കുറഞ്ഞ മുതൽ മുടക്കിൽ മികച്ച ലാഭം കൊയ്യാൻ സാധിക്കുന്ന ഒന്നാണ് മുയൽ വളർത്തൽ. വീട്ടമ്മമാർക്കും കുട്ടികൾക്കും ഉൾപ്പെടെ അധിക വരുമാനം നേടാൻ ആഗ്രഹിക്കുന്ന ആർക്കും അൽപം ശ്രദ്ധ കൊടുത്താൽ അനായാസം മുയൽ വളർത്തലിൽ വിജയം നേടാം. മാംസത്തിന് വേണ്ടിയാണ് പ്രധാനമായും ആളുകൾ മുയൽ കൃഷി ചെയ്യുന്നത്. ന്യൂസിലാൻഡ് വൈറ്റ് സോവിയറ്റ്സ് ഗ്രേറ്റ് ഇനങ്ങളെയാണ് ഇറച്ചിക്കായി വളർത്തുന്നത്. ചെറിയ സ്ഥലപരിമിതിയിലും സുരക്ഷിതമായി ഇവയെ വളർത്താൻ സാധിക്കും.
കൂടുതൽ വാർത്തകൾ: മുയൽ കുഞ്ഞുങ്ങളുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മുയലിറച്ചി - ഗുണങ്ങൾ
മുയലിറിച്ചിയിൽ കൊഴുപ്പിന്റെ അളവ് വളരെ കുറവാണ്. ഇറച്ചിയിൽ അടങ്ങിയിരിക്കുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡ് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും, ഹൃദയസംബന്ധമായ രോഗങ്ങളെ ചെറുക്കുകയും ചെയ്യുന്നു. മുയൽ കുഞ്ഞുങ്ങളെ വാങ്ങുമ്പോൾ ചർമ രോഗങ്ങൾ ഇല്ലാത്തവ വാങ്ങാൻ ശ്രദ്ധിക്കണം. 5 മുതൽ 6 മാസം പ്രായമാകുമ്പോൾ ഇറച്ചിക്കായി വിൽപന നടത്താം. ഒരു കിലോ ഇറച്ചിക്ക് 300 രൂപയാണ് വില. വിപണിയിൽ നല്ല വില ലഭിക്കുന്ന മുയലിറച്ചിയുടെ സ്വാദും മികച്ചതാണ്.
മുയൽ വളർത്തൽ - രീതി
വായു സഞ്ചാരമുള്ളതും വൃത്തിയുള്ളതുമായ കൂട്ടിലാണ് ഇവയെ വളർത്തേണ്ടത്. ശുചിത്വം ഇല്ലെങ്കിൽ പെട്ടെന്ന് മുയലുകൾക്ക് പെട്ടെന്ന് രോഗങ്ങൾ വരാൻ സാധ്യതയുണ്ട്. വിസർജ്യം എളുപ്പത്തിൽ താഴേക്ക് പോകുന്ന രീതിയിലായിരിക്കണം കൂടിന്റെ നിർമാണം. ആഹാരം നൽകുന്ന പാത്രങ്ങളും വൃത്തിയുള്ളതായിരിക്കണം. എല്ലായ്പോഴും വെള്ളം കൂട്ടിനുള്ളിൽ കരുതണം. ക്യാബേജ്, ക്യാരറ്റ്, പുല്ലുകൾ, ഇലകൾ, മുരിക്കിന്റെ ഇല മുതലായവ മുയലുകൾക്ക് വളരെ ഇഷ്ടമാണ്. കൂടാതെ പില്ലറ്റും മുയലുകളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.
പ്രജനനത്തിനായി വളർത്തുമ്പോൾ അഞ്ച് പെൺമുയലിന് ഒരു ആൺമുയൽ എന്ന് അനുപാതത്തിലാണ് വളർത്തേണ്ടത്. 8 മുതൽ 12 മാസം വരെ പ്രായമുള്ള ആൺമുയലിന് 6 മുതൽ 8 മാസം പ്രായമായ പെൺമുയൽ ആയിട്ടാണ് ഇണ ചേർക്കുന്നത്. 28 മുതൽ 34 ദിവസം വരെയാണ് മുയലിന്റെ ഗർഭകാലം. പ്രസവസമയം പെൺമുയലിനെ ഒറ്റയ്ക്ക് പാർപ്പിക്കണം. ഒരു പ്രസവത്തിൽ ആറുമുതൽ എട്ടുവരെ കുട്ടികള്‍ ഉണ്ടായിരിക്കും. പെൺമുയലുകൾ കുഞ്ഞുങ്ങളെ തിന്നാൻ സാധ്യതയുണ്ട്. എന്നാൽ ഗർഭകാലത്ത് കൃത്യമായിട്ടുള്ള ഭക്ഷണക്രമം പിന്തുടർന്നാൽ ഇത് ഒഴിവാക്കാൻ സാധിക്കും. പ്രസവിച്ച് ആറാം ആഴ്ച കുഞ്ഞുങ്ങളെ അമ്മയിൽ നിന്നും മാറ്റി പാർപ്പിക്കണം. ജനിച്ച് മൂന്നാഴ്ച കഴിയുമ്പോൾ മുയലുകളിലെ ലിംഗ നിർണയം നടത്താൻ സാധിക്കും.
ശുചിത്വം പ്രധാനം
മുയൽ വളർത്തലിൽ ശുചിത്വമാണ് പ്രധാനം. ശുചിത്വം പാലിക്കുന്നത് വഴി മുയൽ വളർത്തലിലെ രോഗങ്ങൾ ഒരു പരിധിവരെ ഇല്ലാതാക്കാൻ സാധിക്കും. മുയൽ പരിചരണം കുഞ്ഞുങ്ങൾക്കും പ്രായമായവർക്കും ആയാസരഹിതവും മാനസിക ഉല്ലാസവും നൽകുന്നതുമാണ്. വീട്ടമ്മമാർക്കും പ്രവാസികൾക്കും കുറഞ്ഞ മുതൽമുടക്കിൽ ചുരുങ്ങിയ സമയം കൊണ്ട് കൂടുതൽ ആദായമുണ്ടാക്കാൻ മുയൽ വളർത്തൽ വഴി സാധിക്കും.
ആഷിക് ദത്ത് സി.എസ്
ഫാർമർ ദി ജേർണലിസ്റ്റ്
കൃഷി ജാഗരൺ