1. Livestock & Aqua

BV 380, നാടൻ കോഴി മുട്ട ഉല്പാദനം വർദ്ധിക്കാൻ പ്രായോഗിക രീതികൾ

അഞ്ച് മുതല്‍ പത്ത് വരെ കോഴികളെ വളര്‍ത്തുന്ന ചെറുകിട യൂണിറ്റുകളാണ് വീട്ടുമുറ്റത്തെ കോഴിവളര്‍ത്തലിന് അനുയോജ്യം. നാടന്‍ കോഴികളെ വളര്‍ത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് തലശ്ശേരി കോഴി, നേക്കഡ് നെക്ക്, അസീല്‍, കരിങ്കോഴി, അരിക്കോഴി, തിത്തിരിക്കോഴി തുടങ്ങിയ പ്രാദേശികമായി ലഭ്യമായ കോഴിയിനങ്ങളെ വളര്‍ത്താനായി തിരഞ്ഞെടുക്കാം. വര്‍ഷത്തില്‍ 80 മുതല്‍ 100 മുട്ടകള്‍ ഇവയില്‍ നിന്നും ലഭിക്കും. അടയിരിക്കുന്നതിനും രോഗപ്രതിരോധ ശേഷിക്കുമെല്ലാം പേരുകേട്ടവരാണ് നമ്മുടെ നാടന്‍ കോഴികള്‍. മാത്രമല്ല നാടന്‍ കോഴിയുടെ ഇറച്ചിക്കും തവിടൻ മുട്ടക്കും മികച്ച വിപണിയും ഇന്നുണ്ട്. താരതമ്യേന ഉല്‍പാദനക്ഷമത കുറഞ്ഞ നാടന്‍ കോഴികള്‍ക്ക് പകരം അടുക്കള മുറ്റങ്ങൾക്ക് അനുയോജ്യമായ ഉല്‍പ്പാദനശേഷി കൂടിയ കോഴിയിനങ്ങളും ഇന്ന് ലഭ്യമാണ്.

Arun T
hen

അഞ്ച് മുതല്‍ പത്ത് വരെ കോഴികളെ വളര്‍ത്തുന്ന ചെറുകിട യൂണിറ്റുകളാണ് വീട്ടുമുറ്റത്തെ കോഴിവളര്‍ത്തലിന് അനുയോജ്യം. നാടന്‍ കോഴികളെ വളര്‍ത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് തലശ്ശേരി കോഴി, നേക്കഡ് നെക്ക്, അസീല്‍, കരിങ്കോഴി, അരിക്കോഴി, തിത്തിരിക്കോഴി തുടങ്ങിയ പ്രാദേശികമായി ലഭ്യമായ കോഴിയിനങ്ങളെ വളര്‍ത്താനായി തിരഞ്ഞെടുക്കാം. വര്‍ഷത്തില്‍ 80 മുതല്‍ 100 മുട്ടകള്‍ ഇവയില്‍ നിന്നും ലഭിക്കും. അടയിരിക്കുന്നതിനും രോഗപ്രതിരോധ ശേഷിക്കുമെല്ലാം പേരുകേട്ടവരാണ് നമ്മുടെ നാടന്‍ കോഴികള്‍. മാത്രമല്ല നാടന്‍ കോഴിയുടെ ഇറച്ചിക്കും തവിടൻ മുട്ടക്കും മികച്ച വിപണിയും ഇന്നുണ്ട്. താരതമ്യേന ഉല്‍പാദനക്ഷമത കുറഞ്ഞ നാടന്‍ കോഴികള്‍ക്ക് പകരം അടുക്കള മുറ്റങ്ങൾക്ക് അനുയോജ്യമായ ഉല്‍പ്പാദനശേഷി കൂടിയ കോഴിയിനങ്ങളും ഇന്ന് ലഭ്യമാണ്.

