ഏതു പ്രായത്തിലുളളവര്‍ക്കും എല്ലായ്പോഴും കഴിക്കാവുന്ന ഫലമാണ് ഈന്തപ്പഴം. ഉപവാസശേഷം ഈന്തപ്പഴം കഴിക്കുന്നതു ഗുണപ്രദം. ഉപവാസശേഷം അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍ അതു സഹായകം. ഈന്തപ്പഴത്തിലെ ഉയര്‍ന്ന തോതിലുളള പോഷകങ്ങള്‍ ശരീരം ആഗീരണം ചെയ്തു തുടങ്ങുന്നതോടെ അമിതവിശപ്പിന്റെ അഗ്നി കെടും. മാത്രമല്ല ഈന്തപ്പഴത്തിലുളള പൊട്ടാസ്യം നാഡികളെ ഉണര്‍ത്തും. ക്ഷീണം പമ്പ കടക്കും. കഴിച്ച് അര മണിക്കൂറിനകം തന്നെ ഈന്തപ്പഴത്തിലുളള ഊര്‍ജ്ജം ശരീരത്തിനു ലഭിക്കുന്നു. വിളര്‍ച്ച തടയാം. സ്കൂള്‍ കുട്ടികളില്‍ വിളര്‍ച്ച കൂടിവരുന്നതായി അടുത്തിടെ ചില പഠനങ്ങള്‍ വന്നിരുന്നു. അതിനുളള പരിഹാരമാണ് ഈന്തപ്പഴം. ടിഫിന്‍ ബോക്സില്‍ ബേക്കറി പലഹാരങ്ങള്‍ക്കു പകരം ഈന്തപ്പഴം നുറുക്കി കൊടുത്തയയ്ക്കാം. കൊഴുക്കട്ടയ്ക്കുളളില് നിറച്ചും കുട്ടികള്‍ക്കു നല്‍കാം.
രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവു കുറയുന്നതാണു വിളര്‍ച്ച. ശരീരമാകെ ഓക്സിജനെത്തിക്കുന്നത് രക്തകോശങ്ങളിലെ ഹീമോഗ്ലോബിനാണ്. ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഇരുമ്പ് അടങ്ങിയ തന്മാത്രയാണു ഹീമോഗ്ലോബിന്‍. ഹീമോഗ്ലോബിന്റെ നിര്‍മാണത്തിന് ഇരുമ്പ് ആവശ്യമാണ്. രക്തകോശങ്ങളുടെ എണ്ണം ആരോഗ്യകരമായ തോതില്‍ നിലനിര്‍ത്തുന്നതിനും ഇരുമ്പ് വേണം.
ഹീമോഗ്ലോബിന്റെ തോതു കുറയുമ്പോഴാണ് വിളര്‍ച്ച അഥവാ അനീമിയ ഉണ്ടാകുന്നത്. ഈന്തപ്പഴത്തില്‍ ഇരുമ്പ് ഇഷ്ടംപോലെ; ഊര്‍ജവും. ക്ഷീണംപമ്പ കടക്കും. എനര്‍ജി ബൂസ്റ്ററാണ് ഈന്തപ്പഴം. സ്വാഭാവിക പഞ്ചസാരകളായ ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്റ്റോസ് എന്നിവ ഈന്തപ്പഴത്തില്‍ ധാരാളം.
അതിനാല്‍ ഈന്തപ്പഴം പതിവായി കഴിച്ചാല്‍ ക്ഷീണം പമ്പ കടക്കും. കരുത്തുകൂടും. പ്രതിരോധശക്തി നേടാം. പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്താം.
കൊളസ്ട്രോള്‍ കുറയ്ക്കാം കൊഴുപ്പു കുറഞ്ഞ ഫലമാണ് ഈന്തപ്പഴം. നാരുകള്‍ ധാരാളം. കുടലില്‍ വച്ച് ആഹാരത്തിലെ എല്‍ഡിഎല്‍ കൊളസ്ട്രോളിനെ ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നതു നാരുകള്‍ തടയുന്നു. അങ്ങനെ രക്തത്തില്‍ ചീത്ത കൊളസ്ട്രോളായ എല്ഡിഎലിെന്റ തോതു കുറയ്ക്കുന്നു.
