കാശ്മീരിലെ കാർഗിൽ ജില്ലകളിലാണ് ചാങ്ങ് താങ്ങി ഇനത്തിന്റെ ഉത്ഭവം. സ്വാഭാവികമായി ഇവയെക്കാണുന്ന പ്രദേശത്തിൽ നിന്നാണ് ചാങ്ങ് താങ്ങി എന്ന പേര് ഇവയ്ക്ക് ലഭിച്ചത്. കാശ്മീരി, പാഷ്മിന എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു.
വിലയേറിയ രോമമായ പാഷ്മിന അഥവാ കാശ്മീർ എന്ന രോമമാണ് ഇവ ഉല്പാദിപ്പിക്കുന്നത്. രോമ ആവശ്യങ്ങൾക്കു ശേഷം ഇറച്ചിക്കായും ഇവയെ ഉപയോഗിക്കുന്നു. ഇടത്തരം ശരീരവലുപ്പമാണ് ഇവയ്ക്കുള്ളത്. പ്രധാനമായും വെളുത്തനിറത്തിലാണ് ഇവ കാണപ്പെടുന്നത്. എങ്കിലും തവിട്ടിന്റെയും കറുപ്പിന്റെയും ഇടകലർന്നനിറങ്ങളിലും ഇവയെ കാണാവുന്നതാണ്. ആണിനും പെണ്ണിനും കൊമ്പുകൾ കാണുന്നു.
അർധവൃത്താകൃതിയിലുള്ള വലിയ പിരിയൻ കൊമ്പുകളാണ് ഇവയ്ക്കുള്ളത്. പുറത്തേക്ക് വളഞ്ഞ്, മുകളിലേക്കും പിന്നെ അകത്തേക്കുമായിട്ടാണ് ഇവയുടെ കൊമ്പുകൾ അർധവൃത്തം രചിക്കുന്നത്. ചെറിയ നിവർന്നുനിൽക്കുന്ന കുറ്റിപോലുള്ള ചെവികളാണ് ഇവയുടേത്.