കേരളത്തിൽ വലിയ പ്രചാരം കിട്ടിയിട്ടില്ലാത്ത കുക്കുമ്പർ കുടുംബത്തിൽപെട്ട ഒരു പച്ചക്കറി ഇനമാണ് സുക്കിനി. ഇവ ഗൾഫ് രാജ്യങ്ങളിൽ കൂസ എന്ന പേരിലാണ് അറിയപ്പെടുന്നത്. പരിമിതമായ സ്ഥലത്തും വിളയുമെന്നതിനാലും വിപണിയിൽ നല്ല പ്രതികരണമുള്ളതിനാലും സുക്കിനി കൃഷിയിലേക്ക് ആകൃഷ്ടരായി ധാരാളം ആളുകൾ എത്തുന്നുണ്ട്. ഈ വിദേശ പച്ചക്കറിക്ക് ഇപ്പോൾ നമ്മുടെ നാട്ടിലും ആവശ്യക്കാർ ഏറി വരുകയാണ്. ഇവ നമ്മുടെ കാലാവസ്ഥയിൽ വളരെ നന്നായി വളരുകയും നല്ല വില നൽകുകയും ചെയ്യും. ഇത് പ്രധാനമായും സാലഡ് ഉണ്ടാക്കാനാണ് ഉപയോഗിക്കാറുള്ളത്.
മാരോച്ചെടി, മാരോപ്പഴം എന്നീ പേരുകളിലാണ് ഇവ നമ്മുടെ നാട്ടിൽ അറിയപ്പെട്ടിരുന്നത്. ധാരാളം നാരുകളുള്ള ഈ പച്ചക്കറി വേനൽക്കാലത്ത് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ജലാംശം നല്ല രീതിയിൽ അടങ്ങിയിട്ടുള്ള സുക്കിനി വളരെ കുറഞ്ഞ കലോറി പ്രദാനം ചെയ്യുന്നതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിലുൾപ്പെടുത്താവുന്നതാണ്. ഒരു മീറ്റർ വരെ നീളത്തിൽ വളരുന്ന ഇവ കടും പച്ച, മഞ്ഞ നിറങ്ങളിൽ കാണപ്പെടുന്നു. മഞ്ഞ കായക്ക് കിലോഗ്രാമിന് 50 രൂപയും പച്ചക്ക് 100 രൂപയും വിപണിയില്‍ വിലയുണ്ട്. ഇലയ്ക്കും പൂവിനും മത്തനോട് സാമ്യമുണ്ട്. ലെബനൻ , ജോർദാൻ എന്നിവിടങ്ങളിലാണ് കൂടുതലായും ഇവ കൃഷി ചെയ്യുന്നത്.
എങ്ങനെയെല്ലാം ഉപയോഗിക്കാം
സുക്കിനി ഉപയോഗിച്ചു വിവിധങ്ങളായ വിഭവങ്ങൾ നമ്മുക് തയ്യാറാക്കാവുന്നതാണ്. സലാഡുകളിൽ ചേർക്കാനാണ് ഇവ പ്രധാനമായി ഉപയോഗിക്കുന്നത്. കൂടാതെ ഇത് പച്ചയ്ക്ക് കഴിക്കാനും നല്ല രുചിയാണ്. വിദേശരാജ്യങ്ങളിൽ ഇത് ഉപയോഗിച്ച നൂഡിൽസ് മുതൽ കേക്ക് വരെ തയ്യറാക്കാറുണ്ട്. നമ്മുടെ നാട്ടിൽ തോരൻ, പച്ചടി, സാമ്പാർ , മോര് കറി, പരിപ്പുകറി ,റോസ്റ്റ് എന്നിങ്ങനെ പലതരത്തിൽ ഉപയോഗിക്കാറുണ്ട്. പിസകളുടെയും സൂപ്പുകളുടെയും പല രുചികരമായ പാചകത്തിലും സുക്കിനി ഉപയോഗിക്കാറുണ്ട്. ഈ വിഭവം തയ്യാറാക്കാൻ ഒലിവ് ഓയിലും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് സുക്കിനി ഗ്രിൽ ചെയ്യാം. അച്ചാറുകൾ ഉണ്ടാക്കാനും ഇവ അനുയോജ്യമാണ്.
