ബാക്കിഡേ കുടുംബത്തിൽ വരുന്ന മത്സ്യങ്ങൾ എല്ലാം തന്നെ മലിഞ്ഞീനിന്റേതു പോലെയുള്ള ശരീരത്തോടു കൂടിയവയാണ്. ഈ കുടുംബത്തിലെ മത്സ്യങ്ങൾക്കെല്ലാം തന്നെ ചെകിള അടിവശത്തായിരിക്കും. ചെകിള അർദ്ധചന്ദ്രാകൃതിയിലാണ് സാധാരണ കാണുന്നത്. ജലാശയത്തിന്റെ അടിത്തട്ടിലെ ആവാസവ്യവസ്ഥയിലാണ് ഇവയെ സാധാരണ കാണുന്നത്.
സ്വർണ്ണതൊണ്ടിയുടെ ശരീരം വളരെ നീണ്ട് ഉരുണ്ടതും പാമ്പിനു സമാനവുമാണ്. ശിരസ് അൽപ്പം നീണ്ടതാണ്. ശിരസ്സിന്റെ അഗ്രഭാഗം ചതുരാകൃതിയിലാണ്. ശരീരത്തിൽ ചെതുമ്പലുകളില്ല. സ്വർണ്ണതൊണ്ടിയുടെ ചെകിളയുടെ ആകൃതി ഇലയുടെ അഗ്രഭാഗം പോലെ കൂർത്തതോ അല്ലെങ്കിൽ ത്രികോണാകൃതിയിലോ ആണ്. വാലറ്റം കൂർത്തതാണ്.
മുതുകു ചിറക്, ഗുദച്ചിറക് എന്നിവ രണ്ടും പേരിന് (അൽപം) മാത്രമേ കാണുന്നുള്ളൂ. ഈ രണ്ടു ചിറകും വാലിന്റെ അഗ്രഭാഗത്ത് യോജിക്കുന്നു. കണ്ണുകളില്ല. പാർശ്വരേഖ പൂർണ്ണമാണ്.
വളരെ ആകർഷകമായ നിറമാണ് സ്വർണ്ണതൊണ്ടിയുടെത്. ശരീരത്തിന് തീക്കനൽ നിറമാണ്. മാത്രവുമല്ല ശരീരം സുതാര്യവുമാണ്. ശരീരത്തിനകത്തെ രക്തധമനികളും, കശേരുക്കളും കാണുവാൻ സാധ്യമായ വിധം സുതാര്യമാണ്.
കോഴിക്കോട് ജില്ലയിലെ കുതിരവട്ടം എന്ന സ്ഥലത്തുള്ള ഒരു വീട്ടിലെ കിണറിൽ നിന്നുമാണ് ഈ മത്സ്യത്തെ ആദ്യമായി കണ്ടെത്തിയത്.