കൊച്ചി - പ്രകൃതി ക്ഷോഭം മൂലം അടിക്കടി ദുരിതത്തിലാകുന്ന എറണാകുളം ജില്ലയിലെ ചെല്ലാനം തീരദേശ ഗ്രാമത്തെ ദത്തെടുക്കാൻ കേരള ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാലക്ക് (കുഫോസ്) ഫിഷറീസ് മന്ത്രി സജി ചെറിയാൻ നിർദ്ദേശം നൽകി.
ഫിഷറീസ് മന്ത്രി സ്ഥാനമേററുടുത്തശേഷം ആദ്യമായി സർവ്വകലാശാലയിൽ എത്തിയ സജി ചെറിയാൻ കുഫോസിലെ അധ്യാപകരുടെയും ഗവേഷകരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു.
കുഫോസ് പ്രൊ ചാൻസലർ കൂടിയാണ് സംസ്ഥാന ഫിഷറീസ് മന്ത്രി. ചെല്ലാനത്തെ പ്രകൃതി ക്ഷോഭത്തിനും ജനങ്ങളുടെ ദുരിതത്തിനും ശ്വാശതമായ പരിഹാരം കാണാനായി ബഹൃത്തായ പദ്ധതി സംസ്ഥാന സർക്കാർ കുഫോസ് വഴി ആവിഷ്കരിച്ച് നടപ്പിലാക്കും. ഇതിന് വേണ്ട പ്രാഥമിക പഠന റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി കുഫോസ് അധികൃതർക്ക് നിർദ്ദേശം നൽകി.ലോകത്തിലെ ഏറ്റവും മികച്ച ഫിഷറീസ് വിജ്ഞാന കേന്ദ്രമായി കുഫോസിനെ ഉയർത്തുമെന്നും ഫിഷറീസ് മന്ത്രി പറഞ്ഞു.ഇതിനായി കുഫോസിലെ കോഴ്സുകളുടെ നിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുകയും ഫിഷറീസ് സയൻസിലും സമുദ്രശാസ്ത്ര പഠനത്തിലും രാജ്യാന്ത്ര തലത്തിൽ പ്രാധാന്യമുള്ള കോഴ്സുകൾ പുതിയതായി ആരംഭിക്കുകയും ചെയ്യും.
വികസിത രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനോടൊപ്പം വികസ്വര രാജ്യങ്ങൾക്ക് മികച്ച ഫിഷറീസ് വിദഗ്ദരെ സംഭാവന ചെയ്യുന്ന കേന്ദ്രമായി കുഫോസിനെ മാറ്റിയെടുക്കും.
കുഫോസിലെ പഠന വിഷയങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് സർവ്വകലശാലയുടെ പ്രാദേശിക കേന്ദ്രങ്ങൾ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ ആരംഭിക്കുമെന്നും ഫിഷറീസ് മന്ത്രി പറഞ്ഞു.