എല്‍ഡിഎല്‍ കൂടിയാല്‍ രക്തക്കുഴലുകളുടെ ഉളളു കുറയും. പ്ലേക് എന്ന പേരില്‍ രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടി രക്തസഞ്ചാരത്തിനു തടസമാകും. ഹൃദയരോഗങ്ങള്‍, സ്ട്രോക്ക് എന്നിവയ്ക്ക് ഇടയാക്കും. ഈന്തപ്പഴം ശീലമാക്കിയാല്‍ അത്തരം ആപത്തുകള്‍ ഒഴിഞ്ഞുപോകും.
ഹൃദയത്തിന്റെ മിത്രം ഉണങ്ങിയ ഈന്തപ്പഴത്തില്‍ സോഡിയത്തിന്റെ അളവു കുറവാണ്. പൊട്ടാസ്യം കൂടുതലും. ഇതു രക്തസമ്മര്‍ദം(ബിപി) ആരോഗ്യകരമായ തോതില്‍ നിലനിര്‍ത്തുന്നതിനു സഹായകം. ഈന്തപ്പഴത്തിലുളള മഗ്നീഷ്യവും ബിപി കുറയ്ക്കുന്നു; സ്ട്രോക് സാധ്യതയും.
ഹൃദയപേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു, ഹൃദയത്തിന്റെ കരുത്തു കൂട്ടുന്നു. കൂടാതെ, നാഡിവ്യവസ്ഥയുടെ ആരോഗ്യത്തിനും ഈന്തപ്പഴം ഗുണപ്രദം. ആമാശയത്തിന്റെ ആരോഗ്യത്തിന് 100 ഗ്രാം ഈന്തപ്പഴത്തില്‍ 6.7 ഗ്രാം നാരുണ്ട്. കുടലിന്റെ ആരോഗ്യത്തിനു നാരുകള്‍ ഗുണപ്രദം.
ദിവസവും 20- 35 ഗ്രാം ഡയറ്ററി നാരുകള്‍ ശരീരത്തില്‍ എത്തണമെന്ന് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി നിര്‍ദേശിക്കുന്നു. ഈന്തപ്പഴം ശീലമാക്കിയാല്‍ അതു സാധ്യമാവും. ആമാശയ അര്‍ബുദം തടയാന്‍ ഈന്തപ്പഴം ഗുണപ്രദമെന്നു പഠനം. കുടലിലെ അര്‍ബുദസാധ്യത കുറയ്ക്കുന്നു.
മലബന്ധം കുറയ്ക്കുന്നതിനും നാരുകള്‍ സഹായകം. ദഹനം വേഗത്തിലാക്കുന്നു. കുടലില്‍ നിന്നു വിസര്ജ്യങ്ങളെ വളരെവേഗം പുറന്തളളുന്നതിനു സഹാായിക്കുന്നു. ഈന്തപ്പഴത്തിന്റെ വിരേചനസ്വഭാവം കുടലില്‍ നിന്നു മാലിന്യങ്ങളുടെ നീക്കം എളുപ്പമാക്കുന്നു.
മലബന്ധം കുറയ്ക്കുന്നു. ആമാശയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. അസിഡിറ്റി, ആമാശയ അള്‍സര്‍, നെഞ്ചെരിച്ചില്‍, ദഹനക്കേട് എന്നിവ കുറയ്ക്കുന്നതിനും ഉത്തമം. സ്ത്രീകളുടെ ആരോഗ്യത്തിന് സ്ത്രീകളുടെ പ്രത്യേകിച്ചു ഗര്‍ഭിണികളുടെ ഗര്‍ഭാശയ പേശികള്‍ ബലപ്പെടുത്തുന്നതിന് ഈന്തപ്പഴം ഗുണപ്രദം.
