ആൾ കേരള പൗൾട്രി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എം താജുദ്ദീൻ കൊഡീസിയിലെ പൗൾട്രി ഇന്ത്യ എക്സിബിഷനോട് അനുബന്ധിച്ച് നടന്ന സെമിനാറിൽ നടത്തിയ പ്രസംഗം
പോൾട്രി മേഖലയെ കുറിച്ച് സംസാരിക്കുന്നതിന് മുമ്പ് ഒരു കാര്യം നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ ഞാൻ താല്പര്യപ്പെടുന്നു .
ഇന്ത്യ മഹാരാജ്യം സ്വതന്ത്രമായതിനുശേഷം 1949 മുതൽ 2023 ഡിസംബർ 31 ആം തീയതി വരെ, കാർഷിക മേഖലയിൽ എല്ലാ രംഗത്തും അത് വെങ്കായം മുതൽ കോഴി വരെ ഈ രാജ്യത്തെ ജനങ്ങളെ തീറ്റിപ്പോറ്റുന്നതിന് വേണ്ടി പാടുപെട്ട് കാർഷിക ഉത്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിച്ച കർഷക വിഭാഗത്തിലെ ഒരു ലക്ഷത്തി നാല്പത്തി ഒൻപതിനായിരം (1,49,000) പേർ ഈ കാലയളവിൽ ആത്മഹത്യ ചെയ്തു. ഉൽപ്പന്നങ്ങൾക്ക് അർഹമായ വില കിട്ടാതെയും പ്രകൃതിദുരന്തം മൂലവും ആത്മഹത്യക്ക് വിധേയരായ കർഷകർക്ക് വേണ്ടി ഒരു മിനിറ്റ് നമുക്ക് വിനീതമായി എഴുന്നേറ്റുനിന്ന് അവരെ നമുക്ക് ഓർക്കാം.
കാർഷിക മേഖലയിൽ, പ്രത്യേകിച്ച് കോഴിയും അതിൻറെ അനുബന്ധമായ മറ്റ് മേഖലയും ചേർന്നു വരുമ്പോൾ മാത്രമാണ് വിപണി പൂർണമാകുന്നത്. കഴിഞ്ഞ എട്ടു പത്തു വർഷക്കാലമായി ഈ മേഖല വളരെയേറെ വിപ്ലവകരമായ കുതിച്ചുചാട്ടത്തിന്റെ ഫലമായി, ലോകം ശ്രദ്ധിച്ച ഒരു വമ്പിച്ച ഒരു ബിസിനസ് മേഖലയായി പൗൾട്രിയും അതിന്റെ അനുബന്ധമേഖലകളും മാറിയിട്ടുണ്ട്. ഇന്ത്യയിൽ ഓരോ വർഷവും 8 -10% വളർച്ച ഈ മേഖലയിൽ രേഖപ്പെടുത്തുന്നുണ്ട്.
പഴയ കാലത്തെ അപേക്ഷിച്ച് ആധുനിക കാലഘട്ടത്തിൽ ഈ മേഖലയിൽ ഉണ്ടായ വിപ്ലവകരമായ ആധുനിക കൃഷി സമ്പ്രദായവും പുതിയ ടെക്നോളജികളുടെ ഉപയോഗവും നിമിത്തം, നല്ലയിനം കോഴികളെയും നല്ല ഗുണനിലവാരമുള്ള തീറ്റയും അതുമായി ബന്ധപ്പെട്ട എല്ലാ വിഭവങ്ങളും നമുക്ക് ഇന്ന് ലഭ്യമാണ്.
കുറച്ച് കാലങ്ങളായി, എല്ലാ ഗവൺമെന്റുകളും കഴിവിന്റെ പരമാവധി ഈ മേഖലയെ പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്യുന്നുണ്ട്. മുട്ടക്കോഴി, തീറ്റ, കൂട് എന്നിവ സൗജന്യമായി നൽകിക്കൊണ്ട് "വീട്ടുമുറ്റത്ത് പത്തുകോഴി" എന്ന പദ്ധതിയിലൂടെ വിപ്ലവകരമായ മാറ്റം കേരളത്തിൽ, സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നു. മാത്രമല്ല, അതൊരു വലിയൊരു വ്യവസായമായി മാറുകയും ചെയ്തു.
