കേരളത്തിൽ മത്സ്യകൃഷിയുടെ ഭാഗമായി ഇറക്കുമതി ചെയ്ത മത്സ്യമാണ് രോഹു . ശരീരത്തിന് നല്ല വീതിയുണ്ട്. കവിൾക്കോണിൽ നിന്നും ഉത്ഭവിക്കുന്ന ഒരു ജോടി മീശരോമങ്ങൾ മാത്രമേയുള്ളൂ. പാർശ്വരേഖ പൂർണ്ണവും 40-44 ചെതുമ്പലുകളോടുകൂടിയതുമാണ്. മുതുകു ചിറകിന് മുമ്പിലായി 12-16 ചെതുമ്പലുകളുണ്ട്.
മുതുകുഭാഗം നീലരാശിയോടു കൂടിയ കറുപ്പ് നിറമാണ്. പാർശ്വങ്ങൾ മഞ്ഞ കലർന്ന വെള്ളിനിറമോ, വെള്ളിനിറമോ ആണ്. പാർശ്വങ്ങളിലെ ചെതുമ്പലുകളിൽ ചുവന്ന പൊട്ടു കാണാം. ചിറകുകൾക്ക് ചാര നിറമാണ്. "രോഹിത' എന്നാൽ ചുവന്ന പൊട്ടോടു കൂടിയത് എന്നാണ് അർത്ഥം അയതിനാലാണ് ശാസ്ത്രനാമം ഇങ്ങനെ വന്നത്.
മത്സ്യകൃഷിയുടെ ഭാഗമായി കേരളത്തിലേക്ക് ഇറക്കുമതി ചെയ്ത ഈ മത്സ്യത്തെ, സംസ്ഥാന മത്സ്യവകുപ്പ്, കൃത്രിമ പ്രജനനത്തിലൂടെ ഉൽപ്പാദിപ്പിച്ച് കൃഷി ചെയ്തു വരുന്നു. പീച്ചി, മലമ്പുഴ തുടങ്ങി പല തടാകങ്ങളിലും നാട്ടിൻ പുറങ്ങളിലും ഇത് വ്യാപകമായി കൃഷി ചെയ്തു വരുന്നു.
ചുരുങ്ങിയ കാലത്തിനുള്ളിൽ വളരുന്നു എന്നതാണ് ഇതിന്റെ മേൻമയായി കണക്കാക്കുന്നത്. കട്ല, റോഹു, മൃഗാള് എന്നീ മത്സ്യങ്ങൾ ഒരു നിശ്ചിത അനുപാതത്തിൽ വളർത്തുക എന്ന രീതിയാണ് മത്സ്യ കർഷകർ അവലംബിക്കുന്നത്. തദ്ദേശീയമല്ലാത്ത ഈ മത്സ്യങ്ങൾ വളർത്തുന്നതു മൂലം നാടൻ മത്സ്യങ്ങൾക്കുണ്ടാകുന്ന ഭീഷണി, ഗവേഷകരുടെയും പ്രകൃതി സ്നേഹികളുടെയും ഇടയിൽ സജീവ ചർച്ചാ വിഷയമാണ്.