തവിട്ടും, കറുപ്പും, വെളുപ്പും കലര്‍ന്ന ഗ്രാമശ്രീ, വെളുപ്പില്‍ കറുത്തപുള്ളികളുള്ള ഗ്രാമലക്ഷ്മി ( ആസ്ട്രോവൈറ്റ്) , ഗ്രാമപ്രിയ, കൈരളി, കാവേരി, കലിംഗ ബ്രൗണ്‍, ഗിരിരാജ, വനരാജ തുടങ്ങിയ കോഴി ഇനങ്ങള്‍ അടുക്കളമുറ്റങ്ങള്‍ക്കു വേണ്ടി വികസിപ്പിച്ചവയാണ്. കേരള വെറ്ററിനറി സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത ഉയർന്ന തീറ്റപരിവര്‍ത്തനശേഷി, വളര്‍ച്ചാ നിരക്ക്, നാടന്‍ കോഴികളുമായുള്ള കൂടിയ സാമ്യത തുടങ്ങിയ ഗുണങ്ങളുള്ള ഗ്രാമശ്രീ കോഴികള്‍ വീട്ടുവളപ്പിലെ കോഴി വളർത്തലിന് ഏറ്റവും അനിയോജ്യമാണ്.


കാഴ്ചയില്‍ നാടന്‍ കോഴികളുടെ വര്‍ണ്ണവൈവിധ്യത്തോട് സാമ്യമുള്ളവയാണ് ഗ്രാമശ്രീ കോഴികൾ. നാടന്‍ കോഴിയുടെ മുട്ടയോട് സാദൃശ്യമുള്ളതും, തവിട്ട് നിറത്തോട് കൂടിയതും, മഞ്ഞക്കരുവിന് കടും മഞ്ഞ നിറമുള്ളയുമായ ഗ്രാമശ്രീ മുട്ടകള്‍ക്ക് മികച്ച വിപണിയാണുള്ളത്. മാത്രമല്ല ഇറച്ചിയ്ക്കും ഉത്തമമായ ഇനമാണ് ഗ്രാമശ്രീ കോഴികള്‍.

സ്വദേശിയും വിദേശിയുമായ വിവിധ കോഴിയിനങ്ങള്‍ തമ്മില്‍ ജനിതകമിശ്രണം ചെയ്ത് ഉരിത്തിരിച്ചെടുത്ത ഈ സങ്കരയിനം കോഴിയിനങ്ങള്‍ എല്ലാം തന്നെ അഞ്ച്-അഞ്ചര മാസം പ്രായമെത്തുമ്പോള്‍ മുട്ടയിടല്‍ ആരംഭിക്കും. ഒരു വര്‍ഷം 190-220 മുട്ടകള്‍ വരെ ഇവയിൽ നിന്നും കിട്ടും. 72-74 ആഴ്ചകള്‍ (ഒന്നര വര്‍ഷം പ്രായം) നീണ്ടുനില്‍ക്കുന്ന ലാഭകരമായ മുടയുല്‍പ്പാദനകാലം കഴിഞ്ഞാല്‍ ഇവയെ ഇറച്ചിക്കായി വിപണിയില്‍ എത്തിക്കാം. അപ്പോള്‍ ഏകദേശം രണ്ട് കിലോയോളം ശരീരഭാരം കോഴികള്‍ക്കുണ്ടാവും.



രണ്ട് മാസം പ്രായമെത്തിയ ആവശ്യമായ രോഗപ്രതിരോധ കുത്തിവെയ്പുകള്‍ നല്‍കിയ മുട്ടക്കോഴി കുഞ്ഞുങ്ങളെ വളര്‍ത്താനായി വാങ്ങുന്നതാണ് അഭികാമ്യം. സർക്കാര്‍ അംഗീകൃത നഴ്സറികളില്‍ നിന്നോ, സര്‍ക്കാര്‍, സര്‍വ്വകലാശാല ഫാമുകളില്‍ നിന്നോ കോഴി കുഞ്ഞുങ്ങളെ വാങ്ങാം. വീട്ടുമുറ്റത്തും പറമ്പിലും അഴിച്ചുവിട്ട് വളര്‍ത്തുന്ന കോഴികള്‍ക്ക് വലിയ പാര്‍പ്പിടസൗകര്യങ്ങള്‍ ഒന്നും തന്നെ വേണ്ടതില്ല. രാത്രി പാര്‍പ്പിക്കുന്നതിനായി തടിയും കമ്പിവലയും ഉപയോഗിച്ച് ലളിതമായ പാര്‍പ്പിടം പണിയാം.

