Updated on: 29 April, 2022 6:02 PM IST
പാവപ്പെട്ടവന്റെ പശു എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആടുകള് സാധാരണക്കാരന് പ്രത്യേകിച്ച് വീട്ടമ്മമാര്ക്ക് എന്നും ആശ്രയമാണ്.

ഗുണമേന്മയേറിയ ഭക്ഷ്യവസ്തുക്കൾ നാട്ടിൽ തന്നെ ഉത്പാദിപ്പിക്കുകയെന്ന സ്വാശ്രയ പാഠത്തിൻ്റെ ഭാഗമായി മലയാളികളുടെ മുൻപിൽ  അവതരിപ്പിക്കാൻ കഴിയുന്ന ചലഞ്ചുകളിലൊന്നാണ്. വീട്ടിൽ ഒരാടിനെ വളർത്താൻ തീരുമാനിക്കുകയെന്നത്.

ഏതു  ദുരന്തകാലത്തും ആശ്രയമാകാൻ വീട്ടുവളപ്പില്‍ വളര്‍ത്താന്‍ ആടിനോളം ചേര്‍ച്ചയുള്ള വേറൊരു മൃഗമില്ല. പശു വളര്‍ത്താന്‍ സ്ഥലവും സൗകര്യമില്ലാത്തവര്‍ക്കും ആടിനെ വളര്‍ത്തി ശുദ്ധമായ പാല്‍ കുടിക്കാം. മാംസാവശ്യത്തിനായി കുഞ്ഞുങ്ങളെ വളര്‍ത്തി നല്‍കി വരുമാനമുണ്ടാക്കാം. ആട്ടിന്‍ കാഷ്ഠം അടുക്കളത്തോട്ടത്തിന്  ഉത്തമ ജൈവവളമാക്കാം. ശരീരം വൃത്തിയായി  സൂക്ഷിക്കുന്ന, കാഴ്ചയിലും പെരുമാറ്റത്തിലും ഓമനത്തം പ്രകടിപ്പിക്കുന്ന, വേഗം ഇണങ്ങുന്ന പ്രകൃതമുള്ള ആട്, വീട്ടില്‍ സ്‌നേഹം  വിളമ്പുന്ന ഓമനയുമാകും.

ബന്ധപ്പെട്ട വാർത്തകൾ: ആട് വളർത്തലിൽ 25 ലക്ഷം രൂപ വരെ വായ്പ; ഏതൊക്കെ ബാങ്കുകളിൽ നിന്ന് ആനുകൂല്യം ലഭിക്കും? മുഴുവൻ വിവരങ്ങളും അറിയാം

പാവപ്പെട്ടവന്റെ പശു എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആടുകള്‍ സാധാരണക്കാരന് പ്രത്യേകിച്ച് വീട്ടമ്മമാര്‍ക്ക് എന്നും ആശ്രയമാണ്. ആടുവളര്‍ത്തുന്നത് സ്വാശ്രയത്വം നല്‍കുന്നതിനാലാവാം നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ  ഇഷ്ടമൃഗം എന്നും ആടായിരുന്നത്. മുതല്‍ മുടക്കാന്‍ പരിമിതമായ വിഭവങ്ങളുള്ള സമൂഹത്തിലെ ഇടത്തരക്കാര്‍ക്കും, പാവങ്ങള്‍ക്കും എപ്പോഴും വീട്ടിലുള്ള എ.ടി.എം. (Any time money) ആണ് ആടുകള്‍. ഏത് സമയത്തും കറന്നെടുക്കാവുന്ന പോഷകസമൃദ്ധമായ പാലിന്റെ സ്രോതസ്സായിരുന്നതിനാല്‍  വീട്ടിലെ ജൈവ റഫ്രിജറേറ്റര്‍ കൂടി ആണ് ആട്. ഗ്രാമീണ ഭവനങ്ങളില്‍ സാമ്പത്തിക പോഷണ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ആട് വളര്‍ത്തലിനോളം പോന്ന മറ്റൊരു കാര്‍ഷികവൃത്തിയില്ല. കൊറോണയും പക്ഷിപ്പനിയും ഒന്നിച്ചു വന്നപ്പോൾ മട്ടൻ്റെ വില ചെന്നൈ നഗരത്തിൽ ആയിരം രൂപയിലെത്തിയിരുന്നു. ഔഷധ നിര്‍മ്മാണത്തിനായി ആയുര്‍വേദ മേഖലയില്‍ ആട്ടിന്‍ പാലിനും മൂത്രത്തിനും വലിയ ഡിമാന്റ് ഉണ്ട്.

