മനുഷ്യരിലെന്നപോലെ തന്നെ വളര്‍ത്തു പക്ഷികളിലും രോഗം വന്നതിനു ശേഷം ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. രോഗപ്രതിരോധ നടപടികള്‍ക്കു പുറമേ ശാസ്ത്രീയമായ മറ്റു പരിപാലനക്രമങ്ങള്‍ കൃത്യതയോടെ പാലിക്കേണ്ടതുണ്ട്.
വേനല്‍ അവസാനിച്ച് മഴയെത്തുന്നതോടെ കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം പക്ഷികളുടെയും ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. വളര്‍ത്തു പക്ഷികളില്‍ ഉത്പാദനം കുറയുക, രോഗപ്രതിരോധശേഷി നശിക്കുക, മുട്ടയുടെ വലിപ്പം കുറയുക എന്നിവയൊക്കെ ചില ഉദാഹരണങ്ങളാണ്.
കൂട്ടത്തിലുള്ള ഒരു പക്ഷിക്ക് രോഗം ബാധിച്ചാല്‍ അതില്‍ നിന്നു മറ്റുള്ളവയിലേക്കു രോഗം പടരാന്‍ സാധ്യതയുണ്ട്. രോഗബാധിതരുടെ ഉമിനീര്‍, വിസര്‍ജ്യവസ്തുക്കള്‍ എന്നിവയിലൂടെയാണ് പ്രധാനമായും രോഗം പടരുന്നത്. മലിനമായ തീറ്റ, വെള്ളം, പാത്രങ്ങള്‍, മറ്റുപകരണങ്ങള്‍, വിരിപ്പ് എന്നിവ വഴിയും രോഗം പടരാം. അനാരോഗ്യകരമായ സാഹചര്യങ്ങള്‍, കാലാവസ്ഥ വ്യതിയാനങ്ങള്‍, തീറ്റയുടെ അഭാവം എന്നിവയെല്ലാം രോഗബാധയ്ക്കു കാരണമാണ്.
പ്രധാനപ്പെട്ട രോഗ നിയന്ത്രണ മാര്‍ഗങ്ങള്‍
വലിയ കോഴികളേയും കുഞ്ഞുങ്ങളേയും പ്രത്യേകം കൂടുകളിലായി വളര്‍ത്തണം. കുഞ്ഞുങ്ങളേയും വലിയ കോഴികളേയും ഒരാള്‍ തന്നെ പരിചരിക്കാതെ നോക്കുക. മറ്റു നിവൃത്തിയില്ലെങ്കില്‍ കോഴിക്കുഞ്ഞുങ്ങളുടെ പരിചരണശേഷം മാത്രം മുട്ടക്കോഴികളുടെ പരിചരണത്തില്‍ ഏര്‍പ്പെടുക.
അണുനാശിനികളില്‍ കൈകാലുകള്‍ വൃത്തിയാക്കിയതിനു ശേഷം മാത്രം ഒരു കൂട്ടില്‍ നിന്നും മറ്റുള്ളവയിലേക്ക് പ്രവേശിക്കുക.കോഴിക്കൂടുകള്‍, ഉപകരണങ്ങള്‍ എന്നിവയെല്ലാം വൃത്തിയായി സൂക്ഷിക്കണം. കഴിവതും കൂടകളിലേക്ക് സന്ദര്‍ശകരെ അനുവദിക്കരുത്. വേണ്ടിവന്നാല്‍ അണുനാശിനികള്‍ ഉപയോഗിച്ച് കൈയ്യും കാലും കഴുകിയതിനു ശേഷം മാത്രം പ്രവേശിപ്പിക്കുക
ചത്തുപോയ കോഴികളെ ശരിയായ വിധത്തില്‍ നശിപ്പിച്ചു കളയണം. മരണകാരണം രോഗബാധയാണെങ്കില്‍ ചത്തകോഴികളെ ചുട്ടുകരിക്കുകയോ കുമ്മായം ചേര്‍ത്ത് ആഴത്തില്‍ കുഴിച്ചിടുകയോ വേണം. രോഗലക്ഷണങ്ങളുടെ ആരംഭത്തില്‍ തന്നെ കോഴികളെ മാറ്റിപ്പാര്‍പ്പിക്കണം. രോഗബാധയുണ്ടെന്നു തീര്‍ച്ചയായാല്‍ ഉടന്‍ തന്നെ ചികിത്സ തേടണം.