പ്രത്യേകിച്ച് എടുത്തു പറയാനുള്ളത്, തമിഴ്നാട് സർക്കാർ ഈ മേഖലയെ വളരെയേറെ പ്രോത്സാഹിപ്പിക്കുകയും കർഷകർക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകുന്നുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
വിഎച്ച്എൽ, സുഗുണാ, ശാന്തി തുടങ്ങി നിരവധി കമ്പനികൾ, പ്രത്യേകിച്ച് സൗത്ത് ഇന്ത്യയിൽ, ഈ മേഖലയെ പരിഭോഷിപ്പിക്കാൻ കഠിനാധ്വാനം ചെയ്യുകയും ഇതൊരു വലിയ വ്യവസായി മാറ്റിയെടുക്കുന്നതിൽ അവരുടെ നിസ്തുലമായ പങ്ക് ചിലവഴിക്കുന്നുമുണ്ട്. ഇനിയും ഒരുപാട് കമ്പനികൾ ഉണ്ട്. പല കമ്പനിയുടെയും പേര് പറയാനുണ്ട്. സമയക്കുറവ് കൊണ്ടാണ് അവയൊക്കെ പരാമർശിക്കാതെ കടന്നുപോകുന്നത്. പല പ്രധാനപ്പെട്ട പേരുകളും പരാമർശിക്കാതെ വിട്ടു പോയതിൽ ക്ഷമ ചോദിക്കുന്നു.
എല്ലാ കമ്പനികളും അവരുടേതായ സംഭാവന ഈ മേഖലയിൽ നൽകിയിട്ടുണ്ട്. അവരെയൊക്കെയും കേരള പൗൾട്രി ഫെഡറേഷന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഈ മേഖല ഒരു കാരണവശാലും പുറകിലോട്ട് പോവുകയില്ല എന്നുമാത്രമല്ല, കോഴി കർഷകർക്ക് വേണ്ട എല്ലാ സഹായങ്ങളും തുടർന്നും ഉണ്ടാകുമെന്ന് ഞാൻ പ്രത്യാശ പ്രകടിപ്പിക്കുന്നു.
ഇന്ത്യ എന്ന ഈ മഹാരാജ്യം വമ്പിച്ച കോഴി കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറിക്കഴിഞ്ഞു. 2022 - 23 കാലയളവിൽ ഇന്ത്യ ഒരു ലക്ഷത്തി എണ്ണായിരം കോടി രൂപയുടെ (1,08,000) കോഴി കയറ്റുമതി ചെയ്തിരുന്നു. ഇതൊരു ചെറിയ കാര്യമല്ല. ഇവിടെത്തന്നെ ലക്ഷക്കണക്കിന് വരുന്ന പ്രിയപ്പെട്ട സുഹൃത്തുക്കളുടെ കഠിന അധ്വാനവും ബുദ്ധിയും ടെക്നോളജിയും ഉപയോഗിച്ചുകൊണ്ട്, ഈ രാജ്യത്ത് വിപ്ലവകരമായ ഒരു വ്യവസായ സംരംഭമാണ് ഇന്ന് നിലകൊള്ളുന്നത്.
ഇവിടെ നടന്നു കൊണ്ടിരിക്കുന്ന ഈ സംരംഭം വഴി, പുതിയ സംരംഭകരും കച്ചവടക്കാരും ട്രേഡേഴ്സും അങ്ങനെ ഈ മേഖലയുമായി ബന്ധപ്പെട്ട് പുതിയ പുതിയ ആൾക്കാർ രംഗത്ത് വരികയും അതുവഴി ഈ വ്യവസായ രംഗത്ത് ഒരു മഹാവിപ്ലവം തന്നെ സാധ്യമാവുകയും ചെയ്തിട്ടുണ്ട് എന്ന കാര്യത്തിൽ ഒരു സംശയുമില്ല.
കേരളത്തെ സംബന്ധിച്ചിടത്തോളം, നാല് കോടിയോളം ജനസംഖ്യയുള്ള ഒരു ചെറിയ സംസ്ഥാനമാണ്.പക്ഷെ ഏറ്റവും കൂടുതൽ കോഴി ഇറച്ചി ഭക്ഷിക്കുന്ന ജനങ്ങളാണ് കേരളത്തിൽ ഉള്ളത്.ചിക്കൻ വിഭവങ്ങളെ, റോയൽ ഫുഡ് ആയി, ആ സമൂഹം നെഞ്ചിലേറ്റിക്കഴിഞ്ഞു എന്നത് സന്തോഷമുള്ള വസ്തുതയുമാണ്. പരിമിതികളും പരാതികളും ഉള്ളപ്പോൾ തന്നെ, കേരളത്തിലെ കർഷകരെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ പക്ഷിപ്പനി നാളിൽ അവർ വളരെ ദുർബലരാവുകയും വളരെ പ്രയാസങ്ങൾ അനുഭവിക്കുകയും ചെയ്ത ഒരു കൂട്ടരാണ്. അതുകൊണ്ടുതന്നെ തമിഴ്നാട്ടിന്റെയും കർണാടകയുടെയും ഒക്കെ സപ്പോർട്ട് കൂടി കേരളത്തിലും ഈ മേഖലയിൽ വമ്പിച്ച വിപ്ലവകരമായ ഒരു മാറ്റത്തിനു വേണ്ടി കേരള സർക്കാരും അതോടൊപ്പം ഓൾ കേരള പൗൾട്രി ഫെഡറേഷനും ഒരുമിച്ചു നിന്നുകൊണ്ട് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.
ഞങ്ങൾക്കാവശ്യമായ തീറ്റയും കോഴിയും മറ്റ് അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും നിങ്ങളുടെ പൂർണ്ണ സഹകരണം ഞങ്ങൾ ആവശ്യപ്പെടുന്നു. മാത്രമല്ല നിങ്ങൾ ഞങ്ങളോട് സഹകരിക്കുമെന്ന് ഞങ്ങൾക്ക് നല്ല ഉറപ്പുമുണ്ട്. പരസ്പരം സഹകരിച്ചുകൊണ്ട് ഈ മേഖലയെ വളരെയേറെ ഇനിയും ഉയരങ്ങളിലേക്ക് എത്തിക്കേണ്ട ബാധ്യത നമുക്ക് എല്ലാവർക്കും ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു.
ഓൾ കേരള പൗൾട്രി ഫെഡറേഷന് ഈ മഹത്തായ സംരംഭത്തിൽ സമയം അനുവദിച്ചതിൽ സംഘാടകർക്ക് വിനീതമായ നന്ദി രേഖപ്പെടുത്തുന്നു. ഈ പരിപാടിയിൽ പങ്കെടുക്കാൻ കേരളത്തിൽനിന്ന് വളരെയേറെ ആൾക്കാർ എത്തിയിട്ടുണ്ട്. ഈ സംഘടയുടെ സംസ്ഥാന സെക്രട്ടറി അടക്കമുള്ള ഒട്ടനേകം വലിയ വലിയ ബിസിനസുകാർ ഇവിടെ എത്തിച്ചേർന്നിട്ടുണ്ട് .
കേരള സംസ്ഥാനത്തിൽ നിന്നെത്തിയ എല്ലാപേർക്കും എൻറെ അഭിവാദ്യങ്ങൾ. ഇനിയും, ഈ സംരംഭം വീണ്ടും വീണ്ടും ഉന്നതിയിലോട്ടു പോകട്ടെ എന്നാശംസിച്ചുകൊണ്ടു അഭിവാദനകളോടെ നിർത്തുന്നു.