ചെംവാലൻ മത്സ്യത്തിന് 46 സെ.മീ. വലുപ്പം വരും. കവിൾക്കോണിൽ നിന്നുത്ഭവിക്കുന്നതും നാസാരന്ധത്തിന്റെ അടുത്തു നിന്നുത്ഭവിക്കുന്നതുമായ ഓരോ ജോഡി മീശരോമങ്ങളുമുണ്ട്. മുതുകു ചിറകിന്റെ അവസാന മുള്ളിന് ബലം വളരെ കുറവും, വളച്ചാൽ വളയുന്നതുമാണ്. ചെതുമ്പലുകൾക്ക് സാമാന്യം വലുപ്പമുണ്ട്. പാർശ്വരേഖ പൂർണ്ണവും 27-28 ചെതുമ്പലുകളിലൂടെ സഞ്ചരിക്കുന്നതുമാണ്. മുതുകുചിറകിന് മുമ്പിലായി 12 ചെതുമ്പലുകളുണ്ട്.
മുതുകുവശം നേരിയ പച്ച കലർന്നതാണ്. പാർശ്വങ്ങൾ വെള്ളിനിറമാണ്. ഉദരഭാഗം വെളുത്ത നിറമാണ്. മുതുകുചിറക്, കാൽച്ചിറക് എന്നിവയ്ക്ക് ഓറഞ്ച് ചുവപ്പാണുള്ളത്. ഗുദച്ചിറകിന്റെ ആദ്യത്തെ രശ്മികൾക്കും മുള്ളുകൾക്കും ചുവന്ന ഓറഞ്ച് നിറമാണ്. വാൽചിറകിന്റെ രണ്ടു ഭാഗങ്ങളുടെയും അഗ്രഭാഗം ചുവന്ന ഓറഞ്ച് നിറവും. വാലിനോട് ചേർന്നഭാഗം പ്രത്യേക നിറമൊന്നുമില്ലാത്തതുമാണ്. കച്ചിറകിന് പൂർണ്ണമായും പഴുത്ത നാരങ്ങയുടെ നിറമാണ്. മുതുകു ചിറക്, വാൽ ചിറക് എന്നിവയുടെ അഗ്രഭാഗം കരിമഷി നിറമാണ്. ഗുദച്ചിറകിന്റെ അഗത്തും ചിലപ്പോൾ കറുത്തരാശി കാണാറുണ്ട്.
1870-ൽ മാംഗ്ളൂരിൽ നിന്നാണ് ആദ്യമായി കണ്ടെത്തി ശാസ്ത്രനാമം നൽകിയത്. മലബാർ മേഖലയിലെ ജൈവ സമ്പത്തുകളെക്കുറിച്ച് വിശദമായ പഠനം നടത്തിയ, തോമസ് കാവൽഹിൽ ജെർഡൻ എന്ന പ്രതിഭാശാലിയുടെ ബഹുമാനാർത്ഥം ഇതിന് ജർഡോണി എന്ന വംശനാമം നൽകി (Day, 1870),
പശ്ചിമഘട്ടത്തിന്റെ തനതായ മത്സ്യങ്ങളിൽ ഒന്നാണിത്. കേരളത്തിൽ ചാലക്കുടി, ഭാരതപ്പുഴ, അച്ചൻകോവിൽ, ചന്ദ്രഗിരി എന്നിവിടങ്ങളിൽ ഈ മത്സ്യത്തെ കണ്ടെത്തിയിട്ടുണ്ട്. അലങ്കാര മത്സ്യമായി ഇതിനെ വളർത്തുന്നു. ഭക്ഷ്യയോഗ്യമാണ്.