യഥേഷ്ടം കാറ്റും വെളിച്ചവും കടക്കുന്ന സുരക്ഷിതമായ കൂടുകൾ വേണം നിർമിക്കേണ്ടത്. ഒരു കോഴിക്ക് നിൽക്കാൻ കൂട്ടിൽ ഒരു ചതുരശ്രയടി സ്ഥല സൗകര്യം നല്‍കണം. 4 അടി നീളം 3 അടി വീതിയും 2 അടി ഉയരവും ഉള്ള ഒരു കൂട് പണിതാല്‍ 10-12 കോഴികളെ പാര്‍പ്പിക്കാം. തറനിരപ്പിൽ നിന്ന് രണ്ടടി എങ്കിലും ഉയരത്തിൽ വേണം കൂട് ക്രമീകരിക്കേണ്ടത്. ഓട്, ഓല, ഷീറ്റ് എന്നിവയിലേതെങ്കിലും കൊണ്ട് കൂടിന് മേൽക്കൂര ഒരുക്കാം. പുരയിടത്തില്‍ പൂർണമായും തുറന്ന് വിട്ട് വളര്‍ത്താന്‍ സൗകര്യമില്ലെങ്കില്‍ കൂടിന് ചുറ്റും നൈലോണ്‍/കമ്പിവല കൊണ്ടോ, മുള കൊണ്ടോ വേലികെട്ടി തിരിച്ച് അതിനുള്ളിൽ പകൽ തുറന്ന് വിട്ട് വളര്‍ത്താം. ഒരു കോഴിക്ക് പത്ത് ചതുരശ്രയടി സ്ഥലം എന്ന കണക്കില്‍ പത്ത് കോഴികൾക്ക് 100 ചതുരശ്ര അടി സ്ഥലം വേലികെട്ടിനുള്ളില്‍ നല്‍കണം.

തീറ്റപാത്രങ്ങളും വെള്ളപാത്രങ്ങളും കൂട്ടിൽ തന്നെ ക്രമീകരിക്കാം. കോഴികൾക്ക് മുട്ടയിടുന്നതിനായി ഒരടി വീതം നീളത്തിലും വീതിയിലും അരയടി ഉയരത്തിലും കാർഡ് ബോർഡു കൊണ്ടോ മരം കൊണ്ടോ ഉള്ള നെസ്റ്റ് ബോക്സ് / മുട്ടപ്പെട്ടികൾ കൂട്ടിലോ വേലി കെട്ടിനുള്ളിലോ നിർമിക്കണം. നെസ്റ്റ് ബോക്സിനുള്ളിൽ വൈക്കോലോ ഉണക്കപ്പുല്ലോ ചകിരിയോ വിരിച്ച് വിരിപ്പൊരുക്കാം. അഞ്ച് കോഴികൾക്ക് ഒന്ന് എന്ന അനുപാതത്തിൽ വേണം നെസ്റ്റ് ബോക്സുകൾ ക്രമീകരിക്കേണ്ടത്. മുട്ട പൊട്ടാതെയും അഴുക്ക് പുരളാതെയും ശേഖരിക്കാൻ മുട്ടപ്പെട്ടികൾ സഹായിക്കും.

തീരെ സ്ഥല പരിമിതിയുള്ളവര്‍ക്ക് കോഴികളെ മുറ്റത്തോ, മട്ടുപ്പാവിലെ വളര്‍ത്തുന്നതിനായി ജി.ഐ. കമ്പിയില്‍ നിര്‍മ്മിച്ച തുരുമ്പെടുക്കാത്ത മോഡേണ്‍ കൂടുകളും ഇന്നുണ്ട്. കുടിവെള്ള സൗകര്യമൊരുക്കാൻ കൂടിന് മുകളില്‍ വാട്ടര്‍ ടാങ്ക്, ഓട്ടോമാറ്റിക്ക് നിപ്പിള്‍ ഡ്രിങ്കര്‍ സംവിധാനം, ഫീഡര്‍, എഗ്ഗര്‍ ചാനല്‍, കാഷ്ടം ശേഖരിക്കാൻ ട്രേ എന്നിവയെല്ലാം ഒരു കുടക്കീഴില്‍ ഉള്‍ക്കൊള്ളുന്നവയാണ് ഈ ഹൈടെക് കൂടുകള്‍.