കൃഷിരീതി
കീടങ്ങളുടെ അക്രമണം കുറവായതും ഹ്രസ്വകാലയളവില്‍ വിളവെടുക്കാന്‍ കഴിയുന്നതും സുക്കിനി കൃഷി ലാഭകരമാക്കും.സുക്കിനിയുടെ വിത്ത് ഓൺലൈൻ ആയി വാങ്ങാവുന്നതാണ്. 110 ദിവസം വളര്‍ച്ചയെത്തിയാല്‍ ഇവ വിളവെടുക്കാനാകും. ഒരു വര്‍ഷത്തില്‍ മൂന്നു പ്രാവശ്യം വരെ കൃഷി ചെയ്യാം. ഒരു ചെടിയില്‍ നിന്നു മാത്രം അഞ്ചു കിലോഗ്രാം വരെ കായ്കള്‍ ലഭിക്കും. ₹50 മുതൽ ₹150 വരെ വിലകളിൽ വിത്തുകൾ ലഭ്യമാകും. സാധാരണ പോട്ടിംഗ് മിശ്രിതം സീഡ് ട്രേയിൽ നിറച്ചശേഷം അര സെ൯റീമീറ്റർ താഴ്ത്തി വിത്ത് നടുക. നിലമൊരുക്കുമ്പോൾ ഒരു മാസം മുമ്പ് ചാണകമോ കമ്പോസ്റ്റോ ചേർത്തിളക്കി മണ്ണ് ഫലഭൂഷ്ടമാക്കേണ്ടതാണ്. അതോടൊപ്പം ചവറുകൊണ്ട് പുതയിടുന്നത് നല്ലതാണ്. അതിനാൽ കളകൾ അധികം വളരാതെയിരിക്കുകയും മണ്ണിൻ്റെ സ്വഭാവിക ജൈവ പ്രക്രിയയെ ത്വരിതപ്പെടുത്തുകയും ചെയ്യും. ഇവ നടുമ്പോൾ ചെടികൾ തമ്മിൽ അര മീറ്റർ അകലം സൂക്ഷിക്കുക. ചെടി നട്ടുകഴിഞ്ഞാൽ ഇടക്കിടയ്ക്ക് നനയ്ക്കണം. പുളിപ്പിച്ച പിണ്ണാക്കോ ചാണകലായനിയോ സ്ലറിയോ ആഴ്ചയിലൊരിക്കൽ നൽകുന്നത് നല്ലതാണ്. രണ്ടുമാസം കൊണ്ട് പൂർണ്ണ വളർച്ചയെത്തുന്ന ഇവ കായ്കൾ നൽകാൻ തുടങ്ങും. ഇവയുടെ പൂവും തോരൻ ഉണ്ടാക്കാൻ നല്ലതാണ്.
ഗുണങ്ങൾ
മലബന്ധം തടയാനും ദഹനത്തെ സഹായിക്കാനും ഇവ വളരെ നല്ലതാണ്.കൊളസ്ട്രോൾ കുറയ്ക്കുകയും,കാൻസറിനെ പ്രതിരോധിക്കാനും ഇവയ്ക്ക് കഴിയും. മഗ്നീഷ്യം അടങ്ങിയതിനാൽ ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. ഹൈപ്പർടെൻഷനോ ഉയർന്ന രക്തസമ്മർദ്ദമോ ഉള്ളവർക്ക് അനുയോജ്യമാണ്.വിറ്റാമിൻ സി, വിറ്റാമിൻ എ എന്നിവയുടെ നല്ല ഉറവിടമാണിത്. ദോഷകരമായ ഫ്രീ റാഡിക്കലുകളെ ചെറുക്കാനും കണ്ണുകൾക്ക് ചുറ്റുമുള്ള വീക്കം കുറയ്ക്കാനും സഹായിക്കുന്നു.