ഉത്തർപ്രദേശിലും രാജസ്ഥാനിലുമായി ഉരുത്തിരിഞ്ഞ ഒരു ആടിനമാണ് ബാർബറി. രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലും ഉത്തർപ്രദേശിലെ അലിഗഡ്, മഥുര, ആഗ്ര, ഇറ്റാവാ, ഇറ്റ, ഹത്രസ് തുടങ്ങി ജില്ലകളിലുമാണ് ഇവ ഉരുത്തിരിഞ്ഞത്. ആഫ്രിക്കൻ രാജ്യമായ സോമാലിയയിലെ നഗരമായ ബെർബറിയിൽ നിന്നും ഉരുത്തിരിഞ്ഞു എന്നും അഭിപ്രായമുണ്ട്.
ഇന്ത്യയിൽ മാത്രമല്ല പാക്കിസ്ഥാനിലും ഈ ഇനം ധാരാളമായി കാണപ്പെടുന്നു. ഇന്ത്യയിലാകട്ടെ, ഉത്തർപ്രദേശിനു പുറമേ ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലും ബാർബറി ആടുകൾ കണ്ടു വരുന്നു. തോറിബറി, തിതറിബറി, വാദിബറി എന്നിങ്ങനെ വിവിധ പ്രാദേശിക നാമങ്ങളിലും ഇവ അറിയപ്പെടുന്നുണ്ട്. ബാർബറി ഇനത്തിലെ കൊമ്പില്ലാത്ത വകഭേദങ്ങളെ പൊതുവേ വിളിക്കുന്ന പേരാണ് തോറിബറി. പാലിനും ഇറച്ചിക്കും വേണ്ടി വളർത്തുന്ന ഒരു ഇനമാണ് ബാർബറി. വെളുത്ത നിറത്തിൽ തവിട്ടുനിറമുള്ള പുള്ളികളോടു കൂടിയുള്ള ശരീരമാണ് ബാർബറിയുടേത്. നീളം കുറഞ്ഞ രോമങ്ങളാണ് ഇവയ്ക്കുള്ളത്. ഇടത്തരം തൂക്കമുള്ള ഒതുക്കമുള്ളതുമായ ശരീരമുള്ള ഇനമായിട്ടാണ് ബാർബറിയെ കണക്കാക്കുന്നത്.
ചെറിയ ചെവികൾ മുകളിലേക്കും പുറത്തേക്കുമായി തുറന്നരീതിയിൽ നിവർന്നു നിൽക്കുന്നവയാണ്. ഇടത്തരം വലിപ്പമുള്ള മുകളിലേക്കും പുറകിലേക്കുമായി നീളുന്ന പിരിയൻ കൊമ്പുകളാണ് ഇവയ്ക്കുള്ളത്. മുട്ടനാടുകൾക്ക് കട്ടിയുള്ള താടി കാണപ്പെടാറുണ്ട്. ഉയർന്ന പ്രത്യുല്പാദനക്ഷമതയുള്ള ഇനമായാണ് പൊതുവേ ബാർബറിയെ കണക്കാക്കുന്നത്. പൊതുവേ പ്രസവത്തിൽ രണ്ടോ അതിലധികമോ കുട്ടികൾ ഉണ്ടാകുന്നു. ശരാശരി 1 മുതൽ 1.25 ലിറ്റർ പാൽ ലഭിക്കാറുണ്ട്. 152 ദിവസമാണ് ബാർബറി ആടുകളുടെ ശരാശരി കറവക്കാലം. മുതിർന്ന ആൺ ആടുകൾക്ക് 35 മുതൽ 45 കിലോ ശരീരഭാരവും, മുതിർന്ന പെണ്ണാടുകൾക്ക് 25 മുതൽ 35 കിലോ ശരീരഭാരവും കാണപ്പെടുന്നു.