സാധാരണയായി പശുക്കളിൽ കണ്ടുവരുന്നത് അകിടുകുരുപ്പ് (pseudo cowpox) രോഗമാണ്. ഇതിന് ഗോവസൂരിയോട് സാദ്യശ്യമുണ്ട്. വൈറസ് രോഗമായ ഇതു മുഖ്യമായും മുലക്കാമ്പുകളെയും അകിടിനെയും ബാധിക്കുന്നു. അകിടിലുള്ള ചെറിയ പോറലുകളിലൂടെയും വണങ്ങളിലൂടെയുമാണ് രോഗാണുക്കൾ
അകത്തുകടക്കുന്നത്.
കൂടാതെ രോഗം ബാധിച്ച പശുക്കളിൽ നിന്നും മറ്റു പശുക്കളിലേക്ക് കറവക്കാരൻ വഴി രോഗസംക്രമണത്തിനു സാധ്യതയുണ്ട്.
രോഗാരംഭത്തിൽ അകിടിന്റെ പല ഭാഗങ്ങളിലും ചർമം ചുവന്നു തടിക്കും. തുടർന്ന് രണ്ടുദിവസത്തിനുള്ളിൽ ചെറിയ പോറലുകൾ പ്രത്യക്ഷപ്പെടും. ഇവ പിന്നീട് പൊട്ടുകയും പൊറ്റകെട്ടുകയും രണ്ടാഴ്ചയ്ക്ക് ശേഷം അരിമ്പാറപോലുള്ള ഭാഗങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്യും. ചിലപ്പോൾ കറവക്കാരന്റെ കൈയിലും പശുക്കുട്ടിയുടെ വായ്ക്കുചുറ്റും ഇതു പകരാനിടയുണ്ട്. ഈ രോഗം മാസങ്ങളോളം നീണ്ടുനിൽക്കും.
ഇതുമൂലം പശുക്കളെ കറക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. കൂടാതെ പാലുൽപ്പാദനം
കുറയാനും അകിടുവീക്കത്തിനും സാധ്യതയേറും.
വൈറസ് രോഗമായതിനാൽ ഫലപ്രദമായ ചികിത്സയില്ല. ബാക്ടീരിയ മൂലമുള്ള പാർശ്വ അണുബാധ നിയന്ത്രിക്കുക മാത്രമേ നിർവാഹമുള്ളൂ.
നേർപ്പിച്ച പൊട്ടാസിയം പെർമാംഗനേറ്റ് ലായനിയിൽ കറവയ്ക്ക് മുമ്പും പിമ്പും അകിടു കഴുകുന്നതും രോഗം ബാധിച്ച ഭാഗത്ത് ആന്റിസെപ്റ്റിക് ഓയിന്റ് മെന്റുകൾ തടവുന്നതും രോഗം നിയന്ത്രിക്കാൻ ഉപകരിക്കും. രോഗം ബാധിച്ച പശുവിന്റെ പാൽ തിളപ്പിച്ച് ഉപയോഗിക്കാം.
രോഗം ബാധിച്ചവയെ മാറ്റിപ്പാർപ്പിക്കുന്നതും തൊഴുത്തും പരിസരവും അണുനാശിനി ലായനി തളിച്ച് കഴുകുന്നതും രോഗനിയന്ത്രണത്തിനുപകരിക്കും.