ലോക്ഡൗണില്‍ പ്രതീക്ഷകള്‍ വീണു കരിഞ്ഞതോടെ ലക്ഷക്കണക്കിനു രൂപയുടെ പൂച്ചെടികള്‍ നിറഞ്ഞ തോട്ടങ്ങള്‍ കാലികള്‍ക്കു മേയുന്നതിനായി തുറന്നിട്ട കര്‍ണ്ണാടകയിലെ കര്‍ഷകര്‍ നേരിയ പ്രതീക്ഷയിലേക്ക് തിരികെ വരുന്നു. ഓര്‍ഗാനിക് പേപ്പര്‍ നിര്‍മ്മാണത്തിന് ബെംഗളൂരുവില്‍ പുഷ്പദലങ്ങള്‍ വന്‍ തോതില്‍ ഉപയോഗപ്പെടുത്തിത്തുടങ്ങിയതിനെത്തുടര്‍ന്ന് തോട്ടങ്ങളില്‍ നിന്ന് കാലികളെ പുറത്താക്കിത്തുടങ്ങി ഇവര്‍.
കൊറോണാ വൈറസ് മൂലം ഈ സീസണില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പുഷ്പവ്യാപാരത്തിന് ഏകദേശം 100 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് സൗത്ത് ഇന്ത്യ ഫ്‌ളോറി കള്‍ച്ചര്‍ അസോസിയേഷന്‍ കണക്കാക്കിയിട്ടുള്ളത്.കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും കേരളത്തിലെ ചില പ്രദേശങ്ങളിലും പുഷ്പകൃഷി ചെയ്യുന്നവര്‍ പൂക്കള്‍ പാഴാകുന്നതിന്റെ ദുഃഖത്തിലാണ്.
പൂക്കള്‍ അവശ്യവസ്തുക്കളുടെ കീഴില്‍ വരാത്തതിനാല്‍ ലോക്ഡൗണില്‍ കുരുങ്ങി. വിവാഹങ്ങളോ ആഘോഷങ്ങളോ ഇല്ലാതായതോടെ ഡിമാന്‍ഡും ‘പൂജ്യം’. ഇതോടെയാണ് കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും ഗ്രാമീണ മേഖലകളില്‍ പൂച്ചെടികള്‍ കന്നുകാലികള്‍ക്കു ഭക്ഷണമായത്. പൂക്കള്‍ നേരത്തെ പറിച്ചെടുത്ത ലക്ഷക്കണക്കിന് രൂപയുടെ പൂക്കള്‍ ഇതിനിടെ കരിഞ്ഞുപോയി. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പുഷ്പവ്യാപാരത്തിന്റെ ‘പീക്ക് ടൈം’ ഇക്കുറി തികഞ്ഞ അനിശ്ചിതത്വത്തിലാണ്.തമിഴ്‌നാട്ടില്‍ നിന്ന് ട്രിച്ചി എക്‌സപ്രസില്‍ എറണാകുളം നോര്‍ത്തിലേക്ക് ദിവസവും ക്വിന്റല്‍ കണക്കിനാണ് മുല്ല, ജമന്തി പൂക്കള്‍ വന്നിരുന്നത്.
സീഡ് പേപ്പര്‍ ഇന്ത്യയുടെ നൂതന ആശയം
പുഷ്പങ്ങളുപയോഗിച്ച ജൈവകടലാസ് നിര്‍മ്മിക്കുന്നതിനുള്ള ആശയം ആദ്യം മുന്നോട്ടുവച്ചത് ബംഗളൂരു ആസ്ഥാനമായുള്ള സീഡ് പേപ്പര്‍ ഇന്ത്യയാണ്. പുഷ്പ വ്യവസായത്തെ സഹായിക്കുകയാണിതിന്റെ പ്രധാന ലക്ഷ്യമെന്ന് സീഡ് പേപ്പര്‍ ഇന്ത്യ സ്ഥാപകന്‍ റോഷന്‍ റേ പറയുന്നു.
കര്‍ണാടക സര്‍ക്കാരും ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റിയും ചേര്‍ന്ന് രൂപീകരിച്ച ‘കൊറോണ വാറിയര്‍’ എന്ന സന്നദ്ധ സംഘത്തിലെ അംഗമാണ് റോഷന്‍.
‘ഞങ്ങളുടെ ജോലിയുടെ ഭാഗമായി ഞാന്‍ കുടിയേറ്റ തൊഴിലാളികളെയും ഭവനരഹിതരെയും കൃഷിക്കാരെയും കണ്ടുമുട്ടി. പുഷ്പ കര്‍ഷകര്‍ അവരുടെ ദുരവസ്ഥ വിവരിച്ചു. പൂക്കടലാസ് വലിയ അളവില്‍ നിര്‍മ്മിക്കാന്‍ തോന്നിയത് അപ്പോഴാണ് ‘-റോഷന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം യുഎസിലെ ഒരു ഉപഭോക്താവിനായി തങ്ങള്‍ ചെയ്ത ‘ഫ്‌ളവര്‍ പെറ്റല്‍ പേപ്പര്‍’ സാങ്കേതികവിദ്യയെപ്പറ്റി ഓര്‍മ്മിച്ചത് അപ്പോഴാണ്. ഫ്‌ളോറി കള്‍ച്ചര്‍ ഗവേഷകര്‍ സാങ്കേതിക സഹായമേകി. ബോംസാന്ദ്രയിലെ ഫാക്ടറിയില്‍ ലോക്ഡൗണിനു ശേഷം ഉല്‍പ്പാദനം വിപുലമാക്കാന്‍ തീരുമാനമെടുത്തുകഴിഞ്ഞു.
ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്ത് 100 ഏക്കറോളം സ്ഥലമുള്ള ഒരു ഡസന്‍ പുഷ്പ കര്‍ഷകര്‍ തനിക്ക് അഞ്ച് ടണ്‍ ജമന്തി, റോസ്, കാര്‍നേഷന്‍ പുഷ്പങ്ങള്‍ നല്ല വില നിരക്കില്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. പേപ്പര്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പഴയ തുണി പള്‍പ്പില്‍ വിവിധതരം പുഷ്പ ദളങ്ങള്‍ കലര്‍ത്തുന്ന പ്രക്രിയ ഏറ്റവും ഫലപ്രദമാക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ചിലെ ഫ്‌ളോറി കള്‍ച്ചര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് സി. അശ്വത്, ഫ്‌ളോറി കള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍ ജോയിന്റ് ഡയറക്ടര്‍ വിശ്വനാഥ് എന്നിവരുള്‍പ്പെടെയുള്ള വിദഗ്ധരാണ് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയത്.
പൊടി നീക്കം ചെയ്യുന്നതിനായി ലഘുവായി കഴുകുന്നതിനുമുമ്പ് ദളങ്ങള്‍ നിറത്തിനും വലുപ്പത്തിനും അനുസരിച്ച് തരംതിരിക്കും. റീസൈക്കിള്‍ ചെയ്ത തുണി പള്‍പ്പില്‍ കലര്‍ത്തി അരച്ച ശേഷം പേപ്പര്‍ ഷീറ്റുകള്‍ ഉണ്ടാക്കുന്നു. ഇത് വ്യത്യസ്ത ആകൃതിയില്‍ മുറിക്കുന്നതിന് മുമ്പ് ഒരാഴ്ചത്തേക്ക് വെയിലില്‍ ഉണക്കും.ഫ്‌ളവര്‍ പെറ്റല്‍ നോട്ട് ബുക്കുകള്‍, ഡയറികള്‍, ബുക്ക് മാര്‍ക്കുകള്‍, ലെറ്റര്‍ പാഡുകള്‍, കലണ്ടറുകള്‍, വിസിറ്റിംഗ് കാര്‍ഡുകള്‍, സുവനീറുകള്‍, മെമന്റോകള്‍ എന്നിവയില്‍ നിന്നുള്ള വരുമാനം കര്‍ഷകര്‍ക്ക് കൂടി വീതിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് റോഷന്‍ പറയുന്നു.
കേരളത്തിലെ കർഷകർ കടക്കെണിയിൽ
അതേസമയം, കേരളത്തിലെ പുഷ്പ കര്‍ഷകരില്‍ നല്ലൊരു പങ്കും കടക്കെണിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. കുമളിയില്‍ ലക്ഷങ്ങളുടെ പൂക്കളാണ് വിറ്റഴിക്കാനാകാതെ നശിക്കുന്നത്.ഈസ്റ്ററിനു ശേഷം ആരംഭിക്കുന്ന കല്യാണ സീസണ്‍ കണക്കുകൂട്ടി ചെടികളെല്ലാം വെട്ടിയൊരുക്കി വിളവെടുപ്പിന് സജ്ജമാക്കിയിരുന്നു.പക്ഷേ, നട്ടുപരിപാലിച്ച പൂക്കള്‍ വെറുതെ പറിച്ചുകളയേണ്ട ഗതികേടിലാണ് കര്‍ഷകര്‍. 7 രൂപ നിരക്കിലാണ് കട്ടപ്പന, കുമളി എന്നിവിടങ്ങളിലായി ഒരു റോസ് വിറ്റഴിച്ചിരുന്നത്. ഇവ വെട്ടിമാറ്റിയില്ലെങ്കില്‍ ചെടികള്‍ നശിക്കും എന്നതിനാല്‍ നശിപ്പിക്കേണ്ടിവരുന്നു. ഇപ്പോള്‍ റോസാ പൂക്കള്‍ വെട്ടിയെടുത്ത് കൃഷിയിടത്തില്‍ വെറുതേ കൂട്ടിയിട്ടിരിക്കുകയാണ്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് വന്നാലും പൂക്കളുടെ വിപണി സജീവമാകാന്‍ എത്രനാള്‍ കാത്തിരിക്കണമെന്ന ആശങ്കയിലാണ് നൂറ് കണക്കിന് കര്‍ഷകര്‍.
തൃശൂര്‍ ജില്ലയിലെ മാടക്കത്തറ, പാണഞ്ചേരി, നടത്തറ, പുത്തൂര്‍ പഞ്ചായത്തുകളിലും കോര്‍പറേഷന്റെ ഒല്ലൂക്കര മേഖലയിലും ധാരാളം നഴ്‌സറികളുണ്ട്. ഒട്ടേറെ വീട്ടുകാര്‍ കുടില്‍ വ്യവസായമായും നഴ്സറികള്‍ നടത്തുന്നു. 250 അതിഥിത്തൊഴിലാളികളുള്‍പ്പെടെ ആയിരത്തോളം പേരാണ് ഈ മേഖലയില്‍ ജോലിയെടുക്കുന്നത്. ഏപ്രില്‍, മേയ് മാസങ്ങളില്‍ വന്‍തോതില്‍ പൂ വില്‍പന നടക്കാറുള്ളതാണ്. മേരിഗോള്‍ഡ്, ഡയാന്തസ്, പിറ്റോണിയ, ഡാലിയ, റോസ് തുടങ്ങിയ പൂക്കളുടെ വിപണി ലോക്ഡൗണ്‍ വന്നതോടെ ഇല്ലാതായി.
നഴ്‌സറിയില്‍ വിരിഞ്ഞു നില്‍ക്കുന്ന പൂക്കളെല്ലാം പിഴുതുകളയേണ്ട സ്ഥിതിയാണ്. മഴക്കാലം ആരംഭിക്കുന്നതിനു മുന്‍പു നടേണ്ട ഫലവൃക്ഷത്തൈകളുടെ വില്‍പനയും ഇല്ലാതായി. മണ്ണുത്തിയില്‍ നിന്നു വന്‍ തോതില്‍ തൈകള്‍ വാങ്ങി വില്‍ക്കുന്ന കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇടനിലക്കാര്‍, മറ്റു ജില്ലയിലെ വ്യാപാരികള്‍, സ്ഥിരമായി വൃക്ഷത്തൈകള്‍ എത്തിച്ചു നല്‍കുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയ ഒട്ടേറെ പേര്‍ ദുരിതക്കയത്തിലാണിപ്പോള്‍.