കുച്ചി, കുണ്ടി എന്നീ പേരുകളിലും അറിയപ്പെടുന്ന ബന്നി എരുമകളുടെ വംശപാത ഗുജറാത്തിലെ കച്ച് ജില്ലയിലാണ്. മാൽധാരി വംശീയരാണ് എരുമകളെ വ്യാപകമായി പോറ്റി വളർത്തിയിരുന്നത്. വരൾച്ച, ജലദൗർലഭ്യം, ഉയർന്ന അന്തരീക്ഷ താപം. കുറഞ്ഞ ആർദ്രത തുടങ്ങി കച്ചിന്റെ പ്രത്യേക കാലാവസ്ഥയോട് ഇണങ്ങി ജീവിക്കാൻ ബന്നികൾക്ക് കഴിയും.
രാത്രികാലങ്ങളിൽ പുല്ല് മേയാൻ വിടുകയും അതിരാവിലെ തിരിച്ചെത്തിച്ച് പാൽ കറക്കുകയും ചെയ്യുന്നതാണ് രീതി. പകലിൻ്റെ വർദ്ധിച്ച താപനിലയിൽ നിന്ന് കാലികളെ രക്ഷിക്കാനാണിത്.
ദീർഘകാലം വരൾച്ചയെ അതിജീവിക്കാൻ കഴിയുന്ന ഇവയ്ക്ക് നല്ല രോഗപ്രതിരോധ ശക്തിയുണ്ട്. പൊതുവെ കറുപ്പാണ് നിറം. ചെമ്പു നിറക്കാരും തവിട്ടുനിറക്കാരും ഉണ്ട്. നീണ്ട നെറ്റിത്തടത്തിൽ കൊമ്പുകൾക്ക് കീഴ്പ്‌പോട്ട് ചരിവില്ല. നേരേ മുകളിലേക്കു വളരുന്ന കൊമ്പുകൾക്ക് സാധാരണ രണ്ടു പിരികളെങ്കിലും ഉണ്ടാവും. രോമാവൃതമായ ശരീരത്തിന് ഇടത്തരം വലിപ്പമാണ്. താടയുണ്ടാവില്ല. ഇടത്തരം നാഭീ സ്‌തരം പ്രത്യേകതയാണ്.
വികസിതമായ അകിട് ദൃഢമായി ബന്ധിപ്പിച്ചിരിക്കുന്നു. അകിടിനെ നാലായി പകുത്ത് നാല് മുലക്കണ്ണുകളും ഓരോ ഭാഗത്ത് നിലകൊള്ളുന്നതായിട്ടാണ് കാഴ്‌ചയ്ക്ക് തോന്നുക. കൂർത്തതോ ഉരുണ്ടതോ ആയ അഗ്രങ്ങളോടു കൂടിയ കോണാകൃതിയിലുള്ള മുലക്കണ്ണുകളാണ് മറ്റൊരു സവിശേഷത. മുൻ പിൻകാൽ പേശികൾക്ക് ഒരേ വളർച്ചയാണ്.