ചേറൻ മത്സ്യത്തിന്റെ ശരീരം വളരെ നീണ്ടതും ആനുപാതികമായി ഉരുണ്ടതുമാണ്. വലിയ കണ്ണുകളാണ്, ശിരോഭാഗം പരന്നിരിക്കും. വായ വളരെ വലുതാണ്. വായ്ക്കകത്ത് ഒരു നിര ചെറുപല്ലുകളും അവയ്ക്ക് പിന്നിലായി കോമ്പല്ലുകളും ഉണ്ട്. മുതുചിറക്, ഗുദച്ചിറക് എന്നിവ വളരെ വിസ്താരമുള്ളതാണ്. കൈച്ചിറക്കും, കാൽച്ചിറകും ചെറുതാണ്. വാൽച്ചിറകിന്റെ തുറന്നഭാഗത്തിന്, വർത്തുളാകൃതിയാണ്. ചെതുമ്പലുകൾ റ്റീനോയ്ഡ് വിഭാഗത്തിൽ വരുന്നവയും വലുതുമാണ്. പാർശ്വരേഖയിലൂടെ 60-70 ചെതുമ്പലുകളും, മുതുകു ചിറകിന് മുമ്പിലായി 16 ചെതുമ്പലുകളും കാണാം.
നിറം ആകർഷണീയമാണ്. മുതുകു വശം കറുപ്പോ കടുംപച്ചയോ ആണ്. പാർശ്വരേഖയ്ക്ക് മുകളിലായി പച്ച നിറമാണ്. പാർശ്വങ്ങളിൽ 5-6 വലിയ കറുത്ത പാടുകൾ കാണാം. പാർശ്വരേഖയ്ക്ക് താഴെയുള്ള ഈ പാടുകളുടെ നിറം ചുവപ്പോ മഞ്ഞയോ ആയിരിക്കും. ശരീരത്തിലാകമാനം, വെളുത്ത പൊട്ടുകൾ കാണാം. മുതുകു ചിറകിലും, ഗുദച്ചിറകിലും വെളുത്ത മുത്തുകൾ വിതറിയിരിക്കുന്നതു പോലെ കാണാം. വാൽച്ചിറകിലും വെള്ള കുത്തുകൾ നിര തെറ്റി ചേർത്തു വച്ചതു പോലെ കാണാം.
കുഞ്ഞു മത്സ്യങ്ങളുടെ നിറം പ്രായപൂർത്തിയായവയിൽ നിന്നും തികച്ചും ഭിന്നമാണ്. ശരീരത്തിനാകമാനം കറുത്ത നിറമായിരിക്കും. ശരീരത്തിന്റെ മദ്ധ്യത്തിലൂടെ വെളുത്ത വര കാണാം. ഈ വരയ്ക്കു താഴെ 5-6 വലിയ കറുത്ത പാടുകൾ കാണാം. വാൽച്ചിറകിന്റെ തുടക്കത്തിൽ മുകളിലെ കോണിലായി ചുവപ്പിൽ പൊതിഞ്ഞ കറുത്ത, വൃത്താകൃതിയിലുള്ള ഒരു പൊട്ടുകാണാം.
വരാൽ ഇനത്തിൽപ്പെട്ട ഈ മത്സ്യം കേരളീയർക്ക് വളരെ പ്രിയപ്പെട്ടതാണ്. 120-125 സെ.മീ വരെ വലുപ്പം വയ്ക്കുന്ന ഇവയ്ക്ക് നല്ല വിലയുണ്ട്. കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിൽ അതീവ ജാഗ്രത പുലർത്തുന്ന ഇവയെ കുഞ്ഞുങ്ങളുമായി നടക്കുന്ന സമയത്ത് ചൂണ്ടയിലാണ് കൂടുതലായും പിടിക്കുന്നത്. റിസർവ്വോയറുകൾ, കോൾ നിലങ്ങൾ, പുഴകൾ എന്നിവിടങ്ങളാണ് പ്രധാന ആവാസ വ്യവസ്ഥ