അലങ്കാരമത്സ്യ പ്രേമികൾക്ക് എല്ലാം സുപരിചിതമായ ഒരു മത്സ്യമാണ് ചെങ്കണിയാൻ. ശരീരം വളരെ നീണ്ടതും ഉരുണ്ടതുമാണ്. വായ് വളരെ ചെറുതാണ്. കവിൾക്കോണിൽ നിന്നും ഉത്ഭവിക്കുന്ന ഒരു ജോടി മീശരോമങ്ങളുണ്ട്. പാർശ്വരേഖ 28 ചെതുമ്പലുകളിലൂടെ സഞ്ചരിക്കുന്നു. മുതുകു ചിറകിന്റെ അവസാനമുള്ള് തീരെ ബലം കുറഞ്ഞതും, വളച്ചാൽ വളയുന്നതുമാണ്. മുതുകു ചിറകിന് മുമ്പിലായി 9 ചെതുമ്പലുകളുണ്ട്.
വളരെ ആകർഷകമായ നിറമാണ് ചെങ്കണിയാന്റേത്. ശരീരത്തിന്റെ മുതുകുവശം പച്ചകലർന്ന കറുപ്പാണ്. അടിഭാഗം വെള്ളനിറമാണ്. ചാർശ്വത്തിലൂടെ ചെകിള മുതൽ വാലറ്റം വരെ സഞ്ചരിക്കുന്ന ഒരു കറുത്ത വരയുണ്ട്. തീക്കനൽ നിറത്തിൽ മറ്റൊരു വര, നാസികാഗ്രത്തിൽ നിന്നും കറുത്ത വരയ്ക്കുമുകളിലൂടെ സഞ്ചരിച്ച്, മുതുകു ചിറകിന്റെ ആദ്യ പകുതിക്ക് നേരെ താഴെയായി അവസാനിക്കുന്നു.
ഗുദ ചിറക്, കൈച്ചിറക്, കാൽച്ചിറക് എന്നിവ സുതാര്യവും, പ്രത്യേക നിറങ്ങളൊന്നുമില്ലാത്തതുമാണ്. മുതുകുചിറകിന്റെ മുള്ളുകളും, ആദ്യ 3-4 രശ്മികളും, തീക്കട്ട നിറത്തിലുള്ളവയാണ്. വാൽച്ചിറകാണ് ഈ മത്സ്യത്തിന്റെ ഏറ്റവും വലിയ ആകർഷണം. വാൽച്ചിറകിന്റെ അഗ്രഭാഗം നരച്ചതാണ്. അതിന്റെ പുറകിലായി ഒന്നര ഇഞ്ച് വീതിയിൽ ചരിഞ്ഞ കറുത്ത പാടുകാണാം. ഈ പൊട്ടിൽ പുറകിലായി ചെറുനാരങ്ങാ നിറത്തിൽ ഒരു ചരിഞ്ഞ പാടുണ്ട്.
1865-ൽ ഫ്രാൻസിസ് ഡേയ്ക്ക്, എച്ച്. ബേക്കർ കോട്ടയം ജില്ലയിലെ മുണ്ടക്കയത്തു നിന്നും ശേഖരിച്ച് നൽകിയ മത്സ്യങ്ങളെ മുൻനിർത്തിയാണ് ഇതിന് ശാസ്ത്രീയനാമം നൽകിയത്. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് ഗവർണറായിരുന്ന സർ. വില്യം ഡെനിസൺ എന്ന ഗവർണറുടെ ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ പേരാണ് ഈ മത്സ്യത്തിന് ശാസ്ത്രനാമമായി നൽകിയിരിക്കുന്നത് (Day. 18651). മദ്രാസിലേക്ക് ആദ്യമായി ഗൗരാമി എന്ന മത്സ്യത്തെ കൊണ്ടുവന്ന് പ്രജനനം നടത്തിയത് ഈ ഗവർണറായിരുന്നുവത്രേ!
ഇന്ന് ഈ മത്സ്യം മുണ്ടക്കയത്ത് വളരെ അപൂർവ്വമാണ്. കേരളത്തിൽ അച്ചൻകോവിലാർ, പമ്പ, ചാലിയാർ, വളപട്ടണം, ഭാരതപ്പുഴ എന്നീ നദികളിൽ നിന്നെല്ലാം ഇവയെ കണ്ടെത്തിയിട്ടുണ്ട്. അലങ്കാരമത്സ്യ വ്യാപാരത്തിനായി ഇപ്പോഴും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ നിന്നും വൻതോതിൽ ശേഖരിക്കുന്നത്. ഇവയുടെ നിലനിൽപ്പിന് ഭീഷണിയായി തീർന്നിട്ടുണ്ട്.