വീടുകളിൽ ഫ്രിഡ്ജിലും മൺപാത്രങ്ങളിലുമെല്ലാം പച്ചക്കറികൾ വാങ്ങി സൂക്ഷിക്കുന്നവരാണ് നമ്മൾ. ചൂടുള്ള കാലാവസ്ഥയാണെങ്കിൽ പച്ചക്കറികൾ കേടാകുന്നതിനും സാധ്യത കൂടുതലാണ്. എന്നാൽ ഫ്രിഡ്ജിൽ നിറയ്ക്കാവുന്ന സാധനങ്ങൾക്ക് പരിധിയുണ്ട്. സ്ഥലത്തിന്റെ പ്രശ്നം മാത്രമല്ല, ചില ഭക്ഷ്യസാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കരുതെന്നും പഠനങ്ങൾ പറയുന്നു. ഇത്തരം സാഹചര്യത്തിൽ നമ്മുടെ പച്ചക്കറികൾ എങ്ങനെ കേടാകാതെ സൂക്ഷിക്കാമെന്നുള്ളതിന് മറ്റ് ഉപായങ്ങൾ തേടുക.
ബന്ധപ്പെട്ട വാർത്തകൾ: ഈ കൃഷിരീതി നല്ല വിളവ് തരും; ചുരയ്ക്ക വിളയിക്കാൻ എളുപ്പമാർഗങ്ങൾ
പച്ചക്കറി ചീയാതിരിക്കാൻ കുറച്ചു മാർഗങ്ങളുണ്ട്. അവയാണ് ചുവടെ പരിചയപ്പെടുത്തുന്നത്. ഇതിനായി ആദ്യം ചെയ്യേണ്ടത് പുറത്ത് നിന്ന് വാങ്ങിയ പച്ചക്കറികളായാലും, വീട്ടുവളപ്പിൽ നിന്ന് വിളവെടുത്ത പച്ചക്കറിയായാലും വൃത്തിയായി കഴുകി എടുക്കുക എന്നതാണ്. ഇത് പച്ചക്കറിയിലെ വിഷാംശങ്ങൾ നീക്കുന്നതിന് സഹായിക്കുന്നു.
ഇതിന് ശേഷം ഒരു കോട്ടൺ തുണിയെടുത്ത് വിരിച്ച് അതിന് മുകളിൽ പച്ചക്കറി വിതറി ഇടുക. പച്ചക്കറിയിലെ വെള്ളം ഈ തുണി ഉപയോഗിച്ച് നല്ല പോലെ ഒപ്പിയെടുക്കുക.
വെള്ളത്തിന്റെ അംശം ഒട്ടും തങ്ങി നിൽക്കാത്ത രീതിയിൽ വേണം പച്ചക്കറികൾ തുടച്ചെടുക്കേണ്ടത്. അതുപോലെ ഫ്രിഡ്ജിനുള്ളിൽ വയ്ക്കുകയാണെങ്കിൽ സ്ഥലം ലാഭിക്കാനായി ബീൻസ് പയർ പോലുള്ള പച്ചക്കറികൾ ചെറുതായി ഒന്ന് കട്ട് ചെയ്യുക. ശേഷം ഇവ പ്ലാസ്റ്റിക് കവറിലാക്കി ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കാവുന്നതാണ്.
ഫ്രിഡിജിൽ സാധാരണ നമ്മൾ ചെയ്യാറുള്ളത് പോലെ കണ്ടൈനറുകളിൽ പച്ചക്കറി നിറയ്ക്കുന്നത് സ്ഥലം നഷ്ടപ്പെടുന്നതിന് കാരണമാകും. അതിനാൽ, പച്ചക്കറികളെ ആദ്യം പാസ്റ്റിക് കൂടുകളിലാക്കി പൊതിഞ്ഞ ശേഷം കണ്ടൈനറിൽ തരംതിരിച്ച് വയ്ക്കുക. ഇങ്ങനെ ചെയാതാൽ ഒരു കണ്ടെയ്നറിനുള്ളിൽ കൂടുതൽ പച്ചക്കറികൾ ഉൾക്കൊള്ളും.
പച്ചക്കറികൾ എവിടെ സൂക്ഷിക്കാം (Where to Keep Vegetables)
ഇതിന് പുറമെ, ഏതൊക്കെ പച്ചക്കറികളാണ് അടുത്ത് വയ്ക്കേണ്ടത് എന്നതും അറിഞ്ഞിരിക്കണം. അതായത്, സവാളയും ഉരുളക്കിഴങ്ങും ഒരുമിച്ചു വയ്ക്കരുത്. എന്നാൽ, സവാളയും വെളുത്തുള്ളിയും അടുത്ത് വയ്ക്കുന്നത് പ്രശ്നമാകില്ല. സവാള ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിനേക്കാൾ വായുസഞ്ചാരം ലഭിക്കുന്ന, സൂര്യപ്രകാശമുള്ളയിടത്ത് വയ്ക്കുന്നതാണ് നല്ലത്.
തക്കാളി പച്ചയാണെങ്കിൽ ഫ്രിഡ്ജിന് പുറത്ത് സാധരണ മുറിയുടെ താപനിലയിലും, പഴുത്ത തക്കാളി ഫ്രിഡ്ജിനകത്തും സൂക്ഷിക്കാം. ഇതിന്റെ തണ്ടിന്റെ ഭാഗം ഞെരിഞ്ഞമരാതെ വേണം ഫ്രിഡ്ജിൽ വക്കേണ്ടത്.
ഇലക്കറികൾ രണ്ട് ദിവസത്തിൽ കൂടുതൽ ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ, ഒരു പേപ്പർ ടവ്വലിൽ പൊതിഞ്ഞു സൂക്ഷിക്കുന്നതിനായി ശ്രദ്ധിക്കുക. പേപ്പർ ടവ്വലിനെ കൂടാതെ കട്ടിയുള്ള പത്രക്കടലാസിൽ പൊതിഞ്ഞ് സൂക്ഷിക്കുന്നതും നല്ലതാണ്.
ഈർപ്പം അധികമുണ്ടെങ്കിൽ ടവ്വൽ അവയെ വലിച്ചെടുക്കും. ഇത് ചീര, പാലക്, മുരിങ്ങയില പോലുള്ള ഇലകൾ പുതുമയോടെ കൂടുതൽ ദിവസം സൂക്ഷിക്കും. ഇതുകൂടാതെ, ഫ്രിഡ്ജിൽ വയ്ക്കുന്നതിന് മുൻപ് കേടായ ഇലകൾ ഇവയിൽ നിന്ന് ഒഴിവാക്കുന്നതിനും ശ്രദ്ധിക്കുക.
കറിവേപ്പില സൂക്ഷിക്കാൻ.... (To Store Curry Leaves)
വീട്ടിലേക്ക് വാങ്ങുന്നതിൽ വളരെ പെട്ടെന്ന് കേടാവുന്ന ഒന്നാണ് കറിവേപ്പില. ഇതിന് പരിഹാരമായി കറിവേപ്പില വെള്ളത്തിൽ നന്നായി കഴുകിയതിന് ശേഷം വെള്ളം തോരാൻ അനുവദിക്കുക. കേട് വന്നതും, കറുപ്പ് ബാധിച്ചതുമായ ഇലകൾ നുള്ളിക്കളയുക. ഈർപ്പം പൂർണമായും മാറിയ ശേഷം, തണ്ടിൽ നിന്ന് കറിവേപ്പില ഇലകൾ നുള്ളിയെടുത്ത് വായു സഞ്ചാരം ഇല്ലാത്ത ഒരു കുപ്പിയിൽ അടച്ചു സൂക്ഷിക്കുക. ഇത് കേടാകാതെ കറിവേപ്പില ദിവസങ്ങളോളെ സൂക്ഷിക്കുന്നതിന് സഹായിക്കും.