മനുഷ്യകേന്ദ്രീകൃതമായ കാഴ്ചപ്പാടിൽ നിന്ന് മാറി മൃഗങ്ങളുടെ സൗഖ്യം ഉറപ്പാക്കാൻ ബ്രാംബെൽ ശാസ്ത്രജ്ഞന്റെ അഞ്ചു സ്വാതന്ത്ര്യങ്ങൾ എന്ന ആശയം ഒരു എന്ന പരിധിവരെ സഹായിക്കും.
അതായത് ജീവികളെ വളർത്തുമ്പോൾ ഈ അഞ്ചു സ്വാതന്ത്ര്യങ്ങൾ ഉറപ്പാക്കണം.
1. വിശപ്പിൽ നിന്നും ദാഹത്തിൽ നിന്നുമുള്ള മോചനം
2. ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തത മൂലമുള്ള അസ്വസ്ഥതകളിൽ നിന്നുള്ള മോചനം
3. വേദന, മുറിവ്, രോഗങ്ങൾ എന്നിവയിൽ നിന്നുള്ള മോചനം
4. സ്വാഭാവിക ചോദനകളെ അടിസ്ഥാനമാക്കിയുള്ള സ്വഭാവങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം
5. ഭയത്തിൽ നിന്നും മനോസംഘർഷങ്ങളിൽ നിന്നുമുള്ള മോചനം
ഭാവിയിലെ മൃഗസംരക്ഷണം, ഉത്പാദനക്ഷമത ഉറപ്പാക്കുന്നതോടൊപ്പം കാലാവസ്ഥാവ്യതിയാന വെല്ലുവിളികളെ അതിജീവിക്കുകയും ജീവികളുടെ ഈ അവകാശങ്ങൾ സംരക്ഷിക്കുകയും വേണം.
എല്ലാ പ്രധാന വശങ്ങളും പരിഗണിച്ചു വേണം ഒരു ഫാം നിർമ്മിച്ചെടുക്കാൻ. പശുക്കൾക്ക് ഏറ്റവും സമാധാനത്തോടു കൂടി നിൽക്കാനും,ഭക്ഷണം കഴിക്കാനും, പുല്ലു യഥേഷ്ടം ലഭ്യമാക്കാനും കഴിയാവുന്ന ഒരു അന്തരീക്ഷം സംജാതമാക്കുന്നതോടൊപ്പം കാലാവസ്ഥയുടെ വിവിധ പ്രശ്നങ്ങൾ പ്രത്യേകിച്ച് താപസമ്മർദ്ദം, വിവിധ രോഗങ്ങൾ എന്നിവ തടയാനുള്ള ക്രമീകരണങ്ങളും ഫാമിൽ ആവശ്യമാണ്. അതു കൊണ്ട് ഒരു ഫാമിന്റെ രൂപ കൽപനയിലെ ഏറ്റവും പ്രധാനപ്പെട്ട പരിഗണനാവിഷയങ്ങൾ എന്തെല്ലാം എന്ന് ചോദിച്ചാൽ പ്രാഥമികമായി നാം അഞ്ചു കാര്യങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്.