നിരവധി മാരകരോഗങ്ങൾ കടന്നു വരുന്ന ഈ കാലഘട്ടത്തിൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്നത് അത്യന്താപേക്ഷിതമായ കാര്യമാണ്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാൻ ഏറ്റവും ലളിതമായ കാര്യം തേനിൻറെ ഉപയോഗം കൂട്ടുക എന്നതാണ്. കാരണം അത്രമേൽ ഔഷധഗുണമുള്ള ഒന്നാണ് തേൻ. ശുദ്ധമായ തേൻ സേവിച്ചാൽ രോഗപ്രതിരോധശേഷി വർദ്ധിക്കുക തന്നെ ചെയ്യും. ഇത് നിരവധി പഠനങ്ങളിലൂടെ ഗവേഷകർ കണ്ടെത്തിയ കാര്യമാണ്. നമ്മുടെ പഴയ തലമുറയ്ക്ക് തേനിൻറെ ഈ വിശേഷാൽ ഗുണങ്ങൾ അറിയുന്നത് കൊണ്ട് തന്നെയാണ് അവർ മുലപ്പാലിന് മുൻപേതന്നെ തേൻ നാവിൽ തൊട്ടു വയ്ക്കുന്ന രീതി മുന്നോട്ടു കൊണ്ടുപോയത്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ മാത്രമല്ല തേൻ, നിരവധി രോഗങ്ങളെ തടയാൻ കഴിവുള്ള സിദ്ധൗഷധമാണ് തേൻ. പ്രമേഹം കൊളസ്ട്രോൾ, അൾസർ, ചുമ അങ്ങനെ അങ്ങനെ നിരവധി രോഗങ്ങൾക്ക് പരിഹാരം കാണാൻ തേൻ മാത്രം മതി.
ബന്ധപ്പെട്ട വാർത്തകൾ: തേൻ കട്ടപിടിക്കുന്നതെന്തുകൊണ്ട്? കട്ട പിടിച്ച തേൻ മായമാണോ?
തേനിൻറെ ഔഷധഗുണങ്ങൾ
തേൻ പതിവായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ മികച്ചതാണ്. കാരണം ഇതിലടങ്ങിയിരിക്കുന്ന ഹൈഡ്രജൻ പെറോക്സൈഡും ഗ്ലൂക്കോനിക്ക് ആസിഡും വൈറസ്, ബാക്ടീരിയ തുടങ്ങിയവയുടെ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. ഇതിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരകൾ ശരീരത്തിലെ ഇൻസുലിൻ അളവ് ക്രമമായി നിലനിർത്താൻ സഹായിക്കുന്നു. അതുകൊണ്ട് ശുദ്ധമായ തേനിൻറെ ഉപയോഗം പ്രമേഹരോഗികൾക്ക് ദോഷം ചെയ്യുകയില്ല.
ബന്ധപ്പെട്ട വാർത്തകൾ: തേൻ ഫ്രിജിൽ സൂക്ഷിക്കേണ്ട
കഫത്തോടുകൂടിയ ചുമ ഇന്ന് നിരവധിപേർ അഭിമുഖീകരിക്കുന്ന രോഗാവസ്ഥയാണ്. ഇത് പരിഹരിക്കുവാൻ ചെറുതേൻ രാവിലെ ഒരു ടീസ്പൂൺ കഴിക്കുന്നത് നല്ലതാണ്. തേൻ ദിവസവും കഴിക്കുന്നത് ഓർമ്മശക്തി വർദ്ധിപ്പിക്കാൻ മികച്ച വഴിയാണ്. അതുകൊണ്ട് തന്നെയാണ് കേരള സർക്കാർ കുട്ടികൾക്ക് ആഴ്ചയിൽ രണ്ടുതവണ തേൻ നൽകുന്ന തേൻകണം പദ്ധതി അംഗൻവാടികളിൽ ആരംഭിച്ചിരിക്കുന്നത്. ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ഉള്ള തേൻ പൊള്ളൽ ഭേദമാക്കാനും, മുറിവുകൾ പെട്ടെന്ന് ഉണങ്ങുവാനും സഹായിക്കുന്നു. ശരീരത്തിന് ആവശ്യമായ ഒട്ടുമിക്ക ജീവകങ്ങളും ധാതുക്കളും ആസിഡുകളും എൻസൈമുകളും ഇതിലുണ്ട്. ശരീരത്തിലെ അമിതമായ കൊഴുപ്പ് ഇല്ലാതാക്കുവാനും അമിതവണ്ണം കുറയ്ക്കുവാനും തേൻ ഒരു ടീസ്പൂൺ രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് നല്ലതാണ്. രാത്രിയിൽ ഓട്സിനൊപ്പം തേൻ ചേർത്ത് കഴിക്കുന്നത് ശരീരം മെലിയുവാൻ മികച്ച വഴിയാണ്. തേൻ മുഖത്ത് പുരട്ടുന്നത് മുഖത്തിലെ പാടുകൾ നീക്കം ചെയ്യുവാനും ചർമം കൂടുതൽ മൃദുലമാകുവാനും സഹായിക്കുന്നു. പ്രകൃതിദത്തമായ ഏറ്റവും പരിശുദ്ധമായ ഈ ആഹാരത്തിൽ അടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട ധാതുക്കളാണ് സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ്, മാംഗനീസ്, അയഡിൻ, ചെമ്പ്. കാൽസ്യം ധാരാളം ഉള്ള തേൻ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മികച്ചതാക്കുന്നു. അയഡിൻ അടങ്ങിയിരിക്കുന്നതിനാൽ അത് വിളർച്ച പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു. സോഡിയവും പൊട്ടാസ്യവും അടങ്ങിയിരിക്കുന്ന തേൻ ഹൃദയസംബന്ധമായ പ്രശ്നങ്ങളെ പരിഹരിക്കുവാനും പ്രാപ്തമാണ്. വിറ്റാമിൻ എ ധാരാളമുള്ളതിനാൽ നേത്ര സംബന്ധമായ പ്രശ്നങ്ങൾ ഇതിൻറെ ഉപയോഗം മൂലം ഭേദമാകും. കുട്ടികൾക്ക് ഉണ്ടാകുന്ന കൃമി ശല്യം പൂർണമായും നീക്കം ചെയ്യുവാനും, ബുദ്ധിശക്തി വർദ്ധിപ്പിക്കുവാനും രാവിലെ ചെറുചൂടുവെള്ളത്തിൽ തേൻ കലർത്തി നൽകിയാൽ മതി. മലശോധനയ്ക്ക് ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ ഒരു ടേബിൾസ്പൂൺ തേനും അല്പം നാരങ്ങനീരും കൂടി ചേർത്ത് കഴിക്കുന്നത് ഗുണം ചെയ്യും. തീപ്പൊള്ളൽ ഏൽക്കുന്ന വ്യക്തികൾക്ക് പൊതുവെ നമ്മുടെ നാട്ടിൽ ടൂത്ത്പേസ്റ്റ് അല്ലെങ്കിൽ തേനാണ് ഉടനടി പുരട്ടി കൊടുക്കുന്നത്. എന്നാൽ ടൂത്ത്പേസ്റ്റ് പുരട്ടാൻ പാടില്ല എന്ന കാര്യം പലർക്കും അറിയില്ല. ടൂത്ത്പേസ്റ്റ് ഉപയോഗത്തിന് പകരം തേനാണ് പുരട്ടേണ്ടത്.
ഇത് നീറ്റൽ മാറി കിട്ടുവാനും, മുറിവ് പെട്ടെന്ന് ഭേദമാക്കാനും സഹായിക്കും. കഴുത്തിൽ കാണുന്ന കറുത്ത പാടുകൾ ഇല്ലായ്മ ചെയ്യുവാൻ തേൻ ദിവസവും പുരട്ടുന്നത് ഗുണം ചെയ്യും . ചുണ്ടുകൾ മനോഹരമാക്കാൻ ആഗ്രഹിക്കുന്നവർക്ക് തേൻ ദിവസവും പുരട്ടാം. ഇത് ചുണ്ടുകൾക്ക് കൂടുതൽ മൃദുത്വം നൽകുന്നു. ജലദോഷം മാറ്റുവാൻ തുളസി നീരും തേനും ചേർത്ത് കഴിക്കുന്നത് നല്ലതാണ്. മാതളച്ചാറിൽ തേൻ ചേർത്ത് കഴിച്ചാൽ കഫ- പിത്ത രോഗങ്ങൾ ഇല്ലാതാകും. ഉറക്കമില്ലായ്മ പരിഹരിക്കുവാൻ ഒരു ഗ്ലാസ് ചെറുചൂടുള്ള പാലിൽ ഒരു സ്പൂൺ തേൻ ചേർത്ത് കഴിച്ചാൽ മതി. ആസ്തമ രോഗികൾക്കും ഈ പ്രയോഗം ഗുണം ചെയ്യും.
ബന്ധപ്പെട്ട വാർത്തകൾ: ചെറുതേന്‍ ഗുണങ്ങള്‍
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.