അതു പ്രസവം സുഗമമാക്കും.ഈന്തപ്പഴത്തിലുളള വിറ്റാമിന്‍ ബി5 ചര്‍മകോശങ്ങള്‍ക്കു ഫ്രീ റാഡിക്കലുകള്‍ വരുത്തുന്ന കേടുപാടുകള്‍ തീര്‍ക്കുന്നു. ചര്‍മത്തിനു സ്വാഭാവിക സൗന്ദര്യം കൈവരുന്നു. കൂടാതെ അതിലുളള വിറ്റാമിന്‍ എ വരണ്ടതും നശിച്ചതുമായ ചര്‍മകോശങ്ങളെ നീക്കി പുതിയ കോശങ്ങളെ ഉത്പാദിപ്പിക്കുന്നു. ചുരുക്കത്തില്‍ ചര്മത്തിെന്റെ ആരോഗ്യം മെച്ചപ്പെടും, തിളങ്ങും.
ഈന്തപ്പഴം ശീലമാക്കിയാല്‍ പ്രായമാകുന്നതുമൂലം ചര്‍മത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ കുറയ്ക്കാം. യുവത്വം നിലനിര്‍ത്താം. വിറ്റാമിന്‍ ബി 5 മുടിയുടെ ആരോഗ്യത്തിനും ഗുണപ്രദം. മുടി പൊട്ടുക, അറ്റം പിളരുക തുടങ്ങിയ പ്രശ്നങ്ങള്‍ കുറയ്ക്കാം.
ആന്റി ഓക്സിഡന്റുകള്‍ വേണ്ടുവോളം ശരീരകോശങ്ങളെ സംരക്ഷിക്കുന്ന ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് ഈന്തപ്പഴം. അതു കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. നിശാന്ധത തടയാനും അതുപകരിക്കും. ജലത്തില്‍ ലയിക്കുന്നതും അല്ലാത്തതുമായ നാരുകള്‍, എസെന്‍ഷ്യല്‍ ഫാറ്റി ആസിഡുകള്‍, പലതരം അമിനോആഡിസുകള്‍ എന്നിവ ധാരാളം.
ഇവ ദഹനരസങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നു. വിറ്റാമിന്‍ എ, സി, ഇ, കെ,ബി1, ബി2, ബി3, ബി5, നിയാസിന്, തയമിന്‍ തുടങ്ങിയ വിറ്റാമിനുകള്‍ ഈന്തപ്പഴത്തിലുണ്ട്. ഇരുമ്പ് , പൊട്ടാസ്യം, സള്‍ഫര്‍, മഗ്നീഷ്യം, സെലിനിയം, ഫോസ്ഫറസ്, കോപ്പര്‍, ഫ്ളൂറിന് തുടങ്ങിയ ധാതുക്കളും അതിലുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് അവശ്യം വേണ്ട കാല്‍സ്യവും ഈന്തപ്പഴത്തിലുണ്ട്.
ദിവസവും കൈയളവ് ഈന്തപ്പഴം കഴിച്ചാല്‍ ഓസ്റ്റിയോപൊറോസിസ്, റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് തുടങ്ങിയ അസ്ഥിസംബന്ധമായ പ്രശ്നങ്ങളും ദന്തസംബന്ധമായ പ്രശ്നങ്ങളും അകന്നു നില്ക്കും. മദ്യാസക്തി മൂലം ശരീരത്തിനുണ്ടാകുന്ന ദോഷങ്ങള്‍ കുറയ്ക്കുന്നതിനും ഈന്തപ്പഴം ഗുണപ്രദമെന്നു ഗവേഷകര്‍. പ്രത്യേക ശ്രദ്ധയ്ക്ക് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നുവേണം ഈന്തപ്പഴം വാങ്ങേണ്ടത്.പഞ്ചസാരസിറപ്പിലിട്ട ഈന്തപ്പഴം ഒഴിവാക്കുന്നതാണ് ഉചിതം. കൃത്രിമ മധുരവും മെഴുകും പുരട്ടിയതല്ലെന്ന് ഉറപ്പാക്കണം.
ഉപഭോക്താവിന് അതിനുളള അവകാശമുണ്ട്. ഈന്തപ്പഴത്തില്‍ പൊടി പറ്റാനുളള സാധ്യതയുളളതിനാല്‍ കഴുകിത്തുടച്ചശേഷമേ ഉപയോഗിക്കാവൂ. എത്ര ഗുണമുളള ആഹാരമാണെങ്കിലും അതിന്റെ വൃത്തി ഉറപ്പുവരുത്തണം. അപ്പോഴാണ് അത് ആരോഗ്യഭക്ഷണമാകുന്നത്.