കൂടുകളില്‍ എലി, ചെള്ള്, ഈച്ച തുടങ്ങിയവയെ നിയന്ത്രിക്കുകയും വിരിപ്പ് കട്ടപിടിക്കാതെ ശ്രദ്ധിക്കുകയും വേണം. വിരിപ്പ് നനഞ്ഞ് കട്ടപിടിക്കുമ്പോഴും വിരയിളക്കല്‍ കഴിഞ്ഞതിന്റെ പിറ്റേന്നും വിരിപ്പ് നന്നായി ഇളക്കി കൊടുക്കാം. സര്‍വോപരി കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
വിര ശല്യത്തില്‍ നിന്നും കോഴികളെ മുക്തമാക്കാന്‍ കാലാകാലങ്ങളില്‍ വിരയിളക്കുന്നത് നന്നായിരിക്കും. ഏഴാമത്തെ ആഴ്ചയില്‍ ആദ്യത്തെ വിരയിളക്കല്‍ നടത്തണം. പിന്നീട് രണ്ടുമാസത്തിലൊരിക്കല്‍ വിരമരുന്നു നല്‍കാം. മരുന്നുകള്‍ വെള്ളത്തില്‍ കലര്‍ത്തി നല്‍കുകയാണ് ഉത്തമം. നാലുമണിക്കൂര്‍ കൊണ്ട് കുടിച്ചുതീര്‍ക്കാവുന്ന അളവില്‍ വെള്ളത്തില്‍ മരുന്നു കലക്കി നല്‍കാം. ആല്‍ബന്റസോള്‍, പൈപ്പരാസിന്‍ എന്നീ മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വിരയിളക്കാനായി ഉപയോഗിക്കാം.
കോഴിയുടെ മേല്‍ കാണുന്ന ചെള്ള്, പേന്‍ തുടങ്ങിയ കീടങ്ങള്‍ കോഴിയുടെ രക്തം ഊറ്റികുടിക്കുകയും രോഗകാരണമാകുവുന്ന മറ്റ് അണുക്കളെ ശരീരത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. കീടാനാശിനികളില്‍ മുക്കിയോ, അവ സ്പ്രേ ചെയ്‌തോ ഇവയില്‍ നിന്നും സംരക്ഷണം തേടണം.
കാലാവസ്ഥയ്ക്കനുരൂപമായ തരത്തില്‍ പരിപാലനക്രമത്തില്‍ അപ്പപ്പോള്‍ വേണ്ട മാറ്റങ്ങള്‍ വരുത്തണം. മീന മേടച്ചൂടില്‍ വെന്തുരുകുന്ന ഇന്നത്തെ അവസ്ഥയില്‍ കൂടുകളിലേക്കെത്തുന്ന ചൂടിന്റെ അളവ് കുറയ്ക്കാനുള്ള മാര്‍ഗങ്ങള്‍ തേടണം. പഴയകാലത്തെ ഓലമേഞ്ഞ കൂടുകള്‍ ചൂടു പ്രതിരോധിച്ചിരുന്നെങ്കിലും വര്‍ഷാവര്‍ഷം ഓല മാറ്റിമേയേണ്ടതുണ്ട്.
ചൂടു പ്രതിരോധിക്കാന്‍ കൂടിനു മുകളിലായി ഓല, വൈക്കോല്‍ എന്നിവ പാകാവുന്നതാണ്. കൂടിനു മുകളില്‍ വെള്ള പൂശുന്നതും കൂടുകള്‍ക്കുളില്‍ ഫോഗര്‍ ഘടിപ്പിക്കുന്നതും കൂടിനു മുകളിലായി വെള്ളം ചീറ്റുന്ന സ്പ്രിംഗ്‌ളര്‍ ഘടിപ്പിക്കുന്നതും ചൂടുകൂറയ്ക്കാന്‍ സഹായകമാണ്.
തീറ്റ നല്‍കുമ്പോള്‍ പകല്‍ സമയത്ത് നല്‍കാതെ കാലത്തും വൈകിട്ടുമായി പകുത്തു നല്‍കാം. പോഷകാഹാര കുറവു കൊണ്ടുള്ള രോഗങ്ങള്‍ വരാതിരിക്കുന്നതിന് ശരിയായ രീതിയില്‍ പോഷകങ്ങള്‍, ജീവകങ്ങള്‍, ധാതുലവണങ്ങള്‍ എന്നിവ ചേര്‍ന്ന സമീകൃതാഹാരം ഓരോ പ്രായത്തിലും ലഭ്യമാക്കണ൦.
അതുപോലെ തന്നെ കോഴികളുടെ എണ്ണമനുസരിച്ച് ആവശ്യത്തിനു തീറ്റപ്പാത്രങ്ങളും വെള്ളപ്പാത്രങ്ങളും കൂടിനകത്തുണ്ടായിരിക്കണം. ചൂടുകാരണം കഴിക്കുന്ന തീറ്റയുടെ അളവു കുറയുന്നതിനാല്‍ വിറ്റാമിനുകള്‍, അമിനോ അമ്ലങ്ങള്‍, ധാതുലവണങ്ങള്‍ എന്നിവ തീറ്റയില്‍ അധികമായി ചേര്‍ക്കണം. കഴിക്കുന്ന തീറ്റയുടെ അളവിനേക്കാള്‍ 2-3 ഇരട്ടി വരെ ശുദ്ധമായ തണുത്ത കുടിവെള്ളം ലഭ്യമാക്കണം. ചൂടുസമയങ്ങളില്‍ മരണനിരക്ക് അഞ്ചു ശതമാനം വരെ കൂടാന്‍ സാധ്യത ഉള്ളതിനാല്‍ മേല്‍പറഞ്ഞ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധപതിപ്പിക്കണം.
രോഗപ്രതിരോധ കുത്തിവയ്പുകള്‍
രോഗപ്രതിരോധ കുത്തിവയ്പ്പുകള്‍ കൃത്യ സമയത്ത് നല്‍കുന്നതു വഴി വളരെ മാരകമായ വൈറസ് രോഗങ്ങളായ മാരക്‌സ്, കോഴിവസന്ത, കോഴിവസൂരി എന്നിവയില്‍ നിന്ന് വളര്‍ത്തുന്ന പക്ഷികളെ സംരക്ഷിക്കാം. വിജയകരമായ ചികിത്സാരീതികള്‍ ഇല്ലാത്ത ഈ രോഗങ്ങള്‍ തടയുവാനുള്ള ഏകപോംവഴിയും പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കുക എന്നതു മാത്രമാണ്.
ജൈവസുരക്ഷയും രോഗനിയന്ത്രണവും
രോഗബാധ നിയന്ത്രിക്കുന്നതിനായി ഫാമുകളില്‍ ജൈവസുരക്ഷാ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതാണ്. ഫാമുകളില്‍ സ്വീകരിക്കേണ്ട പ്രധാന സുരക്ഷാ ക്രമീകരണങ്ങള്‍ താഴെ ചേര്‍ക്കുന്നു.
* ഒരു ഫാമില്‍ ഒരു പ്രായത്തിലുള്ള പക്ഷികളെ മാത്രമേ വളര്‍ത്താവൂ. പല പ്രായമുള്ള വളര്‍ത്തുപക്ഷികള്‍ ഫാമിലുണ്ടെങ്കില്‍ രോഗപ്രതിരോധം, അണുനശീകരണം, ശുദ്ധീകരണം മുതലായവയില്‍ പോരായ്മകള്‍ വരികയും രോഗനിയന്ത്രണം ബുദ്ധിമുട്ടാക്കുകയും ചെയ്യും. പ്രായോഗികമായി ഇതു സാധ്യമല്ലെങ്കില്‍ പ്രായവ്യതിയാനം ഏറ്റവും കുറയുന്ന രീതിയില്‍ കോഴികളുടെ ഷെഡുകള്‍ ക്രമീകരിക്കുക.
* കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
ഫാമിലെ തൊഴിലാളികള്‍ അണുനാശനം നടത്തിയ ചെരുപ്പുകളും ഉടുപ്പുകളും ഉപയോഗിക്കുക.
* പുറമേ നിന്നു ഫാമിനകത്തു കടക്കുന്ന വാഹനങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ അണുനശീകരണം നടത്തുക.
* കോഴികള്‍ക്ക് ആവശ്യമായ പ്രതിരോധ കുത്തിവയ്പുകള്‍ യഥാസമയം നടത്തുക.
* സന്ദര്‍ശകര്‍, കച്ചവടക്കാര്‍, ജോലിക്കാര്‍ മുതലായവരുടെ സന്ദര്‍ശനം പരമാവധി കുറയ്ക്കുക.
വിരിപ്പിലും തീറ്റയിലും ഈര്‍പ്പം വരാതെ സൂക്ഷിക്കുക. അതുവഴി പൂപ്പല്‍ബാധ ഒഴിവാക്കാന്‍ സാധിക്കും.
* പുതിയ കുഞ്ഞുങ്ങളെ പാര്‍പ്പിക്കുന്നതിനു മുമ്പ് കൂടുകള്‍ വൃത്തിയാക്കി, അണുനശീകരണം ചെയ്യുക.
* ഉപയോഗം കഴിഞ്ഞ വിരിപ്പ്, നീക്കം ചെയ്യുന്ന പരാദങ്ങള്‍ എന്നിവയെ ഫാമിന് അകലെയായി നിര്‍മാര്‍ജനം ചെയ്യുക.
പാത്രങ്ങളും ഉപകരണങ്ങളും ദിവസവും വൃത്തിയാക്കി അണുനാശിനിയില്‍ മുക്കിയെടുക്കുക.
പുറമെ നിന്നും മറ്റു പക്ഷികള്‍, പൂച്ച, പട്ടി, എലി മുതലായവ കൂടിനകത്തോ പരിസരത്തോ വരാതെ ശ്രദ്ധിക്കുക. ഈച്ച, കൊതുക്, പുഴു എന്നിവയെ നശിപ്പിക്കാന്‍ ഇടയ്ക്കിടെ മരുന്നു തളിക്കുക.
ഫിനൈല്‍ പോലുള്ള അണുനാശിനി കലര്‍ത്തിയ വെള്ളം കുടിനുമുന്നിലുള്ള ഫുട്ട്ബാത്തില്‍ എപ്പോഴും ഉണ്ടായിരിക്കണം. അതില്‍ കാല്‍ മുക്കിയശേഷമേ സന്ദര്‍ശകരെ അകത്തു പ്രവേശിപ്പിക്കാവൂ.
ക്ലോറിന്‍, ബ്ലീച്ചിംഗ് പൗഡര്‍ എന്നിവയിലേതെങ്കിലും ഉപയോഗിച്ച് കുടിവെള്ളം ശുദ്ധീകരിച്ചശേഷം മാത്രം ഉപയോഗിക്കുക.
തീറ്റയില്‍ ഉണക്കമീന്‍ ചേര്‍ക്കുമ്പോള്‍ അതിലുള്ള അണുക്കളുടെ എണ്ണം പരിധികള്‍ക്കുള്ളിലാണോ എന്ന് ലാബില്‍ ടെസ്റ്റ് ചെയ്ത് ഉറപ്പുവരുത്തേണ്ടതാണ്.
സമീകൃതാഹാരം നല്‍കുകയും നല്ല പരിചരണമുറകള്‍ സ്വീകരിക്കുകയും ചെയ്യുകയാണെങ്കില്‍ വളര്‍ത്തു പക്ഷികള്‍ തനതായ രോഗപ്രതിരോധശേഷി കൈവരിക്കുന്നതാണ്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :