Vegetables

കുഞ്ഞന്‍ പാവയ്ക്ക, ഗുണത്തില്‍ കേമന്‍; എങ്ങനെ കൃഷി ചെയ്യാം?

kantola

പാവല്‍ കുടുംബത്തിലെ അംഗമാണ് എരുമ പാവയ്ക്ക. പണ്ടുകാലത്ത് മരുന്നിനും, പച്ചക്കറിയ്ക്കും എരുമ പാവയ്ക്ക ധാരാളമായി ഉപയോഗിച്ചിരുന്നു. രൂപത്തില്‍ റംബൂട്ടാനോട് സാദൃശ്യമുള്ള ആകര്‍ഷകമായ കുഞ്ഞന്‍ കായകളുള്ള ഒരു പാവല്‍ ചെടിയാണിത്. വള്ളിപ്പടര്‍പ്പുകളില്‍ ധാരാളമായി പടര്‍ന്നു പിടിച്ചിരുന്ന ഈ വള്ളിച്ചെടിയുടെ കായകള്‍ കുറച്ചുകാലം മുന്‍പു വരെ നാം പച്ചക്കറിയായി ഉപയോഗിച്ചിരുന്നു. സ്‌പൈനി ഗോര്‍ഡ് എന്നറിയപ്പെടുന്ന എരുമ പാവയ്ക്കയുടെ ശാസ്ത്രീയനാമം മൊമോഡിക്ക ടയോ ഇക്ക എന്നാണ്. നമ്മുടെ കേരളത്തിലെ മണ്ണിനും കാലാവസ്ഥക്കും കൃഷി ചെയ്യാന്‍ അനുയോജ്യമാണ്. ആണ്‍ പൂവും പെണ്‍ പൂവും വ്യത്യസ്ത ചെടികളില്‍ ആണ് ഉണ്ടാകുന്നത്. ഇതിന്റെ കായ് പിടിക്കണമെങ്കില്‍ ആണ്‍പൂ പറിച്ചെടുത്തു പെണ്‍പൂവിന്റെ കേസരാഗ്രങ്ങളില്‍ മുട്ടിച്ചു കൊടുക്കണം. ഇതിനെ കൈ പരാഗണം എന്ന് വിളിയ്ക്കുന്നു.

നെയ്പ്പാവല്‍, വെണ്‍പാവല്‍, കാട്ടുകൈപ്പയ്ക്ക, മുള്ളന്‍പാവല്‍ എന്നീ പേരുകളില്‍ ഇത് പല പ്രദേശങ്ങളില്‍ അറിയപ്പെടുന്നു. പാവക്കയുടെ തൊലിപ്പുറത്ത് മൃദുവായ ചെറു മുള്ളുകള്‍ കാണാം. നന്നായി മൂത്തതും, പഴുത്തിട്ടില്ലാത്തതുമായ കായ്കള്‍ക്ക് പച്ചനിറമാണ്. ഒരു കായ്ക്ക് 30 ഗ്രാം മുതല്‍ 100 ഗ്രാം വരെ തൂക്കം വരും. 10 സെന്റീമീറ്ററോളം വലിപ്പവുമുണ്ടാകും. കയ്പ്പ് തീരെയില്ലാത്ത പാവല്‍ ഇനമാണിത്. ഇളം കായകളുടെ തൊലി നീക്കം ചെയ്ത് വിത്തടക്കം കറിവയ്ക്കാനാകും.

