സർവ്വസാധാരണമായി കാണുന്ന ശുദ്ധജല മത്സ്യങ്ങളിൽ ഒന്നാണ് നെറ്റിയേ പൊന്നൻ. ശരീരത്തിന്റെ ആകൃതിയിൽ വളരെ പ്രതിയേകതയുണ്ട്. മുതുകുവശം വളവുകളൊന്നുമില്ലാതെ നേർരേഖ പോലെയാണ്. വാലറ്റം പരന്നിരിക്കും. വാൽഭാഗം വശങ്ങളിൽ നിന്നും ഞെരുങ്ങിയിരിക്കും. കണ്ണുകൾക്ക് നല്ല വലുപ്പമുണ്ട്. വായ്ക്കകത്ത് ചെറിയ പല്ലുകളുണ്ട്. മുതുകുചിറക് വളരെ പുറകിലായി കാണപ്പെടുന്നു.
ഗുദച്ചിറകിന് നല്ല നീളമുണ്ട്. കാൽച്ചിറകിന്റെ രണ്ടാമത്തെ രശ്മിക്ക് മറ്റുള്ളവയേക്കാൾ നീളമുണ്ട്. ചെതുമ്പലുകൾക്ക് നല്ല വലിപ്പമുണ്ട്. പാർശ്വരേഖയില്ല. വാൽച്ചിറകിന് വർത്തുളാകൃതയാണ്. വാലിന്റെ മധ്യഭാഗത്തുള്ള രശ്മികൾക്ക് ഇരുവശത്തുമുള്ളവയേക്കാൾ നീളമുണ്ട്.
ശരീരത്തിനാകെ ഒലിവ് അല്ലെങ്കിൽ പച്ചനിറമാണ്. മുതുകിൽ പച്ച കുത്തുകൾ വിതറിയതു പോലെ കാണാം. നെറ്റിയിൽ തിളങ്ങുന്ന വെളുത്ത ഒരു പൊട്ടു കാണുന്നതു കൊണ്ടാണ് നെറ്റിയേ പൊന്നൻ എന്നു വിളിക്കുന്നത്. ചിലർ ഇതിനെ കണ്ണായി കരുതി "മാനത്തുകണ്ണി' എന്നു വിളിക്കുന്നുണ്ട്. പാർശ്വങ്ങളിലും ഇത്തരത്തിലുള്ള മരതക കല്ലുകൾ വിതറിയതു പോലെ ചെതുമ്പലുകളിൽ കാണാം. അടിവശം സ്വർണ്ണനിറമാണ്. പാർശ്വങ്ങളിൽ 8-9 കറുത്ത ലംബരേഖകൾ കാണാം.
കാൽച്ചിറകിന് പുറകോട്ട് വാൽവരെ മാത്രമേ ഈ വരകൾ കാണുവാൻ സാധിക്കൂ. മുതുകുചിറകിന്റെ നിറം അടിസ്ഥാനമായി പച്ചയാണെങ്കിലും മഞ്ഞ രാശിയുണ്ടായിരിക്കും. അഗ്രഭാഗം ചുവപ്പാണ്. മുതുകുചിറികന്റെ പിൻഭാഗത്ത് മരതക പൊട്ടുകൾ കാണാം. ഇത്തരത്തിലുള്ള പൊട്ടുകൾ വാൽച്ചിറകിന്റെ ആരംഭത്തിലും, ഗുദച്ചിറകിന്റെ ശരീരത്തോട് ചേർന്ന ഭാഗത്തും കാണാം. വാൽച്ചിറകിന്റെ (മേലെയും, കീഴെയും) ഗുദച്ചിറികന്റെ തുറന്ന അരികിലും രക്തചുവപ്പ് നിറം കാണാം. മറ്റു ചിറകുകൾക്ക് സ്വർണ്ണനിറമാണ്.
1846-ൽ വാലൻസിനെസ് ആണ് ഈ മത്സ്യത്തെ ആദ്യമായി കണ്ടെത്തി നാമകരണം ചെയ്തത് (Cuvier and Valneciennes, 1846).
സാധാരണ ഏതുതരം ശുദ്ധജലാശയങ്ങളിലും തീരത്തോട് ചേർന്ന ജലോപരിതലത്തിൽ കാണുന്ന ഒന്നാണ് നെറ്റിയേപൊന്നൻ. ഭക്ഷ്യയോഗ്യമല്ലെങ്കിലും അലങ്കാരത്തിനായി അക്വേറിയത്തിൽ സൂക്ഷിക്കുന്നവരുമുണ്ട്.