പഴയ കാലങ്ങളെ അപേക്ഷിച്ച് ഇന്ന് അല്‍ഷിമേഴ്സ് രോഗം (Alzheimer's Disease) കൂടുതൽ ആളുകളിൽ കാണുന്നുണ്ട്. പ്രായമായവരിലാണ് കൂടുതലായും അല്‍ഷിമേഴ്സ് കാണപ്പെടുന്നത്. തുടക്കത്തിൽ വര്‍ത്തമാനകാലത്തെ കുറിച്ചും പിന്നീട് കാലക്രമേണ കഴിഞ്ഞ കാലങ്ങളെ കുറിച്ചും മറന്ന് ബുദ്ധിമാന്ദ്യം പോലെ ആയി മാറുന്ന അവസ്ഥയാണ് അല്‍ഷിമേഴ്സിലുണ്ടാകുന്നത്. ഇതിന് പ്രത്യേകിച്ച് ചികിത്സയൊന്നുമില്ല. രോഗിയെക്കാള്‍ ഒരുപക്ഷേ രോഗിക്ക് ചുറ്റുമുള്ളവര്‍ കൂടുതലായി ബാധിക്കപ്പെടുന്ന ചുരുക്കം അസുഖങ്ങളിലൊന്ന് കൂടിയാണ് അല്‍ഷിമേഴ്സ്.
ബന്ധപ്പെട്ട വാർത്തകൾ: ഭക്ഷണം പാകം ചെയ്യുമ്പോൾ അലൂമിനിയം പാത്രങ്ങൾ ഉപയോഗിക്കാതിരിക്കൂ, കാരണങ്ങൾ നോക്കാം
അല്‍ഷിമേഴ്സ് രോഗത്തിനുള്ള ശരിയായ കാരണം കൃത്യമായി വിശദീകരിക്കാൻ ബുദ്ധിമുട്ടാണെങ്കിലും ജനിതക ഘടകങ്ങളടക്കം പല കാരണങ്ങളും ഇതിലേക്ക് നയിക്കുന്നുവെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. എന്തുതന്നെ ആണെങ്കിലും ഈ രോഗത്തെ നിയന്ത്രിക്കാനോ പരിഹരിക്കാനോ സാധ്യമല്ല.
എന്നാല്‍ പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത് രോഗം ഭാവിയില്‍ വരാമെന്ന് മുൻകൂട്ടി അറിയാൻ സാധിക്കുമെന്നാണ്. അല്‍ഷിമേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത് ഏറ്റവും ലളിതമായൊരു രക്തപരിശോധനയിലൂടെ അടുത്ത പതിനേഴ് വര്‍ഷത്തിനുള്ളില്‍ അല്‍ഷിമേഴ്സ് പിടിപെടുമോയെന്നത് അറിയാൻ സാധിക്കുമെന്നാണ്. ഉറപ്പിച്ചുപറയാൻ സാധിക്കില്ലെങ്കിലും, സാധ്യതകളുണ്ടെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ബ്രഹ്മിയുടെ ആർക്കുമറിയാത്ത അമൂല്യഗുണങ്ങളെക്കുറിച്ച്
രക്തത്തില്‍ കാണുന്ന ഒരിനം പ്രോട്ടീനാണത്രേ അല്‍ഷിമേഴ്സ് രോഗത്തിലേക്ക് വിരല്‍ചൂണ്ടുന്നത്. ഇത് ലളിതമായ പരിശോധനയിലൂടെ കണ്ടെത്താമെന്നാണ് ഗവേഷര്‍ അവകാശപ്പെടുന്നത്. ഈ പ്രോട്ടീൻ പിന്നീട് തലച്ചോറില്‍ അടിഞ്ഞുകൂടുകയും കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുകയാണത്രേ.
'ഈ പ്രോട്ടീൻ തലച്ചോറിലെത്തി അവിടെ അടിഞ്ഞുകൂടി കിടക്കാൻ തുടങ്ങുന്നതിന് മുമ്പ് തന്നെ നമുക്ക് രോഗവിവരം അറിയാൻ സാധിക്കും. ഇതുകൊണ്ടുള്ള ഫലം എന്തെന്നാല്‍ നമുക്ക് നേരത്തെ തെറാപ്പി തുടങ്ങിവയ്ക്കാൻ സാധിക്കും. രോഗം ഗുരുതരമാകുന്നതും രോഗം രോഗിയെ കടന്നുപിടിക്കുന്നതും നമുക്ക് ഫലപ്രദമായ തെറാപ്പിയിലൂടെയും ജീവിതരീതികളിലൂടെയും നീട്ടിവയ്ക്കാൻ സാധിക്കും'- പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകരിലൊരാളായ പ്രൊഫസര്‍ ക്ലോസ് ഗെര്‍വെര്‍ട്ട് പറയുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഓർമ്മശക്തിക്കും, ബുദ്ധി വികാസത്തിനും ഈ ഭക്ഷണങ്ങൾ കഴിക്കുക
വര്‍ഷങ്ങളോളം നീണ്ട പഠനമാണ് ഇതിനായി ഗവേഷകര്‍ നടത്തിയത്. മറവിരോഗത്തെ കുറിച്ചും ഓര്‍മ്മകള്‍ നശിച്ചുപോകുന്ന ദാരുണമായ അവസ്ഥയെ കുറിച്ചും നേരത്തെ അറിയാൻ സാധിച്ചാൽ അത് തീര്‍ച്ചയായും ശാസ്ത്രത്തിന്‍റെ വലിയ നേട്ടം തന്നെയായി കണക്കാക്കാം.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.