മാംസത്തിനും പാലിനും ആടിനെ വളര്‍ത്താം.

പാലിലെ കൊഴുപ്പിന്റെ കണികകള്‍ ചെറുതായതിനാല്‍ എളുപ്പം ദഹിക്കുമെന്നതിനാല്‍  കുട്ടികള്‍ക്കും രോഗികള്‍ക്കും ഉത്തമമാണ്. ഫ്രിഡ്ജില്‍ പായ്ക്കറ്റ് പാല്‍ സൂക്ഷിക്കുന്നവര്‍ക്ക്  ആടിനെ വളര്‍ത്തിയാല്‍ നറുംപാല്‍ ഓരോ ദിവസവും ആവശ്യമുള്ളപ്പോള്‍ കറന്നെടുക്കാം. വിപണിയില്‍ വിലയേറെയുളള ആവശ്യകതയുള്ള കൊഴുപ്പ് കുറഞ്ഞ ആട്ടിറച്ചി  എല്ലാതരം ആടുകള്‍ക്കും സ്വീകാര്യമാണ്. ഉണങ്ങി മണികളായി ലഭിക്കുന്ന ആട്ടിന്‍ കാഷ്ഠം അനായാസേന ശേഖരിച്ച് സൂക്ഷിക്കാം. അപകടങ്ങളൊന്നും വരുത്തില്ലായെന്ന ഉറപ്പുള്ളതിനാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആടുകളെ കൈകാര്യം ചെയ്യാം. ഇവയെ കുളിപ്പിക്കേണ്ട ആവശ്യവുമില്ല. ആടുകളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രഗങ്ങളും കുറവാണ്. സ്ഥല പരിമിതിയും, തൊഴിലാളി ദൗര്‍ലഭ്യവും, പരിസര മലിനീകരണവും  മൃഗസംരക്ഷണത്തിന് പ്രതിബന്ധമാകുമ്പോള്‍ 'ഓരോ വീട്ടിലും ഓരാട് 'എന്ന ആശയം വീട്ടില്‍ത്തന്നെ ശുദ്ധമായ പാലും, മാംസവും ഉത്പാദിപ്പിക്കാന്‍ വഴിയൊരുക്കുന്നു. 

നാടന്‍ മലബാറി ഇനങ്ങളെ പാലിനും, മാംസത്തിനുമായി വളര്‍ത്താം. പ്രതിദിനം ശരാശരി അര ലിറ്റര്‍ പാല്‍ തരുന്ന മലബാറി ആടുകള്‍ പ്രസവത്തിന്റെ എണ്ണത്തിലും കുട്ടികളുടെ എണ്ണത്തിലും മുന്‍പിലാണ്. ജമ്‌നാപാരി, ബീറ്റല്‍ തുടങ്ങിയ അന്യ സംസ്ഥാന ആടുകളുമായി സങ്കര പ്രജനനം നടത്തി പാലുല്പാദനം കൂടിയ  ഒന്നാം തലമുറയെ വളര്‍ത്തുന്നവരുമുണ്ട്.  നല്ലൊരു തള്ളയാടിനെ കണ്ടെത്തിയാല്‍ ആടിനൊരു കൂടൊരുക്കാം. ദിവസം മുഴുവന്‍ കൂടിനകത്തു നിര്‍ത്താനുള്ള സൗകര്യമേയുള്ളൂവെങ്കില്‍ 4-6 ചതുരശ്ര മീറ്റര്‍ (നാല്‍പ്പതടി) വരുന്ന കൂടു നിര്‍മ്മിക്കാം.  പുറത്തേക്ക് അഴിച്ചു കെട്ടാനും മേയാന്‍ വിടാനും സൗകര്യമുണ്ടെങ്കില്‍  ഇതിന്റെ പകുതി സ്ഥലം മതി. തറനിരപ്പില്‍ നിന്ന് അരയടിയോളം ഉയരത്തില്‍ മരപ്പലകകള്‍ ഉപയോഗിച്ച് കൂട് നിര്‍മ്മിക്കാം. കൂടുകളില്‍ ആവശ്യത്തിന് വായുവും വെളിച്ചവും വേണം. മൂത്രവും കാഷ്ഠവും തങ്ങി നില്‍ക്കത്തക്കവിധം പലകകള്‍ക്കിടയില്‍ വിടവുകള്‍ നല്‍കണം. ചരിഞ്ഞ മേല്‍ക്കൂര ഒന്നര മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിക്കാം. അരമീറ്ററെങ്കിലും മേല്‍ക്കൂര വശങ്ങളിലേക്ക് തള്ളി നിര്‍ത്തി  മഴയില്‍ നിന്ന് സംരക്ഷിക്കണം. വശങ്ങളില്‍ മരപ്പലകകളോ, കമ്പിവലകളോ ഉപയോഗിച്ച് ആടുകളെ സംരക്ഷിക്കാം. ഒരു ഭാഗത്ത് അരമീറ്റര്‍ വീതിയും ഒരുമീറ്റര്‍ ഉയരവുമുള്ള ഒരു വാതിലും നല്‍കാം.

ബന്ധപ്പെട്ട വാർത്തകൾ: ചെറിയൊരു സംരംഭമായി തുടങ്ങാം ആട് വളർത്തൽ

ശരീര തൂക്കത്തിനനുസരിച്ച് 3-5 കി.ഗ്രാം പച്ചപ്പുല്ലോ, വൃക്ഷ ഇലകളോ ആടിന് ഒരു ദിവസം ആവശ്യമായി വരും. ഇത് വര്‍ഷം മുഴുവന്‍ ലഭിക്കാനുണ്ടെന്ന് ഉറപ്പാക്കണം. പുല്ലിൻ്റെയും ഇലകളുടെയും ഗുണം നന്നായാൽ ജീവിച്ചു പോകാൻ അതു മതി. കറവയുള്ളവയ്ക്ക് പാലുത്പാദന മനസരിച്ച് ഒരു ദിവസം 200-500 ഗ്രാം സാന്ദ്രീകൃത തീറ്റ നല്‍കണം.. ഇതില്‍ വീട്ടിലെ ഭക്ഷണ അവശിഷ്ടങ്ങള്‍, തവിട്, പിണ്ണാക്ക്, മിനറല്‍ മികസ്ചര്‍ എന്നിവ ഉള്‍പ്പെടുത്താം. ആടുകള്‍ക്കുള്ള പ്രത്യേക തീറ്റ വിപണിയില്‍ ലഭ്യമാണ്. തീറ്റയില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍ ഒഴിവാക്കണം. ഏതു പുതിയ തീറ്റയും ശീലിപ്പിച്ചതിനു ശേഷം മാത്രം നല്‍കുക.

ഒരു വയസ് പ്രായമാകുന്നതടെ പെണ്ണാടുകളെ ഇണ ചോര്‍ക്കാം. കൃത്രിമ ബീജാധാനത്തിനുള്ള സൗകര്യം മൃഗാശുപത്രികളില്‍ ലഭ്യമാണ്. സ്ഥല പരിമിതിയുള്ള സ്ഥലങ്ങളില്‍ മുട്ടനാടുകളെ വളര്‍ത്താതിരിക്കുകയാണ് നല്ലത്. മുട്ടനാടുകളില്‍ നിന്നും വരുന്ന പ്രത്യേക മണം പലപ്പോഴും അലോസരമുണ്ടാക്കും.വെള്ളം നല്‍കാന്‍ ഓട്ടോമാറ്റിക് സംവിധാനങ്ങളും ഒരുക്കിയാല്‍ പണിയെളുപ്പമാണ്. 

ബന്ധപ്പെട്ട വാർത്തകൾ: മലബാറി ആടുകൾ

കൂട്ടില്‍ത്തന്നെ വളര്‍ത്തുന്ന ആടുകള്‍ക്ക് ആന്തര, ബാഹ്യ പരാദ ബാധ കുറവായിരിക്കുമെങ്കിലും ആവശ്യമുള്ളപ്പോള്‍ വെറ്ററിനറി ഡോക്ടറുടെ ഉപദേശപ്രകാരം വിരയിളക്കാം. ആദ്യത്തെ മൂന്നു മാസം പ്രായത്തില്‍ കൃത്യമായി വിരമരുന്ന് നല്‍കുകയും പിന്നീട് കാഷ്ഠം പരിശോധന നടത്തി കൃത്യമായുള്ള മരുന്ന് നല്‍കുകയും വണം. കുളമ്പുരോഗം, ടെറ്റനസ്, ആടു വസന്ത എന്നിവയ്‌ക്കെതിരെയുള്ള രോഗപ്രതിരോധ കുത്തിവയ്പുകളും നല്‍കാം. കൂട്ടില്‍ മാത്രം നിര്‍ത്തുന്ന ആടുകളെ ദിവസവും അല്‍പ്പസമയം പുറത്തിറക്കി നടത്തുന്നത് കുളമ്പിന്റെ പ്രശ്‌നങ്ങള്‍ ഒഴിവാക്കും. ആട്ടിന്‍കുട്ടികള്‍ക്ക് ആദ്യ മൂന്നുമാസം പ്രായംവരെ തള്ളയുടെ പാല്‍ കുടിക്കാന്‍ അനുവദിക്കണം. ഒരു തള്ളയാടിനേയും അവയുടെ കുഞ്ഞുങ്ങളേയും പരിപാലിക്കാന്‍ ഒരു ദിവസം ഒരു മണിക്കൂര്‍ സമയംപോലും വേണ്ട. പക്ഷേ ഒന്നു മനസുവെച്ചാല്‍ അത് മനസ്സിന്റേയും ശരീരത്തിന്റേയും ആരോഗ്യം മെച്ചപ്പെടുത്തും.

വളര്‍ത്താന്‍ ഏററവും പറ്റിയ മൃഗമാകാൻ  ആടുകള്‍ക്കുള്ള  ശാരീരിക-സ്വഭാവ സവിശേഷതകള്‍

  1. ചെറിയ ശരീരം
  2. കാഴ്ചയിലും, പെരുമാറ്റത്തിലും ഓമനത്വം
  3. എളുപ്പം ഇണങ്ങുന്ന പ്രകൃതം
  4. ശരീരം വൃത്തിയായി സൂക്ഷിക്കുന്ന ശീലം
  5. ഉണങ്ങി മണിരൂപത്തിലുള്ള കാഷ്ഠം
  6. കുളിപ്പിക്കേണ്ട ആവശ്യമില്ലായ്മ
  7. അപകടരഹിതമായ പെരുമാറ്റം
  8. മനുഷ്യരിലേക്ക് പകരാവുന്ന രോഗങ്ങള്‍ കുറവ്
  9. എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യം
  10. സ്‌നേഹത്തോടൊപ്പം വരുമാനവും

കുറഞ്ഞതോതിലാണെങ്കിലും വീടിനാവശ്യമായ മേന്മയേറിയ പാലും മാംസവും ആടുകൾ ഉറപ്പാക്കുന്നു. പാലിൻ്റെയും മാംസത്തിൻ്റെയും പ്രത്യേകതകൾ

  1. ഇറച്ചിക്കും പാലിനും വളര്‍ത്താം
  2. പാലിലെ കൊഴുപ്പിന്റെ കണിക ഏറ്റവും ചെറുത്.
  3. ആട്ടിന്‍പാല്‍ പെട്ടെന്ന് ദഹിക്കുന്നു
  4. കുട്ടികള്‍ക്കും രോഗികള്‍ക്കും അത്യുത്തമം
  5. ഓരോ ദിവസവും പല തവണ കറന്നെടുക്കാം
  6. ആവശ്യമാകുമ്പോഴെല്ലാം പാലിന്റെ ഉറവിടം
  7. വിശിഷ്ടാവസരങ്ങളില്‍ മേന്മയേറിയ മാംസം
  8. കൊഴുപ്പിന്റെ അനുപാതം ഏറ്റവും കുറവുള്ള ഇറച്ചി
  9. ആട്ടിറച്ചിയുടെ കൂടിയ വിലയും ആവശ്യകതയും
  10. എല്ലാ മതവിഭാഗങ്ങള്‍ക്കുമുള്ള സ്വീകാര്യത

ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിൽ വളർത്താൻ പറ്റിയ നാടന്‍ ഇനങ്ങള്‍

English Summary: A Challenge for Food Self-Sufficiency: Oru veedum Kunjadum
Published on: 29 April 2022, 02:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now