എരുമ വളർത്തലിൽ ഏറെ ശ്രദ്ധിക്കേണ്ട മേഖലയാണ് എരുമക്കുട്ടികളുടെയും പോത്തിൻ കുട്ടികളുടെയും പരിപാലനം. ഇവയ്ക്ക് വേണ്ടത്ര പരിചരണം ലഭിക്കാത്തതിനാൽ മരണനിരക്ക് കൂടുതലാണ്. വളർച്ച മുരടിക്കാനും അവ കൂടുതൽ രോഗങ്ങൾക്ക് അടിമപ്പെടുവാനും ഇടവരുന്നു.
എരുമക്കുട്ടികൾ ജനിച്ച് 5-7 ദിവസം അവയ്ക്ക് ആവശ്യമായ അളവിൽ കന്നിപ്പാൽ (കൊളസ്ട്രം) നൽകണം. ഇതിൽ കൂടിയ അളവിൽ രോഗപ്രതിരോധ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട് (ആൽബുമിൻ, ഇമ്യൂണോ ഗ്ലോബുലിൻ തുടങ്ങിയവ). മൂന്നുമാസം വരെ എരുമക്കുട്ടിക്ക് പാൽ നൽകാം.
ആദ്യത്തെ മാസം ശരീരതൂക്കത്തിന്റെ 1/10 ഭാഗവും രണ്ടാമത്തെ മാസം 11/15 ഭാഗവും മൂന്നാമത്തെ മാസം 1/20 ഭാഗവും പാൽ നൽകണം. ജനിക്കുമ്പോൾ കന്നു കുട്ടിക്ക് 25-30 കി.ഗ്രാം ശരീരതൂക്കമുണ്ടായിരിക്കും. 2 ആഴ്ച പ്രായത്തിൽ തന്നെ ചെറുതായി തീറ്റ, പച്ചപ്പുല്ല് എന്നിവ നൽകി തുടങ്ങാം. 3, 7, 21 ദിവസങ്ങളിലും പിന്നീട് മാസം തോറും വിരമരുന്ന് നൽകാൻ തുടങ്ങണം.
കിടാക്കളിൽ വളർച്ചാനിരക്ക് കൂട്ടാൻ ശാസ്ത്രീയ തീറ്റക്രമം, രോഗനിയന്ത്രണമാർഗങ്ങൾ എന്നിവ അവലംബിക്കേണ്ടതാണ്. അവയ്ക്ക് ദിവസേന 1/2 കി.ഗ്രാം തീറ്റ നൽകണം. 6 മാസത്തിനുമേൽ പ്രായമുള്ള കന്നുകുട്ടികളെയാണ് കിടാക്കൾ എന്നു വിളിക്കുന്നത്.
കന്നുകുട്ടി ജനിച്ചാൽ മഴക്കാലത്തും തണുപ്പുകാലത്തും വേണ്ടത ശുചിത്വം ഇല്ലാതിരിക്കുക, തണുത്ത ചുറ്റുപാടിൽ വളരുക, ആവശ്യമായ അളവിൽ തീറ്റ, കന്നിപ്പാൽ, പാൽ എന്നിവ നൽകാതിരിക്കുക; വിരബാധ, പച്ചപ്പുല്ലിന്റെ ദൗർലഭ്യം, പൊക്കിൾക്കൊടിയിലൂടെയുള്ള അണുബാധ എന്നിവ മരണനിരക്ക് ഉയർത്തുന്ന ഘടകങ്ങളാണ്.
എരുമക്കുട്ടികളിലെ മരണനിരക്ക് കുറയ്ക്കാൻ
കന്നിപ്പാൽ ആവശ്യമായ അളവിൽ നൽകുക.
2-3 മാസം വരെ ശരീരതൂക്കത്തിനനുസരിച്ച് പാൽ നൽകണം. എരുമയുടെ ഒരു മുലക്കാമ്പ് കന്നുകുട്ടിക്ക് വിട്ടുകൊടുക്കുന്നതാണ് പ്രായോഗികം
പച്ചപ്പുല്ല്, ഗുണമേന്മയുള്ള തീറ്റ എന്നിവ പതിവായി നൽകണം.
കാലാകാലങ്ങളിൽ വിരമരുന്ന് നൽകണം.
കന്നുകുട്ടികളെ ഈർപ്പരഹിതമായ ചുറ്റുപാടിൽ പാർപ്പിക്കണം.
കാലാവസ്ഥാമാറ്റത്തിനനുസരിച്ചുള്ള സംരക്ഷണരീതികൾ അവലംബിക്കണം.