News

വാഴയ്ക്കും ക്യാൻസർ : പരിഹാരമുണ്ടെന്ന് കൃഷിവകുപ്പ്

ഫ്യൂസേറിയം ഓക്സിസ്പോറം വിഭാഗത്തിൽപെടുന്ന കുമിളുകൾ പരത്തുന്ന രോഗത്തെ’ ബനാന ക്യാൻസർ’ എന്നാണ് വിശേഷിപ്പിക്കുന്നത്. ക്യാൻസർ പോലെ തന്നെ മാരകമായ ഒരു രോഗമാണിത്.

പനാമ വാട്ടത്തെ പൂർണമായും ഭേദമാക്കാൻ സാധിക്കുന്ന രാസവസ്തുക്കളും ഇതുവരെ കണ്ടെത്തിയിട്ടില്ല. ലോകമെമ്പാടുമുള്ള വിളകളുടെ രോഗങ്ങൾ പരിഗണിച്ചാൽ ഏറ്റവുമധികം നാശനഷ്ടമുണ്ടാക്കുന്ന രോഗങ്ങളിൽ ഒന്നാണിത്.

വാഴയുടെ ഇലകൾ മഞ്ഞളിച്ച്‌ വാടുകയും തവിട്ടുനിറമായി താഴേക്ക് തൂങ്ങുകയും ചെയ്യും. ഇതോടൊപ്പം വാഴത്തടയിൽ മണ്ണിനോടു ചേർന്ന് നീളത്തിൽ വിള്ളൽ കാണുകയും ചെയ്യും. രോഗവ്യാപനം നടക്കുന്നത് രോഗബാധയുള്ള നടീൽ വസ്തുക്കൾ വഴിയാണ്.

ഈ കുമിളിന്‌ നിരവധി വർഷം മണ്ണിൽ അതി ജീവിക്കുവാനുള്ള കഴിവുണ്ട്. പൂവൻ, ഞാലി, കദളി, മൊന്തൻ എന്നീയിനം വാഴകൾക്ക് പ്രതിരോധശക്തി തീരെ കുറവാണ്. കിഴക്കമ്പലം പഞ്ചായത്തിലെ ചൂരക്കോട്, പൊയ്യക്കുന്നം പ്രദേശങ്ങളിലെ വാഴ കർഷകരാണ് രോഗം പടരുന്നത് ആദ്യം ചൂണ്ടിക്കാട്ടിയത്. പൊയ്യക്കുന്നത്ത് നാന്നൂറോളം പൂവൻ വാഴകളാണ് ഇത്തരത്തിൽ നശിച്ചുപോയത്. അതേ വാഴക്കുഴിയിലെ മറ്റു വാഴക്കണ്ണുകൾക്കും ഇതേ രോഗം ബാധിച്ചരുന്നു. ചൂരക്കോടിലെ കൃഷിയിടങ്ങളിലെ മുന്നൂറോളം വാഴകൾ നശിച്ചു. പട്ടിമറ്റത്തും ഇത്തരത്തിൽ രോഗം ബാധിച്ചിട്ടുണ്ട്.

ബാഹ്യ രോഗലക്ഷണങ്ങൾ പ്രകടമാകുന്നത് വാഴകൾ വളർന്ന് നാലഞ്ചുമാസമാകുമ്പോഴാണ്. ഇലകൾ മഞ്ഞളിക്കുകയും വാടി തണ്ടൊടിഞ്ഞ് തൂങ്ങിക്കിടക്കുകയും ചെയ്യും. പുതിയ ഇലകൾ ഉണ്ടാകാതെയാകും. പിണ്ടിയിൽ അവിടവിടെയായി വിള്ളലുകൾ കാണാം. പിണ്ടി മണ്ണിനോട് ചേരുന്ന ഭാഗത്തുനിന്നാണ് വിള്ളൽ ആരംഭിക്കുന്നത്. രോഗം മൂർച്ഛിക്കുമ്പോൾ വാഴ കടയോടെ ചരിഞ്ഞു വീഴും. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഈ രോഗത്തിലൂടെ കർഷകർക്കുണ്ടാകുന്നത്.

