കേരളത്തിന്റെ തനത് ഇനങ്ങളിലൊന്നാണ് അട്ടപ്പാടി എന്നും അട്ടപ്പാടി ബ്ലാക്ക് എന്നും അറിയപ്പെടുന്ന ആടിനം.നീലഗിരി, മുത്തിക്കുളം മലനിരകൾക്കിടയിൽ പാലക്കാട് ജില്ലയിൽ സ്ഥിതിചെയ്യുന്ന ഉയർന്ന മലമ്പ്രദേശമാണ് അട്ടപ്പാടി. ഇവിടുത്തെ പ്രാക്തന ജന വിഭാഗങ്ങളായ ഇരുളർ, മുഡുഗർ, കുറുമ്പർ എന്നീ ആദിവാസി വിഭാഗങ്ങളാണ് ഇവിടെ ആടുവളർത്തലും മറ്റു കൃഷികളുമായി കഴിഞ്ഞു കൂടുന്നത്.
ഇടത്തരം വലിപ്പമുള്ള അട്ടപ്പാടി ബ്ലാക്ക് ആടുകൾക്ക് മെലിഞ്ഞതും ഒതുങ്ങിയതുമായ ശരീരമാണുള്ളത്. പേരു പോലെതന്നെ കറുത്ത നിറമാണ് ശരീരത്തിന്. വെങ്കല നിറമുള്ള കണ്ണുകളും കറുത്ത കൊമ്പുകളുമാണ് ഇവയ്ക്കുള്ളത്. കൊമ്പുകൾ വളഞ്ഞതും പുറകിലേക്ക് നീളുന്നതുമാണ്. ചെറിയ കൊമ്പുകളാണ് അട്ടപ്പാടി ബ്ലാക്ക് ഇനത്തിന്റേത്.
ആണിനും പെണ്ണിനും കൊമ്പുകൾ ഉണ്ടാകും. കറുത്ത നിറമുള്ള ചെവികൾ തൂങ്ങിക്കിടക്കുന്നവയാണ്. വാലിന് ചെറിയ വളവുണ്ട്. കൂടാതെ വാൽ ഒരു രോമക്കൂട്ടം പോലെ കാണപ്പെടുകയും ചെയ്യുന്നു. രാത്രി മാത്രം കൂടുകളിൽ പാർപ്പിച്ച് പകൽ മാത്രം മേയ്ച്ച് നടക്കുന്ന രീതിയിലാണ് ഇവയെ പൊതുവേ വളർത്തുന്നത്. പാലുല്പാദനത്തിൽ പുറകിലായ ഈ ഇനത്തെ ഇറച്ചിക്കായാണ് പ്രധാനമായും വളർത്തുന്നത്. അട്ടപ്പാടി ബ്ലാക്ക് ഇനത്തിന്റെ ജനിതക സമ്പത്ത് സംരക്ഷിക്കാനായി അട്ടപ്പാടിയിൽ സംസ്ഥാന സർക്കാരിന്റെ ഒരു ആടുഫാം പ്രവർത്തിക്കുന്നുണ്ട്.