കേരളത്തിലെ നെൽപ്പാടങ്ങളിലും കോൾനിലങ്ങളിലും പുഴകളിലും സർവ്വസാധാരണമായി കാണുന്ന പൂവാലി പരലിന്റെ ശരിരം വളരെ തടിച്ചതും വീതിയുള്ളതുമാണ്. എന്നാൽ ആനുപാതികമായ നീളമില്ല. മുതുകും വയറും ഒരു പോലെ വളവോടു കൂടിയതാണ്. കവിൾക്കോണിൽ നിന്നുത്ഭവിക്കുന്ന ഒരു ജോടി ചെറിയ മീശരോമങ്ങളുണ്ട്.
മുതുകു ചിറകിന്റെ അവസാന മുള് ബലം കുറഞ്ഞതും വളച്ചാൽ വളയുന്നവയുമാണ്. ചെതുമ്പലുകൾക്ക് സാമാന്യ വലുപ്പമുണ്ട്. പാർശ്വരേഖ പൂർണ്ണമാണ്. പാർശ്വരേഖ 18-20 ചെതമ്പലുകളിലൂടെ സഞ്ചരിക്കുന്നു. മുതുകുവശത്തിന് തവിട്ടു നിറമാണ്. പാർശ്വങ്ങളിൽ മഞ്ഞ കലർന്ന നിറമാണ്. ഈ ഭാഗത്ത് തിളങ്ങുന്ന പച്ചക്കുത്തുകൾ കാണാം. ചെകിളയിലും കണ്ണിനു പുറകിലും താഴെയും മരതക നിറമാണ്. ഗുദച്ചിറകും കാൽച്ചിറകും പ്രത്യേക നിറമൊന്നുമില്ലാതെ സുതാര്യമായിരിക്കും.
കൈച്ചിറകിന് തവിട്ടു നിറമാണ്. മുതുകു ചിറകിന്റെ രശ്മികൾക്കിടയിലുള്ള സ്തരത്തിൽ കറുത്ത ചെറുപൊട്ടുകളുണ്ട്. ആൺ മത്സ്യങ്ങളിൽ മുതുകു ചിറകിന്റെ ആദ്യ ഇഴകൾ നീണ്ട് നാടപോലെയാകുന്നു. വാലിന്റെ അറ്റത്ത് അണ്ഡാകൃതിയിലുള്ള ഒരു കറുത്ത പുള്ളിയുണ്ട്. വാൽച്ചിറകിന്റെ അഗ്രം വെളുത്തതാണ്. ഈ വെളുത്ത അഗ്രഭാഗത്തിന് പുറകിലായി ചരിഞ്ഞ് വീതിയുള്ള കറുത്ത വരയും, അതിന് പുറകിലായി ഒരു കുങ്കുമം വിതറിയതുപോലുള്ള പാടുമുണ്ട്. വാൽച്ചിറകിന്റെ ബാക്കി ഭാഗമെല്ലാം സുതാര്യവും മറ്റു നിറങ്ങളൊന്നുമില്ലാതെയുമാണ്.
1844 ൽ വാലൻസിനെസ് എന്ന ജീവശാസ്ത്ര പണ്ഡിതനാണ്. ആലപ്പുഴയിൽ നിന്ന് ഈ മത്സ്യത്തെ കണ്ടെത്തി ശാസ്ത്രനാമം നൽകിയത്. മുതുക് ചിറകിലെ രശ്മികൾക്കുള്ള നീളത്തെ മുൻനിർത്തി (filamentous) ഫിലമെ ജോസസ് എന്ന വംശനാമം നൽകുകയായിരുന്നു (Valenciennes, 1844). ഭക്ഷ്യയോഗ്യമായ ഇതിനെ അലങ്കാര മത്സ്യമായും വ്യാപകമായി ഉപയോഗിക്കുന്നു.