വാഴയുടെ ജലവാഹകക്കുഴലുകളിലാണ് കുമിളുകൾ വളരുന്നത്. ഇത് ജലത്തിന്റെ നീക്കം തടസ്സപ്പെടുത്തുകയും തന്മൂലം വാഴകൾ വാടി നശിക്കുകയും ചെയ്യും. വാഴകൾ മണ്ണിൽ വീണാൽ പിന്നീട് കുമിളുകൾ മണ്ണിൽ ജീവിക്കും. ഇതേ സ്ഥലത്ത് കൃഷി തുടർന്നാൽ പിന്നെയും രോഗം അടുത്ത വാഴകളിലേക്ക് ബാധിക്കും. ഒരു വാഴയിൽ രോഗം ബാധിച്ചാൽ പിന്നെ തോട്ടം മുഴുവനായി നശിപ്പിക്കാൻ ഈ രോഗത്തിനാവും. രോഗം ബാധിച്ച വാഴകളുടെ കന്നുകൾ നടാനായി ഉപയോഗിക്കുന്നത് വഴിയും ഈ രോഗം പടർന്നു പിടിക്കാം. മറ്റു സംസ്ഥാനങ്ങളിൽ നിന്നും കന്നുകൾ എത്തിച്ചു നടുന്നതും രോഗമുള്ള സംസ്ഥാനങ്ങളിൽനിന്ന് ഇല്ലാത്ത ഇടങ്ങളിലേക്ക് പകരാൻ കാരണമാകും.

പൂവൻ, ഞാലി പൂവൻ, മൊന്തൻ, കർപ്പൂരവള്ളി, കാവൻഡിഷ് എന്നീ ഇനങ്ങൾ രോഗസാധ്യത ഏറ്റവും കൂടിയ ഇനങ്ങളാണ്. ബീഹാർ, ഗുജറാത്ത്, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കാവൻഡിഷ് വാഴകളെയാണ് പനാമ വട്ടം സാരമായി ബാധിച്ചിരിക്കുന്നത്. റോബസ്റ്റ, ഗ്രാൻഡ് നൈൻ എന്നീ ഇനങ്ങൾ ഉൾപ്പെടുന്ന, വിപണി സാധ്യത ഏറ്റവും കൂടിയ വിഭാഗമാണ് കാവൻഡിഷ് വാഴകൾ.

കൃഷിവകുപ്പിെന്റ നിർദശേങ്ങൾ

ഗുരുതരമായ രോഗം ബാധിച്ച വാഴകൾ വേരോടെ പിഴുത് കൃഷിയിടത്തിൽ നിന്ന്‌ മാറ്റി കത്തിച്ചുകളയണം. കേടുവന്ന വാഴയുടെ ഭാഗങ്ങൾ പുതയിടാനോ കമ്പോസ്റ്റ് ആക്കാനോ നന്നല്ല. കൃഷിയിടത്തിലെ വാഴക്കന്നുകളും നശിപ്പിക്കണം.

സാരമായ രോഗബാധയുള്ള സ്ഥലങ്ങളിൽ അടുത്ത ഒന്നുരണ്ടു വർഷത്തേക്ക് വാഴ നടരുത്. പകരം മറ്റു വിളകൾ നടാം. അതിനുശേഷം വാഴ നടുകയാണെങ്കിൽ പ്രതിരോധ ശേഷി കൂടുതലുള്ള നേന്ത്രൻ, പാളയംകോടൻ തുടങ്ങിയവ പരീക്ഷിക്കണം. അതോടൊപ്പം പ്രതിരോധമുറകൾ അനുവർത്തിക്കുകയും വേണം.

അംഗീകൃത സ്രോതസ്സിൽ നിന്ന്‌ വാങ്ങുന്ന, ആരോഗ്യമുള്ള നടീൽ വസ്തുക്കൾ മാത്രം ഉപയോഗിക്കണം. വാഴക്കന്ന് നടുന്ന അവസരത്തിൽ കുഴിയൊന്നിന്‌ ഒരുകിലോ വീതം വേപ്പിൻ പിണ്ണാക്ക്, എ.എം.എഫ്. കൾച്ചർ 100 ഗ്രാം, ട്രൈക്കോഡർമ, സ്യൂഡോമോണസ്, പി.ജി.പി.ആർ. മിക്സ് എന്നിവ 50 ഗ്രാം വീതം ചേർക്കുന്നതും ഫലപ്രദമാണ്. ട്രൈക്കോഡർമ, സ്യൂഡോമോണസ്, പി.ജി.പി.ആർ. മിക്സ് എന്നിവ 50 ഗ്രാം വീതം രണ്ടാമത്തേയും നാലാമത്തേയും മാസങ്ങളിൽ ചേർക്കുന്നതും ഫലപ്രദമാണ്.


English Summary: BANANA WILT - CANCER IN BANANA

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine