എല്ലുകളുടെ രൂപീകരണത്തിനും വളർച്ചയ്ക്കും ആവശ്യമായ മൂലകമായാണ് കാൽസ്യത്തെ കണക്കാക്കുന്നത് എങ്കിലും ശരീരപേശികളുടെ ശരിയായ പ്രവർത്തനത്തിനും നാഡീവ്യൂഹത്തിനും രക്തം കട്ടപിടിക്കുന്നതിനുമെല്ലാം കാൽസ്യം ആവശ്യമാണ്. ഗർഭിണിയായ ആടുകൾക്കും പാലുല്പാദിപ്പിക്കുന്ന ആടുകൾക്കും വളരുന്ന പ്രായത്തിലുള്ള ആട്ടിൻകുട്ടികൾക്കുമെല്ലാം സാധാരണയിൽ ഉയർന്ന അളവിൽ കാൽസ്യം ആവശ്യമായി വരുന്നു.
സാധാരണയായി ആട് കഴിക്കുന്ന ഇലവർഗങ്ങളിൽ നിന്നും പുൽവർഗങ്ങളിൽ നിന്നുമെല്ലാം (പ്രത്യേകിച്ച് പയറുവർഗച്ചെടികളിൽ നിന്നും) ആടുകൾക്കാവശ്യമായ കാൽസ്യം ലഭിക്കുന്നുണ്ടെങ്കിലും ഉയർന്ന തോതിൽ കാൽസ്യം ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ കാൽസ്യം സപ്ലിമെന്റുകളുടെ രൂപത്തിൽ നൽകേണ്ടതാണ്. കാൽസ്യത്തിന്റെ അഭാവം കുഞ്ഞുങ്ങളിൽ റിക്കറ്റ്സ് എന്ന രോഗാവസ്ഥ ഉണ്ടാക്കുന്നു . മുതിർന്ന ആടുകളിൽ ഇത് ഓസ്റ്റിയോമലേഷ്യ എന്ന രോഗാവസ്ഥയാണുണ്ടാക്കുന്നത്.
കറവയുള്ള ആടുകളിൽ കാത്സ്യം കൂടുതൽ ആവശ്യമുള്ളതിനാൽ, പെട്ടെന്ന് ഈ കാൽസ്യ ആവശ്യകത നിറവേറാനായി ശരീരത്തിലെ ശേഖരങ്ങളിൽ നിന്നും എടുത്ത് ഉപയോഗിക്കുന്നതു കൊണ്ട് വരുന്ന ഒരു രോഗാവസ്ഥയാണ് മിൽക്ക് ഫീവർ അഥവാ ക്ഷീരസന്നി. ഉയർന്ന കറവയുള്ള ആടുകളിലാണ് ഈ രോഗാവസ്ഥ സാധാരണയായി കാണുക. അതും പാലുല്പാദനത്തിലേക്ക് ആട് കടന്നുവരുന്ന പ്രസവാനന്തര ആദ്യ ദിനങ്ങളിലാണ് ഇത് കൂടുതലായി സംഭവിക്കുക.
ഒരു ആടിന് ഒരു കിലോഗ്രാം പാലുല്പാദിപ്പിക്കുന്നതിന് 1.3 ഗ്രാം കാൽസ്യം ആവശ്യമായി വരുന്നുണ്ടെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. ശരീരം നിലനിർത്താനാവശ്യമായ 7.1 ഗ്രാം പ്രതിദിന ആവശ്യകതയ്ക്കു പുറമേയാണിത്. ഇത് ലഭ്യമാകാത്ത അവസ്ഥയിലാണ് കാൽസ്യക്കുറവിന്റെ ലക്ഷണങ്ങൾ പ്രകടമാവുക. കിടന്നിടത്തു നിന്നും എഴുന്നേൽക്കാനുള്ള ബുദ്ധിമുട്ട്, മലമൂത്ര വിസർജനം നടക്കാതിരിക്കുക, വയറിലേക്ക് തലചായ്ച് പ്രത്യേക രീതിയിലുള്ള കിടപ്പ് എന്നീ ലക്ഷണങ്ങൾ കാണുമ്പോൾ വിദഗ്ധ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മരണം വരെ സംഭവിച്ചേക്കാം.