ഹിമാചൽ പ്രദേശിലെ ചില സ്ഥലങ്ങളിൽ മാത്രം കാണപ്പെടുന്ന ആടിനമാണ് ചെഗു. 'ചായാംഗ്ര' എന്നും ഇവ അറിയപ്പെടുന്നു. ലാഹുൽ, സ്പിതി ജില്ലകളിലെ തണുത്ത മരുപ്രദേശങ്ങളിലും കിന്നാർ ജില്ലയിലെ ഹാംഗ്രംഗ് താഴ്വരയിലും ടോഡ്, മിയാർ താഴ്വരകളിലും, ചമ്പ ജില്ലയിലെ പാങ്ങേ താഴ്വരയിലെ ഉയർന്ന പ്രദേശങ്ങളിലുമാണ് ഈ ഇനം ആടുകൾ കാണപ്പെടുന്നത്.
ഹിമാലയത്തിന്റെ ഉയർന്നപ്രദേശങ്ങളിൽ കാണുന്ന മാർക്കാർ, ഐബെക്സ് എന്നീ കാട്ടാടുകളിൽ നിന്നും ഉത്ഭവിച്ചതാണ് ചെഗു എന്നാണ് കരുതപ്പെടുന്നത്. പാഷ്മിന എന്നറിയപ്പെടുന്ന രോമത്തിനു വേണ്ടിയും ഇറച്ചിക്കു വേണ്ടിയും ആണ് ഇവയെ പ്രധാനമായും വളർത്തുന്നത്. മലമ്പ്രദേശങ്ങളിൽ കാണുന്ന കുറ്റിച്ചെടികളും ഇലകളുമാണ് ഇവയുടെ മുഖ്യ ആഹാരം. അഴിച്ചു വിട്ടു വളർത്തുന്ന രീതിയാണ് ഇവിടെ അവലംബിക്കുന്നത്. തീറ്റലഭ്യത കുറയുന്ന തണുപ്പുകാലത്ത് കാർഷിക അവശിഷ്ടങ്ങളായിരിക്കും പ്രധാന ഭക്ഷണം.
ഒതുക്കമുള്ള ശരീരമുള്ള ഇനമാണ് ചെഗു. വെളുപ്പ്, കറുപ്പ്, ചാരനിറം, തവിട്ട് എന്നീ നിറങ്ങളിലും ഇവയുടെ മിശ്രണങ്ങളിലും കാണപ്പെടുന്നു. കാഴ്ചയിൽ ചാങ്ങ് താങ്ങി ഇനത്തിൽ നിന്നും വ്യത്യസ്തത വ്യത്യസ്തത അവകാശപ്പെടാനില്ലാത്ത ഒരു ഇനം കൂടിയാണ് ഇത്. കറുപ്പോ ചുവപ്പു കലർന്ന തവിട്ടോ നിറം തലയിലും കഴുത്തിലും വയറിലും കാണപ്പെടുന്നു. നീളമേറിയ രോമങ്ങളാണ് ഇവയുടേത്. ആണിനും പെണ്ണിനും കൊമ്പുകൾ കാണുന്നു. നീളമുള്ള കൊമ്പുകളാണ്. മുകളിലേക്കും പുറകിലേക്കും അകത്തേക്കുമായി വളഞ്ഞരീതിയിലാണ് കൊമ്പുകൾ. ചെറിയ കുറ്റിപോലുള്ള ചെവികളാണ് ചെഗുവിന്റേത്. ഇവയുടെ നീളംകൂടിയ രോമങ്ങൾക്കിടയിൽ രണ്ടാമത്തെ രോമനിരയായാണ് വിലയേറിയ പാഷ്മിന രോമങ്ങൾ കാണുന്നത്.