Vegetables

വിഷുവിനായി കണിവെള്ളരി വീട്ടിൽ നടാം 

വിഷു മലയാളിയുടെ പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നാണ്.കണികാണലും കൈനീട്ടവുമാണ് വിഷുവിൻ്റെ  പ്രധാന ഇനങ്ങള്‍. വെള്ളരി, വേനല്‍ക്കാലത്ത് കൃഷിചെയ്യാന്‍ ഏറ്റവും യോജിച്ച പച്ചക്കറി വിളയാണ്  കണിവെള്ളരി  നടാനുള്ള സമയമാണിപ്പോള്‍. കൃഷി ഇപ്പോള്‍ തുടങ്ങിയാല്‍ വിഷുവിന് കണികാണാനും കറിവെയ്ക്കാനും സ്വന്തമായി വെള്ളരി വിളയിക്കാം.

കൃഷിരീതി

ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ വെള്ളരിക്കൃഷി ആരംഭിക്കാം. വേനല്‍ക്കാലത്ത് വയലുകളില്‍ നടാവുന്നതാണ്. കൊയ്തു കഴിയുമ്പോഴേക്കും ചെറിയ കവറുകളിലേക്ക്, മണല്‍, ചാണകപ്പൊടി, മണ്ണ് എന്നിവ 1:1:1 എന്ന അനുപാതത്തില്‍ കൂട്ടി കലര്‍ത്തിയ മിശ്രിതം നിറച്ച് വിത്ത് പാകണം. ആവശ്യത്തിന് നനവ് കൊടുക്കണം. 2-3 ഇലകള്‍ വന്നു കഴിയുമ്പോള്‍ വയലില്‍ കുഴികളെടുത്ത് അടിവളം ചേത്ത് വേരിളകാതെ കവര്‍ പൊട്ടിച്ച് മണ്ണോടു കൂടി നടണം. ഇതു പോലെ ധാരാളം സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളില്‍ വേണം വെള്ളരികള്‍ നടാന്‍. നടാന്‍ പോകുന്ന സ്ഥലത്ത് മണ്ണ് കൊത്തിയിളക്കി 60 സെ.മീ. വ്യാസവും, 45 സെ.മീ. ആഴവും ഉള്ള കുഴികളെടുത്ത്, ചാണകപ്പൊടി, ചകിരിച്ചോര്‍ ഉണങ്ങിയ ഇലകള്‍ എന്നിവ കൂട്ടി കലത്തി കുഴി മൂടണം അതിനു ശേഷം മേല്‍മണ്ണ് അല്‍പ്പം മാറ്റി വിത്തുകള്‍ പാകാം.രണ്ടടി വ്യാസത്തിലും ഒന്നരയടി ആഴത്തിലും കുഴിയെടുക്കുക. 

വളപ്രയോഗം

ജൈവവളങ്ങളായ കോഴിക്കാഷ്ടം, കടലപ്പിണ്ണാക്ക്, പച്ചച്ചാണകം പുളിപ്പിച്ചത്, ആട്ടിന്‍ കാഷ്ടം, വെണ്ണീര് എന്നിവയെല്ലാം വെള്ളരി വര്‍ഗങ്ങള്‍ക്ക് നല്ല ജൈവവളമായി ഉപയോഗിക്കാം. ഇവയിലേതെങ്കിലും വളം മാസത്തിലൊരു തവണ മേല്‍ മണ്ണ് ചെറുതായി ഇളക്കി വളമിട്ട് മണ്ണ് വിതറണം. ഇതോടൊപ്പം ഇടക്ക് പച്ചിലകമ്പോസ്റ്റ് കൊടുക്കുന്നത് നല്ലതാണ്.

കീടാക്രമണങ്ങള്‍

ഇലകളില്‍ ചെറിയ വട്ടത്തില്‍ ദ്വാരങ്ങളുണ്ടാക്കുന്ന മത്തന്‍ വണ്ടുകള്‍ ഇലയെ അസ്ഥികൂടമാക്കുന്ന ആമ വണ്ടുകളും മുള്ളന്‍ പുഴുക്കളും കായീച്ചയുമാണ്  പ്രധാന കീടങ്ങള്‍.കായീച്ചയുടെ ആക്രമണം ഇളംപ്രായത്തിലുള്ള കായ്കളിലാണ് ഉണ്ടാവുക .കായ്ക്കുള്ളില്‍ പുഴുക്കളും ഉണ്ടാവാറുണ്ട്. വിരിഞ്ഞു വരുമ്പോള്‍ തന്നെ തുണിയൊ, പോളിത്തീന്‍ കവറുകളൊ വച്ച് പൊതിയുന്നത് കായീച്ചകളുടെ ആക്രമണം കുറയ്ക്കും. കൂടാതെ കായീച്ച കെണി വെക്കുന്നത് നല്ലതാണ്. വെള്ളരി വര്‍ഗങ്ങളില്‍ വൈറസിന്റെ അക്രമണം മൂലം ഇല മഞ്ഞളിച്ച് ചെടി മുഴുവന്‍ വ്യാപിക്കുന്നത് പ്രധാന പ്രശ്‌നമാണ്. ഈ വൈറസിനെ ഒഴിവാക്കാന്‍ വേപ്പധിഷ്ടിത കീടനാശിനികളോ, വേപ്പിന്‍ കുരു സത്തോ രണ്ടാഴ്ചയിടവിട്ട് ഇലകളില്‍ തളിച്ച് കൊടുക്കുക.ചെടിയെ കുരുടപ്പിക്കുന്ന മൊസേക് രോഗം, ഇലകളിലെ മഞ്ഞപ്പുള്ളി രോഗം, പൗഡര്‍ വിതറിയപോലെ ഇലകളില്‍ കാണുന്ന പൊടി, കുമിള്‍ രോഗം എന്നിവയാണ് പ്രധാന രോഗങ്ങള്‍.

വിളവെടുപ്പ്

ഇളംപ്രായത്തില്‍ കറികള്‍ക്ക് വേണ്ടവ വിളവെടുക്കാവുന്നതാണ്. ഏകദേശം വിത്ത് നട്ട് രണ്ടു മാസം കഴിയുമ്പോള്‍ വിളവെടുക്കാന്‍ തുടങ്ങാവുന്നതാണ്. വളരെ കാലം സൂക്ഷിച്ചു വയ്ക്കണമെങ്കില്‍ നന്നായി മൂത്തതിനു ശേഷമെ വിളവെടുക്കാവൂ.

Share your comments