ബ്രൂസെല്ലോസിസ് നിയന്ത്രണ പദ്ധതിയുടെ ഭാഗമായിട്ടുള്ള പ്രതിരോധ കുത്തിവയ്പ്പ് മെയ് 15 ന് സംസ്ഥാനത്ത് മുഴുവൻ ആരംഭിച്ചിരുന്നു. 19 വരെ ആയിരുന്നു കുത്തിവയ്പ്പ്. ഈ പ്രോഗ്രാമിന്റെ ഭാഗമായി 4 മാസത്തിനും 8 മാസത്തിനും ഇടയിൽ പ്രായമുള്ള എല്ലാ പശുക്കുട്ടികൾക്കും, എരുമക്കുട്ടികൾക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകാനാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്.
ബ്രൂസല്ല അബോർട്ടസ് 519 എന്ന വാക്സിനാണ് ഉപയോഗിച്ചിരുന്നത്. 2 മി.ലി. വാക് സിൻ, കന്നുകുട്ടികളിൽ തൊലിക്കടിയിലായാണ് നൽകുന്നത്. കുത്തിവയ്പ്പ് സൗജന്യമാണ്. ക്യാമ്പുകളിൽ നിന്നോ, കർഷക ഭവനങ്ങളിൽ ചെന്നോ, വാക്സിനേറ്റർമാർ പ്രതിരോധ കുത്തിവയ്പ്പ് നൽകിയിരുന്നു.
ബ്രൂസെല്ലോസിസ് മനുഷ്യരിലേക്കും പകരുന്ന രോഗമാണ്. ചികിത്സ ഫലപ്രദമല്ലതാനും. എന്നാൽ കന്നുകുട്ടികൾക്ക് ഒരു തവണ വാക്സിൻ നൽകിയാൽ ഈ രോഗത്തിനെതിരെ ആജീവനാന്ത പ്രതിരോധ ശേഷി ലഭിക്കും. മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്നവർ, അറവുശാല ജീവനക്കാർ, മൃഗങ്ങളുടെ തുകൽ കൈകാര്യം ചെയ്യുന്നവർ എന്നിവർക്ക് വേഗത്തിൽ രോഗം പകരാൻ സാധ്യതയുണ്ട്.
കന്നുകുട്ടികൾക്ക് കൃത്യ സമയത്ത് ഈ രോഗത്തിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് നൽകുക, തൊഴുത്തും പരിസരവും കൃത്യമായ ഇടവേളയിൽ അണുനാശിനികൾ കൊണ്ട് കഴുകി വൃത്തിയാക്കുക, വ്യക്തിത ശുചിത്വം പാലിക്കുക എന്നിവ വഴി ബ്രൂസെ ല്ലോസിസ് രോഗം നിയന്ത്രിക്കാൻ സാധിക്കും.