കേട്ടാൽ വളരെ ബാലിശമാണെന്നു തോന്നാവുന്ന ഒരു തലക്കെട്ടാണിത്. എങ്കിലും ഇതിനു പിന്നിൽ തികഞ്ഞൊരു പ്രായോഗികത കുടി കൊള്ളുന്നു. ഒരു വാഴക്കന്ന് നട്ട് എട്ടൊൻപതു മാസങ്ങൾ കഴിയുമ്പോൾ അത് തള്ളവാഴയായി തീരുകയും ചുവട്ടിൽ ധാരാളം കന്നുകൾ മുളയ്ക്കുകയും ചെയ്യും.
ഈ കന്നുകൾ തള്ളവാഴയിൽ നിന്നും പോഷണം സ്വീകരിച്ചു കൊണ്ടാണ് പുഷ്ടിപ്പെടുന്നത്. ഇത് ഇങ്ങനെ തന്നെ തുടർന്നാൽ തള്ള വാഴയിൽ വിടരാൻ പോകുന്ന കുലയുടെ വിളവ് കുറവായിരിക്കുമെന്ന് തിരിച്ചറിയാവുന്നതാണ്.
തള്ളവാഴയുടെ ചുവട്ടിൽ മുളയ്ക്കുന്ന വാഴക്കന്നുകളെ വളരാതിരിക്കാൻ അനുവദിച്ചാൽ മാത്രമേ നല്ല വിളവെടുക്കാൻ കഴിയുകയുള്ളൂ. അതുകൊണ്ടാണ് കർഷകർ ഇത്തരം കന്നുകളെ കാലുകൊണ്ട് ചവുട്ടി വളർച്ച മുരടിപ്പിക്കുന്നത്.
എന്നാൽ കുലയുടെ വളർച്ച പകുതി കഴിയുന്നതോടെ ഈ പ്രവർത്തി തുടരാറില്ല. ഇങ്ങനെ കന്നുകളെ നശിപ്പിച്ചാലെ നല്ല വിളവ് ലഭിക്കുവെന്ന് ഓർമിപ്പിക്കുന്നതിനു പകരം നേന്ത്രവാഴക്കുലയിൽ നിന്നുമുള്ള വെള്ളം തെക്കോട്ടുള്ള കന്നിൽ വീഴരുതെന്നാണ് പഴമക്കാർ പറഞ്ഞിരുന്നത്. എന്നുവച്ചാൽ തെക്കോട്ടുള്ള കന്ന് നശിപ്പിക്കണമെന്നു സാരം.
തെക്കോട്ടുള്ളതിനെ മാത്രമല്ല കന്നുകളൊന്നിനേയും കുല പാകമാകുന്നതുവരെ വളരാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് കൂട്ടിച്ചേർക്കുന്നതാണ് നല്ലത്.
നേന്ത്രവാഴക്കുലമാത്രമല്ല ഏതു വാഴയുടെയും കന്നുകളെ കുല പകുതിയെങ്കിലും പാകമാകുന്നതുവരെ വളരാനനുവദിക്കരുതെന്നാണ് കൃഷിശാസ്ത്രജ്ഞന്മാർ പറയുന്നത്. തള്ള വാഴയ്ക്ക് ലഭിക്കുന്ന വെള്ളവും വളവുമൊക്കെ വാഴക്കന്നുകൾ സ്വീകരിക്കുമ്പോൾ അതു ബാധിക്കുന്നത് തളളവാഴയിലെ കുലകളെയാണ്.
അങ്ങനെ കുലയുടെ വളർച്ച ത്വരിതപ്പെടുത്താനും പുഷ്ടിയേറിയ കുല ലഭിക്കാനും വേണ്ടിയാണ് ആദികാലം മുതൽ കുലവാഴയുടെ കന്നുകളെ കാലുകൊണ്ട് ചവിട്ടി മെതിക്കണമെന്ന് പഴമക്കാർ ഓർമിപ്പിച്ചിരുന്നത്.