മെഴുക്കുപുരട്ടിയായും, ഉണക്കി വറുത്തും കായകള്‍ ഉപയോഗിക്കാം. പഴുത്ത കായകള്‍ക്കുള്ളിലെ ചുവന്ന പള്‍പ്പ് സ്വാഭാവിക നിറം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. അള്‍സര്‍, മൂലക്കുരു, പാമ്പ് വിഷം എന്നിവയ്ക്കുള്ള കഷായം നിര്‍മ്മിക്കാന്‍ എരുമ പാവയ്ക്കയുടെ കിഴങ്ങുകള്‍ ഉപയോഗിക്കാറുണ്ട്. എരുമപ്പാവലിന്റെ കായകള്‍ക്കുള്ളിലെ മാംസളമായ ഭാഗം സൗന്ദര്യവര്‍ദ്ധക ക്രീമായും , ലിപ്സ്റ്റിക്കായും സംസ്‌കരിച്ചെടുക്കാം. അസംസ്‌കൃത മാംസ്യം, നാരുകള്‍, കൊഴുപ്പ്, എന്നിവയ്‌ക്കൊപ്പം ജീവകം എ, ബി - 1, ബി - 2, ബി - 6, എച്ച്, കെ എന്നിവയുടെ കലവറ കൂടിയാണ്. ഇന്‍സുലിന്‍ ഗ്രന്ധികളെ ഉത്തേജിപ്പിച്ച് ഇന്‍സുലിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനുള്ള ഗന്റോലയുടെ ശേഷി രക്തത്തിലെ ഷുഗറിന്റെ അളവ് ക്രമീകരിക്കുന്നു.

ജനുവരി മാര്‍ച്ച് മാസങ്ങളില്‍ ആണ്‍ -പെണ്‍ ചെടികളുടെ ചുവട്ടില്‍ നിന്ന് വെവ്വേറെ ആയി കിളച്ചെടുക്കുന്ന കിഴങ്ങുകളാണ് നടീല്‍ വസ്തു ആയി എടുക്കുന്നത്. ചെടിയുടെ തണ്ടിനോട് ചേര്‍ന്ന് കക്ഷമുകുളം ഉള്ള, പൂമൊട്ടു വരാത്ത 3 - 4 മുട്ടുകള്‍ ഉള്ള നടുതലകള്‍ മുറിച്ച് വേര് പിടിപ്പിക്കുന്ന ഹോര്‍മോണ്‍ ലായനിയില്‍ മുക്കി വേരുപിടിപ്പിച്ചും തൈകള്‍ ഉണ്ടാക്കാം.ഫെബ്രുവരി -മാര്‍ച്ച് മാസങ്ങളില്‍ ഇടമഴ ലഭിക്കുന്ന മുറയ്ക്ക് നിലം കിളച്ചൊരുക്കി 1.5 x1.5മീ. അകലത്തില്‍ ഒരടി സമചതുരവും ആഴവും ഉള്ള കുഴികളില്‍ 10kg കമ്പോസ്റ്റ് അല്ലെങ്കില്‍ ഉണങ്ങി പൊടിഞ്ഞ ചാണകം, 250gm വേപ്പിന്‍പിണ്ണാക്കും മേല്‍മണ്ണുംചേര്‍ത്ത് കൊത്തിയിളക്കി മൂടുക.മണ്ണിന്റെ pH ക്രമീകരിക്കുന്നതിന് കുമ്മായപ്രയോഗം നടത്തുന്നത് നല്ലതാണ്. നല്ല പരിചരണവും ക്രമമായ പരാഗണവും ഉറപ്പാക്കിയാല്‍ ഒരു പെണ്‍ചെടിയില്‍ നിന്നും ശരാശരി 60-130 ഗ്രാം തൂക്കമുള്ള 60-80കായ്കള്‍ വരെ മെയ് -ആഗസ്ത് മാസങ്ങളില്‍ കിട്ടും 10-12 ദിവസം പ്രായമായ കായ്കള്‍ നല്ല പച്ച നിറം മാറുന്നതിനു മുന്‍പായി പറിച്ചെടുത്തു പാചകത്തിന് ഉപയോഗിക്കാം.

ബന്ധപ്പെട്ട വാർത്തകൾ

ഔഷധമാണ് കയ്പ്പയ്ക്ക , നാവിനോട് ചോദിക്കണ്ട

പാവക്ക ജ്യൂസ് പ്രമേഹം, രക്തസമ്മർദ്ദം എന്നിവയ്ക്ക് അത്യുത്തമം


English Summary: How to cultivate kantola home

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine