സാധാരണ പ്ലാവ് ഇനങ്ങളിൽ തടി മൂത്ത് 4 വർഷങ്ങൾക്കുള്ളിൽ ചക്ക കായ്ക്കുമ്പോൾ ഈ ഇനം തടി മൂക്കുന്നതിന് മുൻപെ കായ്ഫലം തരുന്നു.വരൾച്ചയെ അതിജീവിക്കുവാനുള്ള കഴിവും ഇതിനുണ്ട്-ഈ ഇനം 10 അടി അകലത്തിൽ നടാം. പടർന്ന് പന്തലിക്കാത്തതു കൊണ്ട് നിബിഡ കൃഷിയ്ക്ക് യോജിച്ചതാണ് - അതായത് 1 ഏക്കറിൽ 430 തൈകൾ വരെ നടാം. നട്ട് ഒരു വർഷത്തിന് ശേഷം ചക്കകൾ ഉണ്ടാകുന്നതിനാൽ 'ഒരു വർഷ പ്ലാവ് '. എന്ന പേരിലും ഇത് അറിയപ്പെടുന്നു.ചു ളകൾക്ക് ക്രഞ്ചി സ്വാഭാവവും നല്ല മഞ്ഞ നിറവും നല്ല മധുരവുമാണ്. മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമാണത്തിന് യോജിച്ച ഇനമാണിത്. ചക്കകൾ ഒരു ഞെട്ടിൽ കുലകളായി ഉണ്ടാകുന്നു. എന്നാൽ ഒരു ഞെടുപ്പിൽ ഒരു ചക്ക മാത്രമെ മൂക്കാൻ അനുവദിക്കാവൂ.പറിച്ചു മാറ്റുന്നവ ഇടി ചക്കയായി ഉപയോഗിക്കാം. വളർന്നു വരുന്ന ചക്കകൾ നൈലോൺ ബാഗ് ഉപയോഗിച്ച് പൊതിഞ്ഞു സൂക്ഷിച്ചാൽ ഈച്ചകളുടെ ആക്രമണത്തെ തടയാം.
ചക്ക കായ്ക്കുന്ന ദിവസം മുതൽ 110 ദിവസമാകുമ്പോൾ വിളവെടുക്കാം.ടെറസ്സിലും വളർത്താം.
നടീൽ രീതി
90 cm സമചതുരത്തിലും ആഴത്തിലും കുഴികൾ എടുക്കണം - ഒന്നിൽ കൂടുതൽ തൈകൾ വയ്ക്കുകയാണെങ്കിൽ 3 മീറ്റർ അകലം പാലിക്കണം. കുഴികൾ നിറയ്ക്കുന്ന മണ്ണിനോടൊപ്പം 15 കിലോ ചാണകപ്പൊടിയോ / കമ്പോസ് റ്റോ ( ട്രൈ കോഡെർമയോ PGPR - 1 എന്ന ജൈവ ജീവാണുക്കൾ കൊണ്ട് സമ്പുഷ്ടമാക്കിയാൽ കൊള്ളാം ) കലർത്തണം. ഇതിന്റെ കൂടെ ഒരു കിലോ റോക് ഫോസ്ഫേറ്റ് ,1 കിലോ വേപ്പിൻ പിണ്ണാക്ക് , 50 gm വാം എന്നിവ ചേർക്കുക. ഇവ കുഴികളിൽ നിന്നെടുത്ത മേൽ മണ്ണുമായി യോജിപ്പിച്ച് കുഴികൾ പൂർണ്ണമായും മൂടണം - മൂടിയ കുഴികളുടെ മുകൾ ഭാഗം ഈ മിശ്രിതം തന്നെ ഉപയോഗിച്ച് കൂന കൂട്ടണം.ഇങ്ങനെ ഉയർത്തിയ കുനയിൽ തൈ ഇറക്കി വയ്ക്കാൻ പാകത്തിന് പിള്ള കുഴിയെടുത്ത് കവറിനുള്ളിലെ മണ്ണുടയാതെ പോളിത്തീൻ കവർ ശ്രദ്ധയോടെ നീക്കി തൈകൾ നടാം. തൈകളുടെ ഒട്ടു സന്ധി മണ്ണിന് അൽപ്പം മുകളിൽ വരത്തക്കവണ്ണം തൈകൾ നടണം.