചെടിയാണ്. പാചകാവശ്യത്തിനും ഔഷധ നിര്‍മാണത്തിനുമുപയോഗിക്കുന്ന ഇത് വീട്ടിനകത്ത് പാത്രങ്ങളിലാക്കി വളര്‍ത്താന്‍ സാധിക്കും.

 


English Summary: popular foreign vegetables in kerala

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine