കയ്പൻ പടവലം (Trichosanthes cucumerina)
ആയുർവേദത്തിൽ രക്തശോധനയ്ക്കുള്ള ഔഷധമായി അംഗീകരിക്കപ്പെട്ട ആരോഹി സസ്യമാണ് കാട്ടുപടവലം അല്ലെങ്കിൽ കയ്പൻ പടവലം. ഇത് സമൂലം രക്തശുദ്ധിക്കും പലവിധ ചർമ്മരോഗങ്ങൾക്കുള്ള പ്രതിവിധിയായി ഉപയോഗിച്ച് വരുന്നു. ചെടിയുടെ എല്ലാ ഭാഗങ്ങളിലും 'കുക്കുർബിറ്റാസിൻ' എന്ന രാസഘടകം അടങ്ങിയിട്ടുള്ളതിനാൽ നല്ല കയ്പുരസമാണ്.
കേരളം, പശ്ചിമബംഗാൾ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ വനങ്ങളാണ് കയ്പൻ പടവലത്തിന്റെ ആവാസകേന്ദ്രങ്ങൾ.
കാലാവസ്ഥയും മണ്ണും
ഉഷ്ണ-മീതോഷ്ണമേഖലയിൽ നന്നായി വളരുന്ന സസ്യമാണ് കാട്ടുപടവലം. ജൈവാംശം കൂടുതലുള്ള ഏതു മണ്ണിലും ഇത് നന്നായി വളരും. നല്ല നീർവാർച്ച സൗകര്യമുണ്ടായിരിക്കണം.
കൃഷിരീതികൾ
സാധാരണയായി പടവലം കൃഷി ചെയ്യുന്നതുപോലെ കാട്ടുപടവലം കൃഷി ചെയ്യാം. ആഗസ്റ്റ്-സെപ്തംബർ, ജനുവരി-ഫെബ്രുവരി മാസങ്ങളിൽ വിത്തുകൾ പാകാം. പരപരാഗണം നടക്കുമെന്നതിനാൽ പച്ചക്കറി പടവലവും കയ്പൻ പടവലവും അടുത്തടുത്ത് കൃഷി ചെയ്യാം.
കൃഷി ചെയ്യാനുള്ള സ്ഥലം നന്നായി ഉഴുതുമറിച്ചശേഷം 2 മീറ്റർ അകലത്തിൽ 50 സെ.മീറ്റർ നീളവും വീതിയും ആഴവുമുള്ള കുഴികളെടുക്കുക. 10 കി.ഗ്രാം ജൈവവളം മേൽമണ്ണുമായി കലർത്തിയശേഷം കുഴിയുടെ മുക്കാൽ ഭാഗം നിറയ്ക്കണം. 3-4 വിത്തുകൾ പാകിയശേഷം നനച്ചുകൊടുക്കുക. ചെടികൾ വലുതായി വരുമ്പോൾ പന്തലിട്ടുകൊടുക്കണം. വളർച്ച ത്വരിതപ്പെടുത്തുന്നതിനായി 7:10:5 പച്ചക്കറി മിശ്രിതം 50 ഗ്രാം വീതം ഓരോ കുഴിയിലും രണ്ടാഴ്ച യ്ക്കൊരിക്കൽ ഇട്ടുകൊടുക്കുക.
2-3 മാസങ്ങൾക്കുള്ളിൽ കായ്കളും ഉണ്ടാകും. പഴുത്ത കായ്കൾ, വിത്തിനുള്ളത് പറിച്ചെടുത്തശേഷം വള്ളി പിഴുതുമാറ്റി വെയിലത്തുണക്കുക. നന്നായി ഉണങ്ങിയ വള്ളികൾ ചെറിയ കെട്ടു കളാക്കി വില്പന ചെയ്യാം.
ഒരേക്കറിൽ നിന്നു 100 മുതൽ 200 കി.ഗ്രാം വരെ വിളവ് പ്രതിക്ഷിക്കാം.