ദിവസ ആവശ്യങ്ങൾക്കായുള്ള പച്ചക്കറികൾ അടുക്കളതോട്ടത്തിൽ തന്നെ വളർത്തുന്നവരുടെ എണ്ണം ഇന്ന് കൂടുതലാണ്. അതിന് പലതരം നേട്ടങ്ങളുമുണ്ട്. അത്യാവശ്യം പൈസ ലഭിക്കാനും അതിനും പുറമെ പലതരം രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാനും ജൈവകൃഷി നമ്മളെ സഹായിക്കുന്നുണ്ട്. അങ്ങനെയുള്ളവക്ക് ഓരോ മാസത്തിലും വളർത്താൻ അനുയോജ്യമായ പച്ചക്കറികളുടെ ലിസ്റ്റ് ലഭിച്ചാൽ വളരെ ഉപകാരപ്രദമായിരിക്കും. അവ ഏതൊക്കെയാണെന്ന് നോക്കാം.
പച്ചക്കറികൾ പെട്ടന്ന് കേടാകാതെ സൂക്ഷിക്കാം
പാവയ്ക്ക
വിപണിയില്‍ ഏറെ ഡിമാന്റുള്ള പാവയ്ക്ക പല തരത്തിലുമുള്ള അസുഖങ്ങള്‍ക്കുള്ള പ്രതിവിധിയാണ്. പലതരത്തിലുള്ള മണ്ണിലും പാവയ്ക്ക വളര്‍ത്തുന്നുണ്ട്. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണിലാണ് ഈ പച്ചക്കറി നന്നായി വളരുന്നത്.
പുസ ഹൈബ്രിഡ് 1,2 എന്നിവ ഫെബ്രുവരിയില്‍ കൃഷി ചെയ്താല്‍ നല്ല വിളവ് ലഭിക്കും. പുസ സ്‌പെഷ്യല്‍, കല്യാണ്‍പുര്‍, പ്രിയ കോ-1, എസ്.ഡി.യു-1 കോയമ്പത്തൂര്‍ ലോങ്ങ്, കല്യാണ്‍പുര്‍ സോന, പഞ്ചാബ് കരേല-1, പഞ്ചാബ്-14 എന്നിവയാണ് പാവയ്ക്കയിലെ വിവിധ ഇനങ്ങള്‍. വിത്ത് മുളയ്ക്കാന്‍ കാലതാമസമുണ്ടാകും. 15 ദിവസം വരെ വേണ്ടിവരും. നന്നായി നനച്ചാല്‍ ഒരാഴ്ചകൊണ്ട് പടര്‍ന്ന് വളരും. അപ്പോള്‍ മേല്‍വളമായി ചാണകപ്പൊടിയോ കമ്പോസ്‌റ്റോ ചേര്‍ത്ത് നനയ്ക്കണം.
പാവലിന് വള്ളി വീശുമ്പോഴും പൂവിടുമ്പോഴും ഇതുപോലെ മേല്‍വളം നല്‍കാം. ഗോമൂത്രം പത്തിലൊന്നാക്കി നേര്‍പ്പിച്ചതും ബയോഗ്യാസ് സ്ലറിയും തടത്തില്‍ ഒഴിക്കാം. കടലപ്പിണ്ണാക്ക് കുതിര്‍ത്ത് ചാണകത്തെളിയോടൊപ്പം ഒഴിക്കാം. നന്നായി കായയുണ്ടാകാനായി പന്തലിനു ചുവട്ടിലെ വള്ളിയില്‍ നിന്നും പൊട്ടിമുളയ്ക്കുന്ന ചെറിയവള്ളികള്‍ നശിപ്പിച്ചുകളയണം.
കുഞ്ഞന്‍ പാവയ്ക്ക, ഗുണത്തില്‍ കേമന്‍; എങ്ങനെ കൃഷി ചെയ്യാം?
പീച്ചിങ്ങ
ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും കൃഷി ചെയ്യുന്ന പച്ചക്കറിയാണ് പീച്ചിങ്ങ. ഇതിന്റെ വിത്തില്‍ നിന്നും എണ്ണയും വേര്‍തിരിച്ചെടുക്കാറുണ്ട്. ധാരാളം വെള്ളം അടങ്ങിയിട്ടുള്ളതിനാല്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ചൂടുള്ള കാലാവസ്ഥയാണ് കൃഷിക്ക് അനുയോജ്യം. എല്ലാ തരത്തിലുള്ള മണ്ണിലും പീച്ചിങ്ങ വളരും. പുസ സ്‌നീധ്, കാശി ദിവ്യ, സ്വര്‍ണ പ്രഭ, കല്യാണ്‍പുര്‍ഹരി ചിക്‌നി എന്നിവ പീച്ചിങ്ങയിലെ വിവിധ ഇനങ്ങളാണ്.
ചുരയ്ക്ക
പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്‌സ്, മിനറല്‍ എന്നിവയാല്‍ സമ്പന്നമാണ് ചുരയ്ക്ക. മലനിരകളിലാണ് കൃഷി ചെയ്യുന്നത്. ചൂടുള്ളതും ആര്‍ദ്രതയുള്ളതുമായ കാലാവസ്ഥയാണ് നല്ലത്. 24 മണിക്കൂര്‍ വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് വിതയ്ക്കുന്നതാണ് നല്ലത്. എളുപ്പത്തില്‍ മുളപൊട്ടാന്‍ ഇത് സഹായിക്കും.
പുസ സന്തിഷ്ടി, പുസ സന്തേഷ്, പുസ സമൃദ്ധി, പുസ ഹൈബ്രിഡ്, നരേന്ദ്ര രശ്മി, നരേന്ദ്ര ശിശിര്‍, കാശി ഗംഗ എന്നിവയാണ് ചുരയ്ക്കയിലെ വ്യത്യസ്ത ഇനങ്ങള്‍. വിത്തുകള്‍ ശേഖരിക്കുമ്പോള്‍ നന്നായി മൂത്ത ചുരയ്ക്ക ഉപയോഗിക്കണം. കൃഷി ചെയ്യുമ്പോള്‍ വേനല്‍ക്കാലത്ത് തടമുണ്ടാക്കി വിത്ത് നടാം. മഴക്കാലത്ത് മണ്ണ് കൂന കൂട്ടിയാണ് വിത്ത് നടുന്നത്. രണ്ട് കുഴികള്‍ തമ്മില്‍ 2 മീറ്റര്‍ വരെയെങ്കിലും അകലം ആവശ്യമാണ്. വെള്ളത്തില്‍ കുതിര്‍ത്ത ശേഷം വിത്ത് പാകിയാല്‍ വേഗത്തില്‍ മുളയ്ക്കും.
കുഴികള്‍ തയ്യാറാക്കുമ്പോള്‍ അടിവളമായി ജൈവവളം ചേര്‍ക്കണം. ചുരയ്ക്കയ്ക്ക് വള്ളി വീശാന്‍ തുടങ്ങിയാല്‍ യൂറിയ നല്‍കുന്നതാണ് നല്ലത്.
ചേന
വിളവെടുത്തശേഷം ഇലയും തണ്ടും വാടിത്തുടങ്ങിയ ചേനച്ചെടിയില്‍ നിന്ന് വിത്തുചേന ശേഖരിക്കാം. ചേനയുടെ തണ്ടിനെ ശീര്‍ഷമായി കണക്കാക്കി എല്ലാ ഭാഗത്തേക്കും ഒരു ചാണ്‍ നീളത്തില്‍ ത്രികോണാകൃതിയില്‍ മുറിച്ചതാണ് നടീല്‍ വസ്തുവായി ഉപയോഗിക്കുന്നത്. കഷണങ്ങള്‍ ചാണകക്കുഴമ്പില്‍ രണ്ടാഴ്ച ഉണക്കിയെടുത്താണ് നടീല്‍വസ്തു തയ്യാറാക്കുന്നത്. വരികള്‍ തമ്മിലും നിരകള്‍ തമ്മിലും മുക്കാല്‍ മീറ്റര്‍ അകലത്തിലായിരിക്കണം ചേന നടേണ്ടത്. കുഴികളില്‍ കരിയിലയിട്ട് കത്തിച്ച് ജൈവവളങ്ങള്‍ ചേര്‍ക്കാം. ചാണകപ്പൊടി തന്നെയാണ് പ്രധാന വളം. എല്ലുപൊടിയും ചേര്‍ക്കാം. ഇതിന് മുകളില്‍ മണ്ണിട്ട് മൂടി നടീല്‍ വസ്തുക്കള്‍ നടാവുന്നതാണ്. കുഴികള്‍ക്ക് മീതേ പച്ചിലയോ ഉണങ്ങിയ ഇലകളോ കൊണ്ട് പുതയിടാം. ചേന മുളച്ചു വരാന്‍ ഒരുമാസം സമയം വേണം. നല്ല നീര്‍വാര്‍ച്ചയുള്ളതും 25 മുതല്‍ 35 ഡിഗ്രി വരെ ചൂടുള്ളതുമായ സ്ഥലങ്ങളാണ് ചേന കൃഷി ചെയ്യാന്‍ അനുയോജ്യം. ചേന കിളിര്‍ത്താല്‍ പച്ചച്ചാണകം രണ്ടോ മൂന്നോ തവണ നല്‍കാം. നന്നായി നനച്ചുകൊടുക്കണം. ആറോ ഏഴോ മാസത്തിനുള്ളില്‍ ചേന വിളവെടുക്കാം.