ഇന്ത്യയിലും പാക്കിസ്ഥാനിലുമായി വ്യാപിച്ചു കിടക്കുന്ന പഞ്ചാബ് പ്രവിശ്യയാണ് ബീറ്റൽ ആടുകളുടെ ജന്മദേശം. ചിലയിടങ്ങളിൽ ലാഹോരി എന്നും അമൃതസരി എന്നും ഇവ അറിയപ്പെടുന്നു. ഉയർന്ന ശരീരഭാരവും, ഉയർന്ന പാലുല്പാദനവും, നീളമുള്ള ചെവികളും, ഉയർന്ന പ്രത്യുല്പാദനക്ഷമതയുമുള്ള ഇനമായിട്ടാണ് ബീറ്റലിനെ കണക്കാക്കുന്നത്.
പഞ്ചാബിലെ ഫിറോസ്പൂർ, ഗുർദാസ്പൂർ, അമൃതസർ ജില്ലകളിലാണ് ഇവ ഉരുത്തിരിഞ്ഞതെന്ന് കണക്കാക്കപ്പെടുന്നു. ഗുർദാസ്പൂർ ജില്ലയിലെ ബറ്റാല പ്രവിശ്യയുടെ പേരിലാണ് ഇവ അറിയപ്പെടുന്നത്. കറുത്തനിറമാണ് പൊതുവേ ഇവയ്ക്കെങ്കിലും തവിട്ടുനിറത്തിൽ വെളുത്ത പുള്ളികളോടുകൂടിയും ബീറ്റൽ ആടുകൾ കാണപ്പെടാറുണ്ട്. ആണിനും പെണ്ണിനും കൊമ്പുകൾ കാണുന്നു. പുറകിലേക്കും മുകളിലേക്കുമായി നിൽക്കുന്ന ഇടത്തരം കൊമ്പുകളാണ് ഇവയ്ക്കുള്ളത്.
റോമൻ മൂക്കുകളാണ് മറ്റൊരു പ്രത്യേകത. തൂങ്ങി കിടക്കുന്ന നീളമേറിയ പരന്ന ചുരുണ്ട ചെവികളാണ് ബീറ്റലിന്റെ പ്രധാന പ്രത്യേകതകളിലൊന്ന് (24.8 സെ.മീ.). ദേശീയ ആടു ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച് 182 ദിവസമാണ് ഇവയുടെ ശരാശരി കറവക്കാലം. മുതിർന്ന ആൺ ആടുകൾക്ക് 50 മുതൽ 70 കിലോ വരെയും മുതിർന്ന പെണ്ണാടുകൾക്ക് 40 മുതൽ 50 കിലോ വരെയും ശരീരഭാരം പൊതുവേ കാണപ്പെടുന്നു.