വിലയൊരല്പം കൂടുമെങ്കിലും ഏറ്റവും ചുരുങ്ങിയ സ്ഥലത്ത് കോഴികളെ വളര്‍ത്താം എന്നതും ദീര്‍ഘകാലം ഈട് നില്‍ക്കുമെന്നതും ഈ കൂടുകളുടെ പ്രത്യേകതയാണ്. അത്യുല്‍പ്പാദനശേഷിയുള്ള BV 380 പോലുള്ള കോഴിയിനങ്ങളാണ് ഹൈടെക് കൂടുകള്‍ക്ക് അനുയോജ്യം. പൂനയിലെ വെങ്കിടേശ്വര ഹാച്ചറി വികസിപ്പിച്ചെടുത്ത BV 380 കോഴികള്‍ വര്‍ഷത്തില്‍ 280-300 മുട്ടകൾ വരെയിടാൻ കഴിവുള്ളവയാണ്. സര്‍ക്കാര്‍ ഫാമുകളില്‍ നിന്നും, സ്വകാര്യ നഴ്സറികളില്‍ നിന്നും BV 380 കോഴികളെയും ലഭിക്കും.

ഒരു ദിവസം ഒരു കോഴിക്ക് വേണ്ടത് 100-120 ഗ്രാം വരെ തീറ്റയാണ് . വീട്ടിലെ മിച്ചാഹാരം, അടുക്കളയില്‍ നിന്നുള്ള ഭക്ഷ്യ അവശിഷ്ടങ്ങള്‍, വില കുറഞ്ഞ ധാന്യങ്ങള്‍, ധാന്യതവിട്, പിണ്ണാക്ക്, പച്ചക്കറി അവശിഷ്ടങ്ങള്‍ എന്നിവയെല്ലാം വീട്ടുവളപ്പിലെ കോഴികള്‍ക്ക് ആഹാരമായി നല്‍കാം. ഒപ്പം മുറ്റത്തും, പറമ്പിലും, ചിക്കിചികഞ്ഞ് അവര്‍ സ്വയം ആഹാരം കണ്ടെത്തുകയും ചെയ്യും. അസോള, അഗത്തിച്ചീര, ചീര,ചെമ്പരത്തിയില തുടങ്ങിയ പച്ചിലകളും, തീറ്റപ്പുല്ലും അരിഞ്ഞ് കോഴികള്‍ക്ക് നല്‍കാം.

സങ്കരയിനം കോഴികള്‍ക്ക് മുട്ടയുല്‍പ്പാദനം മെച്ചപ്പെടുത്താന്‍ മുട്ടക്കോഴികൾക്ക് പ്രത്യേകമായുള്ള ലയര്‍ തീറ്റ 30-40 ഗ്രാം വരെ ദിവസവും നല്‍കാവുന്നതാണ്. ഹൈടെക്ക് കൂടുകളില്‍ പൂർണസമയം അടച്ചിട്ട് വളര്‍ത്തുന്ന BV 380 പോലുള്ള കോഴികളുടെ അത്യുല്‍പ്പാദനക്ഷമത പൂർണമായും കൈവരിക്കണമെങ്കില്‍ ദിവസം 100-120 ഗ്രാം ലയര്‍ തീറ്റ തന്നെ നല്‍കേണ്ടിവരും. അതുകൊണ്ട് തന്നെ അഴിച്ച് വിട്ട് വളർത്തുന്ന കോഴികളെ അപേക്ഷിച്ച് കൂട്ടിനുള്ളിലിട്ട് പരിപാലിക്കുന്ന കോഴികളെ വളർത്താൻ അല്പം ചിലവേറും.

വീട്ടുമുറ്റത്ത് അഴിച്ച് വിട്ട് വളർത്തുന്ന കോഴികൾക്ക് ഓരോ രണ്ട് മാസത്തെ ഇടവേളയിലും വിരയിളക്കുന്നതിനായുള്ള മരുന്നുകൾ നൽകണം.മുട്ടയിടാന്‍ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് (15-16 ആഴ്ച പ്രായം) കോഴിവസന്തക്കെതിരായ വാക്സിന്‍ കുത്തിവെയ്പ്പായി നല്‍കുകയും വേണം.

