അക്വാകൾചർ സംരംഭകർക്കായി സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിട്ടി തയാറാക്കിയ ഇ- സാന്റാ e-Santa (esanta.gov.in) എന്ന ഇലക്ട്രോണിക് വ്യാപാരസംവിധാനം ശ്രദ്ധേയമാണ്. ഇടനിലക്കാരെ ഒഴിവാക്കി മത്സ്യകർഷകർക്കും കയറ്റുമതിക്കാർക്കും നേരിട്ട് ഇടപാടുകൾ നടത്താൻ ഇത് അവസരമൊരുക്കുന്നു.
റജിസ്ട്രർ ചെയ്ത മത്സ്യക്കർഷകർക്ക് ഓരോ സീസണിലും പ്രതീക്ഷിക്കുന്ന ഉൽപാദനം, വിളവെടുപ്പ് എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ ഈ പോർടലിൽ പ്രസിദ്ധികരിക്കാം. രാജ്യമെമ്പാടുമുള്ള വ്യാപാരികൾക്കും കയറ്റുമതിക്കാർക്കും വിവരങ്ങൾ ലഭ്യമാകും.ഉൽപന്നങ്ങൾക്ക് പരമാവധി ഡിമാൻഡും വിലയും നേടാൻ ഇതു കൃഷിക്കാരെ സഹായിക്കും.
കൂടുതൽ വില വാഗ്ദാനം ചെയ്യുന്നവരുമായി ധാരണയിലെത്താം. മുൻകൂട്ടി നിശ്ചയിച്ചതിനുസരിച്ച് ധാരണയിലെത്തിയ വ്യാപാരിയുടെ കൂടി സാന്നിധ്യത്തിൽ വിളവെടുപ്പ് നടത്തുകയും അളവിന്റെയും നിലവാരത്തിന്റെയും അടിസ്ഥാനത്തിൽ വില നിശ്ചയിച്ച് ഡെലിവറി ചെലാൻ തയാറാക്കുകയും ചെയ്യുന്നു. തുടർന്ന് ഉൽപന്നം സംസ്കരണശാലയിലെത്തുന്നതോടെ മുഴുവൻ തുകയും അക്കൗണ്ടിലെത്തുന്ന വിധത്തിലാണ് ഇതിന്റെ സംവിധാനം.
കർഷകർക്ക് കൂടുതൽ വിശാലമായ വിപണി തുറന്നു കിട്ടുന്നതിനും ഇടനിലക്കാരില്ലാതെ സുതാര്യമായി വിലനിർണയം നടത്തുന്നതിനും ഈ പോർടൽ ഏറെ ഉപകരിക്കുന്നു. ഉറവിടം കണ്ടെത്താൻ കഴിയുമെന്നതിനാൽ രാജ്യാന്തര വിപണിയിൽ നിലവാരമുള്ള ഉൽപന്നങ്ങൾ ഉറപ്പാക്കുന്നതിനും ഇത് പ്രയോജനപ്രദമാണ്.