പ്രസവശേഷം പാൽ കൂടുതൽ ചുരത്തുന്നതിനായി പശുക്കൾ കൂടുതൽ തീറ്റ കഴിക്കുന്നു. ഈ സമയത്ത് പലപ്പോഴും ക്ഷീരകർഷകർ അരിക്കഞ്ഞി, തേങ്ങാപ്പീര, ചോറും ഗോതമ്പും വേവിച്ചത്, ചക്കമടൽ എന്നിവ നൽകുന്നതായി കാണാറുണ്ട്. തീറ്റയിലുണ്ടാവുന്ന പെട്ടെന്നുള്ള വ്യതിയാനം അധികമായ അന്നജം, പുല്ലിന്റെ ലഭ്യതക്കുറവ് എന്നിവ മൂലം കറവപ്പശുക്കളിൽ അസിഡോസിസ് രോഗത്തിനിടവരുത്തും.
ധാരാളമായുള്ള അന്നജം അതിന്റെ അധികമായ കിണ്വനം മൂലം അമ്ലങ്ങൾ ഉത്പാദിപ്പിക്കപ്പെടുകയും, ഈ അമ്ലം രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു. ഇപ്രകാരമുള്ള അധികാമ്ലത്തെ ലഘൂകരിക്കുവാനായി, ശരീരത്തിലെ ജലാംശം ആമാശയത്തിലേക്ക് ഒഴുകുകയും വയറിളക്കം വയർസ്തംഭിക്കൽ, മൂക്കിലൂടെ പച്ചനിറത്തിലുള്ള മൂക്കൊലിപ്പ്, പേസ്റ്റ് പോലെയുള്ള മണത്തോടുകൂടിയ പച്ച കലർന്ന ചാണകം തുടങ്ങിയവ ഉണ്ടാവുകയും ചെയ്യുന്നു.
ചികിത്സിക്കാത്ത പക്ഷം ശരീരം ശോഷിക്കുക, തീറ്റയും വെള്ളവും എടുക്കാത്ത അവസ്ഥയുണ്ടാവുക, നടക്കുവാൻ പ്രയാസമുണ്ടാവുക, കാൽ നിലത്തു വയ്ക്കുമ്പോൾ അമിതമായ വേദനയുണ്ടാവുക, തുടങ്ങിയ ലക്ഷണങ്ങളുണ്ടാകും. പിന്നീട് പശു കിടപ്പിലാകുകയും അധികം താമസിയാതെ ചത്തുപോവുകയും ചെയ്യുന്നു. പരുഷാഹാരം ധാരാളമായി നൽകുകയും നേരത്തെ ചികിത്സ ലഭ്യമാക്കുകയുമാണ് ഇതിനുള്ള പരിഹാര മാർഗ്ഗം.
“നിയാസിൻ' എന്ന വിറ്റാമിൻ നൽകുന്നതും, അപ്പക്കാരം 30 ഗ്രാം വീതം രണ്ടു നേരം നൽകുന്നതും നല്ലതാണ്. അധികം വൈകുന്നതിനു മുമ്പ് തന്നെ വെറ്ററിനറി ഡോക്ടറുടെ സഹായം തേടേണ്ടതാണ്. കഞ്ഞി, ധാന്യങ്ങൾ, മറ്റു ഊർജ്ജദായകവസ്തുക്കൾ എന്നിവ നന്നായി നേർപ്പിച്ച് കുറെശ്ശെയായി കൊടുത്തു ശീലിപ്പിക്കണം. പ്രസവത്തിനു മുമ്പു തന്നെ ഇവ ചെറിയ അളവിൽ കൊടുത്ത് ശീലിപ്പിക്കാം.
അസിഡോസിസിനനുബന്ധമായി പശുക്കൾക്ക് നടക്കുവാൻ പ്രയാസം കണ്ടുവരാറുണ്ട്. അധികമായ അമ്ലം, രക്തത്തിലൂടെ കുളമ്പിലേക്കെത്തുകയും അതിനോട് ചേർന്നുള്ള കോശങ്ങൾ നശിപ്പിക്കുന്നതു മൂലം എല്ലുകൾ കൂട്ടിയുരിയുന്നതിന് ഇടയാകുകയും ചെയ്യുന്നു. ഇതു മൂലം വേദനയുണ്ടാവുകയും നടക്കുവാൻ ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യുന്നു. തുടക്കത്തിലേ ചികിത്സിക്കുകയാണെങ്കിൽ ഈ രോഗം പൂർണ്ണമായും ഭേദമാക്കാവുന്നതാണ്.