hitech koodu

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അപ്രതീക്ഷിതമായി മുട്ട കുറയുന്നത് ഒഴിവാക്കാം.  1. സമീകൃത തീറ്റ ഊർജവും മാംസ്യവും തുലനം ചെയ്തുകൊണ്ടുള്ള തീറ്റയാണ് മുട്ട ഉൽപാദനത്തിന് ഏറ്റവും പ്രധാനം. ഉയർന്ന ഉൽപാദനമുള്ള BV 380, ലഗോൺ എന്നീ കോഴികൾക്ക് മുഴുവൻ നേര സാന്ദീകൃത തീറ്റ തന്നെ വേണം. ഒരു ദിവസം ശരാശരി 110 ഗ്രാമാണ് ഒരു മുട്ടക്കോഴിക്ക് ആവശ്യം. എന്നാൽ, തനി നാടൻ കോഴികൾ സ്വന്തമായി തീറ്റ തേടിക്കോളും. ഇടയ്ക്ക് സ്വൽപം കൈത്തീറ്റ, അരി, മീൻ വേസ്റ്റ്, കക്ക പൊടിച്ചത് എന്നിവ കൂടി  നൽകിയാൽ മതി.

സങ്കരയിനം കോഴികൾക്ക് ഇത്തരം തീറ്റയ്ക്കു പുറമെ കോഴി ഒന്നിന് 30-40 ഗ്രാം കൈത്തീറ്റ നൽകിയാൽ നല്ല ഉൽപാദനം സാധ്യമാകും. തീറ്റ, തീറ്റയിലെ ഘടകങ്ങൾ, തീറ്റയുടെ അളവ് എന്നിവ  ഇടയ്ക്കിടയ്ക്ക് മാറ്റുന്നതു നന്നല്ല. ഒരേ തീറ്റ തന്നെ ശരിയായ അളവിൽ  മുട്ടയിടുന്ന പ്രായം മുഴുവൻ നൽകാൻ ശ്രദ്ധിക്കണം.

പഴകിയ തീറ്റയിലെ പൂപ്പൽബാധ മൂലവും മുട്ട കുറയുമെന്നതിനാൽ പഴകിയ തീറ്റ നൽകരുത്.  2.  ജനുസ് മുട്ടയുൽപാദനം കോഴികളുടെ ജനുസനുസരിച്ച് വ്യത്യാസപ്പെടും. ശുദ്ധമായ നാടൻ ഇനങ്ങളായ തലശേരി,  അസീൽ, കരിങ്കോഴി എന്നിവ ഒരു വർഷം ശരാശരി 100 മുട്ട ഇടുമ്പോൾ,  നാടൻ സങ്കരയിനമായ ഗ്രാമശ്രീ പോലുള്ള കോഴികൾ 180 മുട്ടകൾ വരെ ഇടും. മുഴുവൻ സമയ സാന്ദീകൃത തീറ്റ നൽകുന്ന ലഗോൺ,  BV380 എന്നിവ വർഷത്തിൽ 300ൽപ്പരം മുട്ടകളിടുന്നവയാണ്.   3. സമ്മർദ്ദം (Stress) ബഹളം,  ഉയർന്ന ചൂട് എന്നിവ മൂലമുണ്ടാകുന്ന സമ്മർദ്ദം പെട്ടെന്നു മുട്ട കുറയാൻ കാരണമാകാറുണ്ട്.  കൂടാതെ കൂടുകളിൽ അനാവശ്യമായി ആളുകൾ കയറി ഇറങ്ങുന്നതും, ബഹളം കൂട്ടുന്നതും ഒഴിവാക്കണം. വേനൽക്കാല പരിചരണങ്ങളിൽ പ്രത്യേക  ശ്രദ്ധ പതിപ്പിക്കുന്നത് മുട്ട കുറയാതിരിക്കാൻ സഹായകമാകും.  4. പ്രായം ഉയർന്ന ഉൽപാദനക്ഷമതയുള്ള ജനുസുകളിൽ ആദായകരമായ മുട്ടയുൽപാദനം മുട്ടയിട്ടു തുടങ്ങി ഒരു വർഷം വരെയാണ്. അതിനു ശേഷം ആ കോഴികളെ ഇറച്ചിക്കായി ഉപയോഗിക്കുന്നതാണ് അഭികാമ്യം. 

എന്നാൽ, തീറ്റയ്ക്ക് വലിയ മുതൽ മുടക്കില്ലാത്ത നാടൻ, സങ്കരയിനം എന്നിവയെ രണ്ടു വർഷം വരെ വളർത്താം. 5. അസുഖങ്ങൾ കോഴികളിൽ കാണുന്ന ഏതൊരു അസുഖത്തിന്റെയും പ്രാരംഭ ലക്ഷണം തീറ്റ എടുക്കാതെ തൂങ്ങി നിൽക്കലാണ്. അത്തരം കോഴികളെ ഉടനടി മാറ്റി ആവശ്യമായ ചികിത്സ നൽകുന്നത് മുട്ടയുൽപാദനം കുറയാതിരിക്കാനും മരണം സംഭവിക്കാതിരിക്കാനും സഹായകമാണ്. 6. മാതൃഗുണം ഉയർന്ന മാതൃഗുണം കാണിക്കുന്ന, അടയിരിക്കുന്ന നാടൻ കോഴികൾക്ക് മുട്ട ഉൽപാദനം കുറവായിരിക്കും. എന്നാൽ, മാതൃഗുണം തീരെ  കാണിക്കാത്ത സങ്കരയിനം, ലഗോൺ എന്നീ കോഴികൾക്ക് ഉൽപാദനക്കൂടുതൽ ഉണ്ടാകും. പ്രളയത്തിൽ നഷ്ടം 35 ലക്ഷം, പിന്നെ 5 ലക്ഷം; പക്ഷേ, മുജീബിന്റെ കരുത്ത് മുയലുകൾ തന്നെ 7. മൗൾട്ടിങ് കുറച്ചു കാലം മുട്ടകളിട്ട ശേഷം കോഴികൾ തൂവൽ പൊഴിച്ച് വിശ്രമിക്കുന്ന കാലയളവാണ് മൗൾട്ടിങ്. നാടൻ കോഴികൾക്ക് പെട്ടെന്നു മൗൾട്ടിങ് സംഭവിക്കും. എന്നാൽ,  ഉൽപാദനശേഷി കൂടിയവ ഒരു വർഷം വരെ മുട്ടയിട്ട ശേഷമാണ് തൂവൽ പൊഴിക്കുന്നത്. ഈ കാലയളവിൽ ഉൽപാദനമുണ്ടാകില്ല എന്നതിനാൽ കോഴികൾക്ക് മൗൾട്ടിങ് തുടങ്ങിയതിനാലാണോ മുട്ട ഇടൽ നിർത്തിയതെന്നു ശ്രദ്ധിക്കണം. 8. വെളിച്ചം നല്ല രീതിയിൽ മുട്ട ഉൽപാദിപ്പിക്കാൻ ഒരു ദിവസം ശരാശരി 16 മണിക്കൂർ വരെ വെളിച്ചം ആവശ്യമാണ്. ഫാം നടത്തുന്നവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മുട്ട ഉൽപാദനത്തിന് സഹായിക്കുന്ന ശരീരത്തിലെ  ഹോർമോണുകൾ പിറ്റ്യൂറ്ററി ഗ്രന്ധികളിൽനിന്നു ലഭ്യമാകാൻ 16 മണിക്കൂർ വെളിച്ചം ആവശ്യമാണ്. മഴക്കാലത്തൊക്കെ മുട്ട കുറയാൻ ഇതൊരു കാരണമാകുമെന്നതിനാൽ ഫാം നടത്തുന്നവർ അതിരാവിലെയും വൈകിട്ടും കുറച്ചു നേരം ബൾബുകൾ ഓൺ ആക്കി ഇടുന്നത് മുട്ട കൂടാൻ സഹായിക്കും.  9. ദുശീലങ്ങൾ മുട്ട ഒളിപ്പിക്കൽ, മുട്ട കൊത്തിക്കുടിക്കൽ എന്നീ ദുശീലങ്ങൾ കാട്ടുന്ന കോഴികളെ പ്രത്യേകം ശ്രദ്ധിക്കണം. ചില കോഴികൾ പറമ്പിലും, അപ്പുറത്തെ വീടുകളിലുമൊക്കെ പോയി മുട്ടയിടുന്നതായി കാണാം. ഇത് പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ കോഴി മുട്ടയിടാത്തതാണെന്നേ നാം കരുതൂ. കൂടുകളിൽ സൗകര്യപ്രദമായി മുട്ടയിടാൻ ഒരു നെസ്റ്റ് ബോക്സ്‌ സെറ്റ് ചെയ്യുന്നതും, മുട്ട കൊത്തി പൊട്ടിക്കാതിരിക്കാൻ ചുണ്ടിന്റെ അഗ്രഭാഗം മുറിച്ച് കൊടുക്കുന്നതുമൊക്കെ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

English Summary: BV 380 hen high quality chick breed increase egg production

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds