ആരോഗ്യചിന്തകൾ ആദായക്കണക്കുകൾക്കു വഴിമാറിയപ്പോൾ തദ്ദേശീയ കന്നുകാലിയിനങ്ങളെ നാം കൂട്ടത്തോടെ ഉപേക്ഷിച്ചു. മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്നു കല്പിച്ച് വിദേശകാലിയിനങ്ങളെ വരിച്ചു. ഫലമോ? ആഘോഷിച്ചപോലെ പാലുത്പാദനം സങ്കരയിനങ്ങൾ തരുന്നില്ലെന്നു മാത്രമല്ല, തരുന്ന പാലാകട്ടെ ഗുണനിലവാരം കുറഞ്ഞതുമാണ്.
പശുവിൻ പാലിൽ 95%വും അടങ്ങിയിരിക്കുന്നത് പ്രോട്ടീനുകളാണ് കേസിനുകളും ജലസദൃശ പോട്ടീനുകളും. കേസിനുകളിൽ പ്രധാനം ബീറ്റാ കേസിനുകളാണ്. ജീനുകൾക്കുണ്ടാകുന്ന രൂപാന്തരങ്ങളുടെ ഫലമായി ബീറ്റാ കേസിനുകൾ തന്നെ 12 ഇനം കാണപ്പെടുന്നു. ഇതിൽ എ1 എ2 എന്നീ ബീറ്റാ കേസിനുകളാണ് പശുവിൻ പാലിൽ സർവ്വ സാധാരണമായി കണ്ടു വരുന്നത്. ടൗറിന് ഇനത്തിൽ പെട്ട വിദേശ പശുക്കളുടെ പാലിൽ എ1 പാട്ടിനാണ് കൂടുതൽ കാണുന്നത്. നാടൻ പശുക്കളിൽ എ2 ഇനമാണ് ഉണ്ടാവുക.
സാധാരണ പശുക്കളിൽ കാണുന്ന ജിനോടൈപ്പുകളാണ് എ1എ1, എ1എ2, എ2എ2 എന്നിവ. എ1എ1 ജീനോടൈപ്പിലുള്ള പശു എ1എ2 പാലും എ2എ2 നൽകുന്നത് എ2 പാലുമായിരിക്കും. എ1എ2 ജീനോടൈപ്പുള്ള പശുക്കൾ എ1എ2 മിശ്രിത പാലാണ് ചുരത്തുക. ഭാരതത്തിലെ 37 ഇനം നാടൻ പശുക്കളും നല്കുന്നത് എ 2 ഇനം പാലാണ്.
അമ്മയുടെ മുലപ്പാലിന്റെ നന്മയ്ക്കു തുല്യം നില്ക്കും ഈ നാടൻ പശുവിൻ പാൽ. ഈയൊരു കാരണം മതി നാടൻ പശുവിനെ ഗോമാതാവെന്ന് അഭിസംബോധന ചെയ്യാൻ. സ്വന്തം കുഞ്ഞുങ്ങൾക്കു ചുരത്തുന്ന പാൽ അതേ ഗുണനമേന്മയോടെ മാലോകർക്കായി ഗോക്കൾ പങ്കിടുന്നു. രോഗത്തിനു കാരണമാകുന്ന ദീപനരസങ്ങളൊന്നും നാടൻ പശുവിൻ പാലിലുണ്ടാവില്ല.
ഭാരതീയ ഗോക്കൾ ചുരത്തുന്ന പാലിന്റെ സവിശേഷഗുണങ്ങൾ നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജനറ്റിക് റിസർച്ച് സാക്ഷ്യപ്പെടു ത്തിയിട്ടുണ്ട്. 22 നാടൻ പശുവിനങ്ങളെ പഠനവിധേയമാക്കിയപ്പോൾ റെഡ് സിന്ധി, സഹിവാൾ, താർപാർക്കർ, രതി, ഗിർ എന്നീ അഞ്ച് ഇനങ്ങൾ നല്കുന്ന പാലിൽ ഗുണമേന്മയ്ക്ക് നിദാനമായ എ2 അല്ലെലെ ബീറ്റാ കേസിൻ ജീനുകൾ 100%വും മറ്റു ദേശി ഇനങ്ങളിൽ 94%വും ഉണ്ടെന്നു കണ്ടെത്തി. എന്നാൽ ജഴ്സി പോലുള്ള സങ്കരങ്ങളിൽ ഈ സുപ്രധാന ജീനിന്റെ സാന്നിധ്യം വെറും 64% മാത്രമായിരുന്നു. പാലിലെ എ2 അല്ലലെയുടെ കൂടുതൽ അളവ് സൂചിപ്പിക്കുന്നത് കൂടുതൽ ഉപയോഗപ്രദമായ ഒമേഗ 6 ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്നു എന്നാണ്.